തനിക്ക് ഫെമിനിസം എന്താണെന്നറിയില്ലായിരുന്നുവെന്നും ധന്യ വർമ്മയാണ് അതിനെപ്പറ്റി ഒരു ധാരണയുണ്ടാക്കിക്കൊടുത്തതെന്നും സംവിധായകൻ ജൂഡ് ആന്തണി.
ബിഹൈൻഡ് വുഡ്‌സ് കോൾഡിന് നൽകിയ അഭിമുഖത്തിലാണ് ജൂഡ് ഇതിനെപ്പറ്റി വിശദീകരിച്ചത്. മാത്തുക്കുട്ടി, ടിനു പാപ്പച്ചൻ എന്നിവരും അഭിമുഖത്തിൽ പങ്കെടുത്തു.
ഡബ്ല്യൂ. സി. സി യും ഫെമിനിസ്റ്റുകളും പറയുന്നത് ഒന്നാണെന്നും സ്ത്രീകളെയും പുരുഷൻമാരെയും ഒന്നായി കാണണമെന്നും അദ്ദേഹം പറഞ്ഞു.
‘ഡബ്ല്യൂ. സി. സി യും ഫെമിനിസ്റ്റുകളും പറയുന്നത് ഒന്നാണ്. സ്ത്രീകളെയും പുരുഷൻമാരെയും ഒന്നായി കാണണം. എന്റെ ജീവിതത്തിൽ പുരുഷൻ ആയത് കൊണ്ട് കുറച്ച് ബഹുമാനം കൂടുതൽ കൊടുക്കാമെന്നോ സ്ത്രീ ആയതുകൊണ്ട് ബഹുമാനം കൂടുതൽ കൊടുക്കാമെന്നോ ഞാൻ ചിന്തിക്കാറില്ല. ഞാൻ അവരെ ഒരു വ്യക്തിയായിട്ടാണ് കാണുന്നത്.
എന്റടുത്ത് എടാ എന്നുവിളിച്ചാൽ ഞാൻ പൊടി എന്ന് തിരിച്ചുവിളിക്കും. ബ്രോ എന്നുവിളിച്ചാൽ ഓക്കേ സിസ്റ്റർ എന്ന് പറയും. ശെരിക്കും അവിടെയാണ് ഇക്വാളിറ്റി. അല്ലാതെ കൂടുതൽ ബഹുമാനിക്കണമെന്നും പുരുഷൻ ആയതുകൊണ്ട് എന്തും ചെയ്യാം എന്നൊന്നുമില്ല.
എന്റെ സിനിമകൾ സ്ത്രീ പക്ഷ സിനിമകൾ അല്ല. അതിൽ സ്ത്രീകൾ ഉണ്ട്. ഏറ്റെടുത്ത കഥ പറയുമ്പോൾ കഥ നല്ലതാണോ എന്നുമാത്രമേ ഞാൻ ചിന്തിക്കാറുള്ളൂ. ഞാൻ ചെയ്ത മൂന്ന് ചിത്രങ്ങളിലും കഥാപാത്രങ്ങൾ സ്ത്രീകളാണ്. അല്ലാതെ സ്ത്രീ പക്ഷ സിനിമകൾ ചെയ്ത് ഫെമിനിസ്റ്റെന്ന് പേരെടുക്കണമെന്നൊന്നുമില്ല. ഞാൻ ചെയ്യുന്ന സിനിമകളിൽ അതുണ്ട്.