‘2018 ‘ ഓസ്കാറിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തെരഞ്ഞെടുത്തതിനെക്കുറിച്ച് പ്രതികരിക്കുകയാണ് സംവിധായകൻ ജൂഡ് ആന്തണി
സിനിമയ്ക്ക് ഏഷ്യാനെറ്റ് അവാർഡ് എങ്കിലും കിട്ടിയാൽ മതിയെന്നായിരുന്നു തങ്ങൾ പ്രതീക്ഷിച്ചിരുന്നതെന്ന് ജൂഡ് പറഞ്ഞു. ചിത്രം ഇങ്ങനെയൊരു നേട്ടം കൈവരിക്കുമെന്ന് കരുതിയില്ലെന്നും താരം പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു ജൂഡ് ആന്റണിയും, നിർമാതാവ് ആന്റോ ജോസഫും , ക്യാമറമാൻ അഖിൽ ജോർജും.
‘ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. നമുക്കൊരു ഏഷ്യാനെറ്റ് അവാർഡ് എങ്കിലും കിട്ടിയാൽ മതി എന്ന് പ്രതീക്ഷിക്കുന്ന ഒരാളാണ്. അവാർഡിനേക്കാളും ഇതിൽ വർക്ക് ചെയ്ത എല്ലാവർക്കും ഓർത്തു വെക്കാവുന്ന, അഭിമാനിക്കാവുന്ന ഒരു കാലഘട്ടമായിരുന്നു ഞങ്ങൾ ഒരുമിച്ച് ഈ സിനിമ ചെയ്തത്. അതിനെകുറിച്ചാണ് ഞങ്ങൾക്ക് ഏറെ സന്തോഷമുള്ളത്.
വാർത്ത അറിഞ്ഞത് മുതൽ എന്ത് ചെയ്യണമെന്നറിയാതെ സന്തോഷിച്ച് ഇരിക്കുകയാണ്. ഇത് വലിയ ഒരു കൂട്ടായ് മയുടെ വിജയമാണ്.
മലയാളികളെല്ലാം ഒരുമിച്ച് 2018ൽ വെള്ളപ്പൊക്കം നേരിട്ടതുപോലെ തന്നെ ഞങ്ങളും അത്രയും എഫേർട്ട് എടുത്തിട്ടാണ് ഈ സിനിമ ചെയ്തത് . അത് മലയാളികളെല്ലാം സ്വീകരിച്ച് ഇൻഡസ്ടറി ഹിറ്റ് ആയി മാറിയപ്പോൾ തന്നെ നമ്മൾ ഭയങ്കര ഹാപ്പിയായിരുന്നു, അതിന്റെ കൂടെ ദൈവം ഇങ്ങനെയൊരു അനുഗ്രഹം കൂടി ഞങ്ങളുടെ സിനിമയ്ക്ക് തന്നിരിക്കുകയാണ്. ഇന്ത്യൻ സിനിമയുടെയും എല്ലാവരുടെയും വിജയമായിട്ട് ഞാൻ ഇതിനെ കാണുന്നു.
ദുരവസ്ഥകൾ എല്ലാവരുടെ നാട്ടിലും ഉണ്ടാകുന്നതാണ്. വെള്ളപ്പൊക്കം ആയാലും കാട്ടുതീയായാലും എല്ലാകാലത്തും, എല്ലാ രാജ്യത്തും സംഭവിക്കുന്ന കഥയാണിത്. അതൊരു ലോകശ്രദ്ധ കിട്ടാൻ തക്ക വിഷയമാണെന്ന് തോന്നുന്നു. അതുകൊണ്ടായിരിക്കും ഇങ്ങനെ ഒരു യോഗ്യത പടത്തിന് കിട്ടിയത്,’ ജൂഡ് പറഞ്ഞു.
ഇങ്ങനെയൊരു എൻട്രി കിട്ടിയതിൽ തന്നെ സന്തോഷമുണ്ടെന്നും ഈ സിനിമ ഒരുപാട് പേരുടെ കഷ്ടപ്പാടിന്റെ ഫലമാണെന്നും നിർമാതാവ് ആന്റോ ജോസഫ് പറഞ്ഞു. പ്രളയം നേരിട്ട് അനുഭവിച്ചതിന്റെ അത്രയും ബുദ്ധിമുട്ടിയിട്ടില്ല തങ്ങൾ ഈ സിനിമ ഷൂട്ട് ചെയ്യാനെന്നും ക്യാമറാമാൻ അഖിൽ കൂട്ടിച്ചേർത്തു.
Content Highlight: Judd said that they were hoping that the film would get at least an Asianet Award