പത്ത് ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയതിന് ശേഷം നടന്‍ ആന്റണി വര്‍ഗീസ് പെപ്പെ ഷൂട്ട് തുടങ്ങാനിരുന്ന ചിത്രത്തില്‍ നിന്നും പിന്മാറിയെന്ന് ജൂഡ് ആന്തണി ജോസഫ്. കഞ്ചാവും ലഹരിയുമൊക്കെ വേറെ വിഷയമാണെന്നും നല്ല സ്വഭാവവും മനുഷ്യത്വവുമാണ് ആദ്യം വേണ്ടതെന്നും ജൂഡ് പറഞ്ഞു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ജൂഡിന്റെ വെളിപ്പെടുത്തല്‍.
‘കഞ്ചാവടിച്ചു, ലഹരി മരുന്നിന് അടിമയാണ് എന്നൊക്കെയാണ് ഭാസിക്കും ഷെയ്ന്‍ നിഗത്തിനുമെതിരെ വരുന്ന ഏറ്റവും വലിയ കുറ്റം. ഇതൊന്നുമില്ലാതെ സാധാരണ മനുഷ്യനായി നടക്കുന്ന പെപ്പെ എന്ന് പറഞ്ഞ ഒരുത്തനുണ്ട്. അയാള്‍ ഭയങ്കര നല്ലവനാണ് എന്ന് വിചാരിച്ച് ഇരിക്കുകയാണ് എല്ലാവരും. ഞാന്‍ പ്രൊഡ്യൂസ് ചെയ്യാനിരുന്ന ഒരു സിനിമ ഉണ്ട്. എന്റെ കയ്യില്‍ കാശ് ഉണ്ടായിട്ടല്ല.
എന്റെ പടം ചെയ്യാന്‍ വന്ന അരവിന്ദ് എന്ന പ്രൊഡ്യൂസറിന്റെ കയ്യില്‍ നിന്നും അഡ്വാന്‍സ് വാങ്ങിച്ച് അവന്റെ പെങ്ങളുടെ കല്യാണം നടത്തി. അതിന് ശേഷം ഷൂട്ടിന് 18 ദിവസം മുമ്പേ പിന്മാറിയവനാണ് അവന്‍. എന്റെ അസോസിയേറ്റാണ് ആ സിനിമ ചെയ്തത്. അവന് ചീത്തപ്പേര് വരണ്ട എന്ന് വിചാരിച്ച് ഞാന്‍ മിണ്ടാതിരിക്കുകയായിരുന്നു. കഞ്ചാവും ലഹരിയുമൊന്നുമല്ല വിഷയം, മനുഷ്യത്വമാണ്.
ആന്റണി പെപ്പെ എന്ന് പറയുന്നത് സാധാരണക്കാരനാണ്. എന്റെ വീടിനടുത്തുള്ള അങ്കമാലിയിലുള്ള ഒരുത്തനാണ്. അവന്‍ കാണിച്ച വൃത്തികേടൊന്നും ഞാന്‍ ഇത് വരെ പറഞ്ഞിട്ടില്ല. ലഹരിയും കഞ്ചാവുമൊക്കെ വേറെയാണ്. നല്ല സ്വഭാവമാണ് ഏറ്റവും ആദ്യം വേണ്ടത്. മനുഷ്യത്വം വേണം. ആ പ്രൊഡ്യൂസറും അദ്ദേഹത്തിന്റെ ഭാര്യയും എന്റെ മുന്നില്‍ ഇരുന്ന് കരഞ്ഞിട്ടുണ്ട്. ഈ വൃത്തികേടെല്ലാം കാണിച്ചിട്ട് അവന്‍ ആരവം എന്ന് പറഞ്ഞൊരു സിനിമ ചെയ്തു. ഇപ്പോള്‍ ആര്‍.ഡി.എക്‌സ് ചെയ്യുന്ന ഹനാസിന്റെ ആദ്യത്തെ പടം ആരവമായിരുന്നു. ഷൂട്ട് ചെയ്ത ആ സിനിമ വേണ്ടെന്ന് വെച്ചു. കാരണം ശാപമാണ്.
എന്റെ പ്രൊഡ്യൂസര്‍ മുടക്കിയ കാശ് അവന്‍ തിരിച്ചുതന്നിരുന്നു. എത്രയോ കാലം കഴിഞ്ഞ് തിരിച്ചുതന്നു. അത്ര മെനകെട്ട ആള്‍ക്കാര് ഒരുപാട് ഇന്‍ഡസ്ട്രിയില്‍ വന്നിട്ടുണ്ട്, യോഗ്യതയില്ലാത്ത ആള്‍ക്കാര്‍. പെല്ലിശ്ശേരി ഇല്ലെങ്കില്‍ ഈ പെപ്പെ എന്ന് പറയുന്നവനൊന്നും ജീവിക്കാനുള്ള വകുപ്പ് പോലും കൊടുക്കേണ്ട ആവശ്യമില്ല. ഇത്തരത്തില്‍ നന്ദിയില്ലാത്ത ഒരുപാട് പേര്‍ സിനിമയില്‍ വരുന്നുണ്ട്,’ ജൂഡ് പറഞ്ഞു.
Content Highlight: jude anthany joseph accusation against antony varghese peppe