കൊച്ചി: ജൂഡ് ആന്തണി ജോസഫ് ചിത്രം സാറാസിലെ കളക്ടര്‍ ബ്രോ പ്രശാന്തിന്റെ പ്രകടനം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ചിത്രത്തില്‍ കളക്ടര്‍ ബ്രോ എത്തിയതിനെപ്പറ്റി പറയുകയാണ് ജൂഡ്. ക്ലബ്ബ് എഫ്.എം. സ്റ്റാര്‍ ജാമിലായിരുന്നു ജൂഡ് മനസ്സുതുറന്നത്.
‘കളക്ടര്‍ ബ്രോയുടെ കാര്യം പൊളിയാണ്. ബ്രോയും ഞാനും സോഷ്യല്‍ മീഡിയില്‍ ചെറിയൊരു ക്ലാഷ് ഒക്കെയുണ്ടായിട്ടുണ്ട്. പുള്ളി ഏതൊ ഒരു കേസില്‍പ്പെട്ടു എന്ന വാര്‍ത്തയൊക്കെ ഞാന്‍ ഷെയര്‍ ചെയ്തിരുന്നു. ഇങ്ങേരും ഇങ്ങനെയായിരുന്നോ എന്നൊക്കെ എഴുതിയായിരുന്നു ആ പോസ്റ്റ്.
പുള്ളി അതിന് മറുപടി പോസ്റ്റ് ചെയ്യുകയും ചെയ്തു. അതിന് ശേഷം വേറൊരു ഫംഗ്ഷനില്‍ വെച്ച് ഞാന്‍ പുള്ളിയെ കണ്ടു. അവിടെ വെച്ച് സംസാരിച്ചു. സംസാരിച്ചു കഴിഞ്ഞപ്പോള്‍ വര്‍ഷങ്ങളുടെ പരിചയമുള്ളപോലെ തോന്നി.
അപ്പോള്‍ ഞാന്‍ ചുമ്മാ ചോദിച്ചു. നിങ്ങള്‍ക്ക് ഒരു പടത്തില്‍ അഭിനയിച്ചുകൂടെയെന്ന്. കുറേ കാലം മുമ്പാണിത്. അപ്പോള്‍ പുള്ളി പറഞ്ഞു ആഗ്രഹം ഉണ്ട്. ഇതുവരെ ആരും അങ്ങനെ വിളിച്ചിട്ടൊന്നുമില്ലെന്ന്.
വിളിച്ചാല്‍ വരുവോ എന്ന് ഞാന്‍ ചോദിച്ചു. ഓ വിളിച്ചോ എന്ന് പുള്ളിയും പറഞ്ഞു. അങ്ങനെ ഈ പടമായപ്പോള്‍ ഞാന്‍ വിളിച്ചു. ഒരു റോളുണ്ട് എന്ന് പറഞ്ഞു. ഉറപ്പായിട്ടും വരാമെന്ന് പുള്ളി പറഞ്ഞു,’ ജൂഡ് പറഞ്ഞു.
അന്ന ബെന്‍, സണ്ണി വെയ്ന്‍ എന്നിവര്‍ പ്രധാന കഥാപാത്രമായി എത്തിയ ചിത്രമാണ് സാറാസ്. ചിത്രം മുന്നോട്ട് വെയ്ക്കുന്ന ആശയത്തെ വിമര്‍ശിച്ചും സ്വീകരിച്ചും നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
മല്ലിക സുകുമാരന്‍, ബെന്നി പി. നായരമ്പലം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം കഴിഞ്ഞ ദിവസമാണ് ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്.
ഗര്‍ഭിണിയാകല്‍, അബോര്‍ഷന്‍, പാരന്റിംഗ് ഇവയുടെ വിവിധ വശങ്ങള്‍ ഒരു സ്ത്രീയുടെ ഭാഗത്ത് നിന്ന്, അതും കുട്ടികളെ വളര്‍ത്താന്‍ താല്‍പര്യം ഇല്ലാത്ത ഒരു സ്ത്രീയുടെ ഭാഗത്തു നിന്നുകൊണ്ടാണ് ചിത്രം പറയുന്നത്.
ഏറെ പ്രധാനപ്പെട്ട ഒരു വിഷയത്തെ, സുപരിചിതമായ സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് പ്രേക്ഷകനോട് സംവദിക്കുന്ന ചിത്രമാണ് സാറാസ്.
ഒരു വശത്ത് ഗര്‍ഭിണിയാകല്‍, കുട്ടികള്‍, പാരന്റിംഗ്, കുടുംബം, ബന്ധുജനങ്ങള്‍ എന്നിവയും അപ്പുറത്ത് സ്വന്തം ജീവിതം, സ്വപ്നം, ശരീരം, താല്‍പര്യം എന്നിവ വരുമ്പോള്‍ സ്ത്രീകള്‍ കടന്നുപോകുന്ന സംഘര്‍ഷങ്ങളും ചിത്രം വ്യക്തതയോടെ സംസാരിക്കുന്നു.