| Monday, 29th May 2023, 2:04 pm

ഈ സീന്‍ കട്ട് ചെയ്യാമെന്ന് എഡിറ്റര്‍ ആവര്‍ത്തിച്ചു; ബുദ്ധിജീവികള്‍ പലതും പറയും, കട്ട് ചെയ്യാന്‍ ഞാന്‍ സമ്മതിച്ചില്ല; ജൂഡ് ആന്തണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തില്‍ പുറത്ത് വന്ന 2018 നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുകയാണ്. 2018 ല്‍ കേരളം നേരിട്ട പ്രളയത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങിയത്.

ചിത്രത്തില്‍ വലിയ പ്രധാന്യത്തോടെയാണ് മത്സ്യത്തൊഴിലാളികളുടെ പങ്കിനെ അവതരിപ്പിച്ചത്. ചിത്രത്തില്‍ നടി നിലീന്‍ സാന്ദ്ര അവതരിപ്പിച്ച കഥാപാത്രം മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ പറ്റിയും പരസ്പര സ്‌നേഹത്തെ പറ്റിയും സംസാരിക്കുന്ന രംഗമുണ്ടായിരുന്നു.

സിനിമ റിലീസ് ചെയ്തതിന് ശേഷം ഈ രംഗത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ഈ രംഗം ഒഴിവാക്കണമെന്ന് എഡിറ്റര്‍ ചമന്‍ തന്നോട് പറഞ്ഞിരുന്നുവെന്ന് പറയുകയാണ് ജൂഡ് ആന്തണി. ക്രിഞ്ചാണ് ക്ലീഷേയാണ് എന്നൊക്കെ പലരും പറയുമെന്നും എന്നാല്‍ ആ രംഗം ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ടെന്നും ജൂഡ് പറഞ്ഞു. ചമന്‍ ഈ ആവശ്യം പല തവണ പറഞ്ഞിട്ടും താന്‍ നിരസിച്ചുവെന്ന് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ജൂഡ് പറഞ്ഞു.

‘മത്സ്യത്തൊളിലാളികളെ പറ്റി നിലീന്‍ സാന്ദ്രയുടെ കഥാപാത്രം പറയുന്ന സീന്‍ തൂക്കണമെന്ന് എഡിറ്റര്‍ ചമന്‍ എന്നോട് പറയുന്നുണ്ടായിരുന്നു. പക്ഷേ ഞാന്‍ അത് വെച്ചു. അത് ക്രിഞ്ചായാലും കുഴപ്പമില്ല. ഉള്ള കാര്യമാണ് പറയുന്നത്. അങ്ങനത്തെ ഇമോഷണല്‍ സാധനം തോന്നുന്നവരുണ്ട്. എല്ലാവരേയും പരിഗണിക്കണം.

ബുദ്ധിജീവികള്‍ പലതും പറയും, ക്രിഞ്ചാണ് ക്ലീഷേയാണെന്നൊക്കെ. എന്നാല്‍ നമുക്കൊരു ജഡ്ജ്‌മെന്റ് വേണമല്ലോ. ഈ സീന്‍ ഉറപ്പായിട്ടും എല്ലാവര്‍ക്കും ഇഷ്ടമാവുമെന്ന് ഞാന്‍ പറഞ്ഞു. കട്ട് ചെയ്യാം ചേട്ടാ എന്ന് ചമന്‍ വീണ്ടും വീണ്ടും ചോദിക്കുമായിരുന്നു. അത് വെക്കെടാ എന്ന് പറഞ്ഞ് ഞാന്‍ വെപ്പിച്ചതാണ്,’ ജൂഡ് പറഞ്ഞു.

ഈ രംഗം ഒഴിവാക്കുമെന്ന് ധാരണ തനിക്കുണ്ടായിരുന്നുവെന്നും ഒ.ടി.ടിയില്‍ ഇറങ്ങുമ്പോള്‍ ഒഴിവാക്കുമെന്ന സംശയവുമുണ്ടെന്നും നേരത്തെ നിലീന്‍ സാന്ദ്രയും പറഞ്ഞിരുന്നു.

‘അത് തിയേറ്ററില്‍ കാണുന്നത് വരെ ഉണ്ടാകുമെന്ന് വിശ്വസിച്ചില്ല. ഇനി ഒ.ടി.ടിയില്‍ ഇറക്കുമ്പോള്‍ ഈ സീന്‍ കട്ട് ചെയ്യുമോ എന്ന് കഴിഞ്ഞ ദിവസം വെറുതെ ഉറങ്ങാന്‍ കിടന്നപ്പോള്‍ ആലോചിച്ചു. എനിക്ക് അത്രയും വിശ്വാസമില്ല.

ഒന്നര രണ്ട് പേജുണ്ടായിരുന്നു ആ ഡയലോഗ്. ഫുള്‍ ഡയലോഗ് ഒരു ഷോട്ടില്‍ പോയിരുന്നു. റിയാക്ഷന്‍ കട്ട്‌സ് പോയിരുന്നു. എന്റേയും ഒന്നുരണ്ട് ആങ്കിളുകള്‍ വെച്ചിരുന്നു. പിന്നെ ഒരു വൈഡ് വെച്ചിരുന്നു, കട്ട്‌സ് ഉണ്ടായിരുന്നു. ഒരുപാട് ടേക്കുകളൊന്നും പോയില്ല. രണ്ടോ മൂന്നോ ടേക്കുകള്‍ പോയിട്ടുണ്ടാവും

ഈ സീന്‍ എഡിറ്റില്‍ കട്ടായി പോവും എന്നൊരു ധാരണ അന്നുണ്ടായിരുന്നു, ഇന്നുമുണ്ട്. ഇത്രയും ഡ്രാമയുള്ള മോണോലോഗ് അവിടെ വെക്കണോ വേണ്ടയോ എന്നുള്ളത് സംവിധായകന്റെയും എഴുത്തുകാരന്റെയും ചോയ്‌സാണ്,’ നിലീന്‍ പറഞ്ഞു.

Content Highlight: jude anthany joseph about the scen of nileen sandra in 2018

We use cookies to give you the best possible experience. Learn more