കൊച്ചി: ഗീതുമോഹന്‍ ദാസിന്റെ സംവിധാനത്തിലൊരുങ്ങിയ മൂത്തോനിലൂടെ മികച്ച അഭിപ്രായങ്ങള്‍ സ്വന്തമാക്കുകയാണ് മലയാളത്തിന്റെ യുവതാരം നിവിന്‍ പോളി.
വേള്‍ഡ് പ്രീമിയര്‍ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ പ്രദര്‍ശിപ്പിക്കുകയും നിരൂപക പ്രശംസ നേടുകയും ചെയ്ത മൂത്തോന്‍ നവംബര്‍ നാലിനാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. മികച്ച അഭിപ്രായമാണ് മൂത്തോന്‍ നേടിക്കൊണ്ടിരിക്കുന്നത്.
നിരവധിപേരാണ് നിവിന്റെ അഭിനയത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. നിവിന്‍ പോളി തന്റെ സേഫ് സോണ്‍ വിട്ട് വ്യത്യസ്ഥ ലുക്കിലും രീതിയിലും അഭിനയിച്ചിരിക്കുന്ന ചിത്രമാണ് മൂത്തോന്‍. അക്ബര്‍ ഭായ് എന്ന കഥാപാത്രമായി നിവിന്‍ പോളി മികച്ച പ്രകടനമാണ് ചിത്രത്തില്‍ നടത്തിയത് എന്നാണ് ചിത്രത്തിന്റെ പ്രദര്‍ശന ശേഷം നിരവധി പേര്‍ പ്രതികരിച്ചത്.
മൂത്തോന്‍ പുതിയൊരു സിനിമാ അനുഭവമാണെന്നും ഇത്തരമൊരു കഥാതന്തു കൈയടക്കത്തോടെ അവതരിപ്പിച്ച ഗീതു മോഹന്‍ദാസ് എന്ന സംവിധായികക്ക് ഒരു വലിയ കൈയടിയെന്നും രാജീവ് രവിയുടെ മികച്ച ദൃശ്യങ്ങളും ദിലീഷും റോഷനും അടക്കം അഭിനയിച്ച എല്ലാവരുടെയും മികച്ച പ്രകടനങ്ങളും സിനിമയെ വേറൊരു തലത്തിലേക്ക് കൊണ്ട് പോയെന്നും ജൂഡ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
നിവിന്‍ പോളി എന്ന നടന്‍ തെന്ന ഏറെ സന്തോഷപ്പെടുത്തിയെന്നും നിവിന്‍ വളര്‍ന്നുകൊണ്ടേയിരിക്കുമെന്നും ജൂഡ് പറയുന്നുണ്ട്. നിവിന്‍ അളിയാ കണ്ണ് നിറഞ്ഞുപോയി സന്തോഷമായി
എന്നു പറഞ്ഞുകൊണ്ടാണ് ജൂഡ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
‘മൂത്തോ ന്‍ ‘.. പുതിയൊരു സിനിമാ അനുഭവം. ഇത്തരമൊരു കഥാതന്തു കയ്യടക്കത്തോടെ അവതരിപ്പിച്ച ഗീതു മോഹന്‍ദാസ് എന്ന സംവിധായികക്ക് ഒരു വലിയ കയ്യടി. രാജീവ് രവിയുടെ മികച്ച ദൃശ്യങ്ങളും ദിലീഷേട്ടനും റോഷനും അടക്കം അഭിനയിച്ച എല്ലാവരുടെയും മികച്ച പ്രകടനങ്ങളും സിനിമയെ വേറൊരു തലത്തിലേക്ക് കൊണ്ട് പോയി. എന്നെ ഒരു പാട് സന്തോഷപ്പെടുത്തിയത് നിവിന്‍ പൊളി എന്ന നടനാണ്. മലര്‍വാടിയില്‍ അസിസ്റ്റന്റ് ഡിറക്ടര്‍ ആയി ജോലി ചെയ്ത സമയത്തു ചില സീനുകള്‍ അഭിനയിച്ച ശേഷം അവന്‍ എന്നോട് ചോദിക്കുമായിരുന്നു ഇതിലും നന്നാക്കാന്‍ പറ്റുമല്ലേ എന്ന്. തന്നിലെ നടനെ വളര്‍ത്താന്‍ ആഗ്രഹിക്കുന്ന ഒരു ആര്‍ത്തിപിടിച്ച കലാകാരനെ ഞാന്‍ അന്ന് അവനില്‍ കണ്ടിരുന്നു. ഇടക്കെപ്പോഴോ അത് മിസ് ആയോ എന്നെനിക്കു തോന്നിയിരുന്നു. ഇല്ല. എനിക്കാണ് തെറ്റിയത്. അവനു ഒരു മാറ്റവുമില്ല. അവന്‍ വളര്‍ന്നുകൊണ്ടേയിരിക്കും. ഇനിയും ഇതിലും മികച്ച കഥാപാത്രങ്ങളുമായി അവന്‍ നമ്മളെ വിസ്മയിപ്പിക്കും.
നിവിന്‍ അളിയാ, കണ്ണ് നിറഞ്ഞു പോയി ..സന്തോഷമായി.