| Wednesday, 29th June 2022, 8:01 pm

പൊലീസുകാരനോ ചായക്കടക്കാരനോ; ഇലവീഴാപൂഞ്ചിറയിലെ ജൂഡ് ആന്തണിയുടെ ക്യാരക്റ്റര്‍ ലുക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് സൗബിന്‍ ഷാഹിര്‍ നായകനാവുന്ന ഇലവീഴാപൂഞ്ചിറ. ഇലവീഴാപൂഞ്ചിറ എന്ന ഒറ്റപ്പെട്ട സ്ഥലത്തെ പൊലീസ് സ്റ്റേഷനെ ചുറ്റിപറ്റിയുള്ള കഥയാണ് ചിത്രം പറയുന്നത്.

ചിത്രത്തിലെ ജൂഡ് ആന്തണി ജോസഫിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണിപ്പോള്‍. മുണ്ടും തലയിലൊരു കെട്ടുമായി പഴയ മലയാളം ചിത്രങ്ങളിലെ ചായക്കടക്കാരന്റെ ലുക്കിലാണ് ജൂഡ് ആന്തണി പോസ്റ്ററിലുള്ളത്. എന്നാല്‍ പൊലീസ് സ്റ്റേഷന്റെ പശ്ചത്തലത്തില്‍ നടക്കുന്ന കഥയായതിനാല്‍ പൊലീസുകാരനായിട്ടാണോ ജൂഡ് എത്തുന്നതെന്നും പ്രേക്ഷകര്‍ ചോദിക്കുന്നു.

ത്രില്ലര്‍ സ്വഭാവമുള്ള പൊലീസ് സ്റ്റോറിയാണ് ഇലവീഴാപൂഞ്ചിറ. നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ട്രെയ്‌ലറും ഫസ്റ്റ് ലുക്ക് പോസ്റ്ററുമെല്ലാം ശ്രദ്ധ നേടിയിരുന്നു. സൗബിന്‍ ഷാഹിറിന്റെ പ്രകടനം തന്നെയാണ് ട്രെയ്‌ലറിന്റെ നട്ടെല്ല്. സൗബിന്റെ മികച്ച പ്രകടനങ്ങളുടെ പട്ടികയില്‍ ഈ ചിത്രം ഉണ്ടാവും എന്നും ട്രെയ്‌ലര്‍ പ്രതീക്ഷ നല്‍കുന്നു.

May be an image of 1 person, beard and text

ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്ത് ഷാഹി കബീറിന്റെ സംവിധാന അരങ്ങേറ്റമാണ് ഇലവീഴാപൂഞ്ചിറ. സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തിലധികം അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഒറ്റപ്പെട്ട പ്രദേശമായ ഇലവീഴാപൂഞ്ചിറ എന്ന വിനോദസഞ്ചാര മേഖലയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. കാഴ്ചകള്‍ക്കൊപ്പം തന്നെ ശബ്ദത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ഇലവീഴാപൂഞ്ചിറ.

May be an image of 1 person, beard and text

കപ്പേളയ്ക്ക് ശേഷം കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണു നിര്‍മിക്കുന്ന ചിത്രമാണിത്. നിധീഷിന്റെ കഥയ്ക്ക് നിധീഷും ഷാജി മാറാടും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Content Highlight: jude anthany joseph character look from ilaveezhapoonjira movie

We use cookies to give you the best possible experience. Learn more