Advertisement
Entertainment
അന്ന് മമ്മൂട്ടിയുടെ മാറ്റത്തിനായി എടുത്ത സിനിമ; എന്നാല്‍ വിചാരിച്ചത് പോലെ വിജയിച്ചില്ല: ജൂബിലി ജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 24, 03:45 am
Sunday, 24th November 2024, 9:15 am

ജോഷി സംവിധാനം ചെയ്ത് ജോയ് തോമസ് നിര്‍മിച്ച ചിത്രമായിരുന്നു ന്യായവിധി. 1986ല്‍ പുറത്തിറങ്ങിയ സിനിമയില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. അദ്ദേഹത്തിന് പുറമെ ശോഭന, സുകുമാരന്‍, ലാലു അലക്‌സ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.

മമ്മൂട്ടിക്ക് അന്നത്തെ കാലത്ത് ഒരു മാറ്റം ആവശ്യമുണ്ടായിരുന്നെന്നും സ്ഥിരം നായക കഥാപാത്രങ്ങളില്‍ നിന്ന് മാറിയുള്ള ഒരു വേഷം നല്‍കാന്‍ വേണ്ടിയായിരുന്നു ന്യായവിധി എന്ന സിനിമ ചെയ്തതെന്നും പറയുകയാണ് ജൂബിലി ജോയ്.

നല്ല സിനിമയായിരുന്നു ന്യായവിധിയെന്നും പക്ഷെ ആ സിനിമ ഉദ്ദേശിച്ചത് പോലെ വിജയിച്ചില്ലെന്നും അദ്ദേഹം പറയുന്നു. സഫാരി ടി.വിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജൂബിലി ജോയ്.

‘ന്യായവിധി ചെമ്പില്‍ ജോണിന്റെ ഒരു നോവലായിരുന്നു. ഡെന്നീസ്, ഷിബു ചക്രവര്‍ത്തി, ഗായത്രി അശോകന്‍ തുടങ്ങിയ ആളുകളെല്ലാം വായിച്ചു. അവര്‍ക്ക് ആ നോവല്‍ ഇഷ്ടമായി.

അങ്ങനെ അവര്‍ക്ക് ആ നോവല്‍ ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞപ്പോള്‍ അത് സിനിമയാക്കാമെന്ന് തീരുമാനിച്ചു. മമ്മൂട്ടിക്ക് സത്യത്തില്‍ അന്നത്തെ കാലത്ത് ഒരു ചെയ്ഞ്ച് ആവശ്യമുണ്ടായിരുന്നു.

അന്ന് ഒരു തീരുമാനമെടുത്തിരുന്നു. സ്ഥിരം നായക കഥാപാത്രങ്ങളില്‍ നിന്ന് മാറിയുള്ള ഒരു വേഷം മമ്മൂട്ടിക്ക് നല്‍കണം. ആ തീരുമാനത്തിന്റെ പുറത്തായിരുന്നു മമ്മൂട്ടിയെ നായകനാക്കാന്‍ തീരുമാനിച്ചത്.

ആ കാര്യം മമ്മൂട്ടിയുമായി സംസാരിച്ചപ്പോള്‍ അദ്ദേഹവും സമ്മതം അറിയിച്ചു. നല്ല സിനിമയായിരുന്നു ന്യായവിധി. പക്ഷെ ആ സിനിമ നമ്മള്‍ ഉദ്ദേശിച്ചത് പോലെ വിജയിച്ചില്ല എന്നതാണ് സത്യം.

ഐ.വി. ശശി സംവിധാനം ചെയ്ത ആവനാഴിയുടെയും ജോഷി സംവിധാനം ചെയ്ത മറ്റൊരു സിനിമയുടെയും റിലീസ് ന്യായവിധിയുടെ റിലീസിങ്ങിന്റെ സമയത്ത് തന്നെയായിരുന്നു. അതുകൊണ്ട് തന്നെ നമ്മുടെ സിനിമക്ക് വിചാരിച്ചത് പോലെയുള്ള വിജയം ഉണ്ടായില്ല,’ ജൂബിലി ജോയ് പറഞ്ഞു.

Content Highlight: Jubilee Joy Talks About Mammootty And Nyayavidhi Movie