| Tuesday, 9th May 2023, 7:31 pm

ഫെമിനിസം എന്താണെന്ന് എനിക്കറിയില്ലായിരുന്നു, അവരാണ് അതിനെ പറ്റി ഒരു ധാരണ തന്നത്: ജൂഡ് ആന്തണി ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തനിക്ക് ഫെമിനിസം എന്താണെന്നറിയില്ലായിരുന്നുവെന്നും ധന്യ വർമ്മയാണ് അതിനെപ്പറ്റി ഒരു ധാരണയുണ്ടാക്കിക്കൊടുത്തതെന്നും സംവിധായകൻ ജൂഡ് ആന്തണി.
ബിഹൈൻഡ് വുഡ്‌സ് കോൾഡിന് നൽകിയ അഭിമുഖത്തിലാണ് ജൂഡ് ഇതിനെപ്പറ്റി വിശദീകരിച്ചത്. മാത്തുക്കുട്ടി, ടിനു പാപ്പച്ചൻ എന്നിവരും അഭിമുഖത്തിൽ പങ്കെടുത്തു.

ഡബ്ല്യൂ. സി. സി യും ഫെമിനിസ്റ്റുകളും പറയുന്നത് ഒന്നാണെന്നും സ്ത്രീകളെയും പുരുഷൻമാരെയും ഒന്നായി കാണണമെന്നും അദ്ദേഹം പറഞ്ഞു.

‘ഡബ്ല്യൂ. സി. സി യും ഫെമിനിസ്റ്റുകളും പറയുന്നത് ഒന്നാണ്. സ്ത്രീകളെയും പുരുഷൻമാരെയും ഒന്നായി കാണണം. എന്റെ ജീവിതത്തിൽ പുരുഷൻ ആയത് കൊണ്ട് കുറച്ച് ബഹുമാനം കൂടുതൽ കൊടുക്കാമെന്നോ സ്ത്രീ ആയതുകൊണ്ട് ബഹുമാനം കൂടുതൽ കൊടുക്കാമെന്നോ ഞാൻ ചിന്തിക്കാറില്ല. ഞാൻ അവരെ ഒരു വ്യക്തിയായിട്ടാണ് കാണുന്നത്.

എന്റടുത്ത് എടാ എന്നുവിളിച്ചാൽ ഞാൻ പൊടി എന്ന് തിരിച്ചുവിളിക്കും. ബ്രോ എന്നുവിളിച്ചാൽ ഓക്കേ സിസ്റ്റർ എന്ന് പറയും. ശെരിക്കും അവിടെയാണ് ഇക്വാളിറ്റി. അല്ലാതെ കൂടുതൽ ബഹുമാനിക്കണമെന്നും പുരുഷൻ ആയതുകൊണ്ട് എന്തും ചെയ്യാം എന്നൊന്നുമില്ല.

എന്റെ സിനിമകൾ സ്ത്രീ പക്ഷ സിനിമകൾ അല്ല. അതിൽ സ്ത്രീകൾ ഉണ്ട്. ഏറ്റെടുത്ത കഥ പറയുമ്പോൾ കഥ നല്ലതാണോ എന്നുമാത്രമേ ഞാൻ ചിന്തിക്കാറുള്ളൂ. ഞാൻ ചെയ്ത മൂന്ന് ചിത്രങ്ങളിലും കഥാപാത്രങ്ങൾ സ്ത്രീകളാണ്. അല്ലാതെ സ്ത്രീ പക്ഷ സിനിമകൾ ചെയ്ത് ഫെമിനിസ്റ്റെന്ന് പേരെടുക്കണമെന്നൊന്നുമില്ല. ഞാൻ ചെയ്യുന്ന സിനിമകളിൽ അതുണ്ട്.

എന്റെ സിനിമയിൽ ഒരിക്കൽ ധന്യ വർമ അഭിനയിച്ചിട്ടുണ്ട്. ഞാൻ അവരെ ബ്രോ എന്നാണ് വിളിച്ചുകൊണ്ടിരുന്നത്. ഒരിക്കൽ അവർ പറഞ്ഞു നിങ്ങളാണ് യഥാർഥ ഫെമിനിസ്റ്റ്. കാരണം നിങ്ങൾ എന്നെ ഒരിക്കലും കുറച്ചുകണ്ടിട്ടില്ല. അവരാണ് എനിക്ക് അതിനെപ്പറ്റി ഒരു ധാരണ തന്നത്. എനിക്കറിയില്ലായിരുന്നു ഫെമിനിസം എന്താണെന്ന്.

എന്റെ വീട്ടിൽ പെങ്ങൾക്കാണ് കൂടുതൽ സ്ഥാനം, എല്ലാ വീടുകളിലും അങ്ങനെയായിരിക്കാം. ഭാര്യമാരെ തല്ലുന്ന ഭർത്താക്കൻമാരെ ഞാൻ കണ്ടിട്ടില്ല. എങ്ങനെയുണ്ടാകും. അങ്ങനെയുള്ളവർ മാറേണ്ടതുണ്ട്,’ ജൂഡ് പറഞ്ഞു.

2018 ലെ പ്രളയത്തെ ആധാരമാക്കി ചിത്രീകരിച്ച 2018 എന്ന ചിത്രമാണ് ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നത്. ചിത്രത്തിൽ ആസിഫ് അലി, ടൊവിനോ തോമസ്, തൻവി റാം, വിനീത് ശ്രീനിവാസൻ, അജു വർഗീസ് എന്നിവർ പ്രധാന വേഷം ചെയ്യുന്നു.

Content Highlights: Jude Anthany Joseph on feminism

We use cookies to give you the best possible experience. Learn more