| Thursday, 20th July 2023, 9:31 pm

ആശുപത്രിക്കാർക്ക് ഫണ്ട് ഷോര്ട്ടേജുണ്ട്, അതുകൊടുക്കാൻ വന്നതാണെന്ന് അച്ഛൻ തമാശയായി എല്ലാവരോടും പറയും: ജുബിൽ രാജൻ പി. ദേവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അസുഖത്തെ പോലും തമാശ രൂപത്തിലാണ് രാജൻ പി. ദേവ് കണ്ടിരുന്നതെന്ന് മകൻ ജുബിൽ രാജൻ പി. ദേവ്. അസുഖവിവരത്തെപ്പറ്റി ചോദിക്കുന്നവരോട് ആശുപത്രിക്ക് കുറച്ച ഫണ്ട് ഷോര്ട്ടേജുണ്ടെന്നും പണം കൊടുക്കാനായി വന്നതാണെന്നും അദ്ദേഹം തമാശയായി പറയുമായിരുന്നെന്നും ജുബിൽ പറഞ്ഞു. കൗമുദി മൂവീസിന്‌ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഛോട്ടാ മുംബൈ എന്ന പടത്തിലെ പല സീനുകളും അന്ന് വീട്ടിൽ വന്ന് അഭിനയിച്ച് കാണിക്കുമായിരുന്നു. ഇപ്പോൾ കാണിച്ചിരിക്കുന്നപോലെ അല്ലായിരുന്നു അന്ന് അവർ ഷൂട്ട് ചെയ്യാനിരുന്നത്. ഡയലോഗുകളിൽ ഒക്കെ നല്ല മാറ്റം ഉണ്ട്. പെണ്ണുകാണാൻ മോഹൻലാൽ വരുമ്പോൾ കുറച്ച് മദ്യങ്ങളുടെ പേരുകൾ പറയുന്നുണ്ട്. അന്ന് കുറച്ച് ബ്രാൻഡുകളുടെ പേരൊക്കെ പറഞ്ഞു. ഡബ്ബിങ് ചെയ്തപ്പോൾ കുറെ മാറ്റിയതാണ്, കാരണം സെൻസറുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ ഉണ്ട്.

പെണ്ണുകാണാനായി ലാലേട്ടൻ വരുന്ന സീനുകളൊക്കെ അച്ഛൻ വീട്ടിൽ വന്ന് അഭിനയിച്ച് കാണിച്ചിട്ടുണ്ട്. പക്ഷെ മോഹൻലാൽ വരുമ്പോൾ കൈകൊണ്ട് അകത്തേക്ക് വന്നാലും എന്ന രീതിയിൽ ആനയിക്കുന്ന സീൻ ഞാൻ തിയേറ്ററിലാണ് കാണുന്നത്. അത് കണ്ടിട്ട് ഒരുപാട് ചിരിച്ചു. ഇപ്പോൾ അതിന്റെ ധാരാളം മീമുകൾ ഇറങ്ങുന്നുണ്ട്.

അതുപോലെ തന്നെ ഡാഡിച്ചൻ (രാജൻ പി. ദേവ്) മരിച്ചപോലെ കിടക്കുമ്പോൾ തലവഴി വെള്ളം ഒഴിക്കുന്ന രംഗം ഉണ്ട്. അതിൽ പുള്ളി എഴുന്നേറ്റിട്ട് ഒരു പെർഫോമൻസ് ഉണ്ട്. ആ ഷോട്ടിൽ നോക്കിയാലറിയാം ലാലേട്ടൻ പിന്നിൽ നിന്ന് ചിരിക്കുകയാണ്. അതിന്റെ ചില സ്ക്രീൻ ഷോട്ടുകൾ ഇപ്പോഴും വൈറലാണ്. മോഹൻലാൽ എന്ന നടനിൽനിന്നും മോഹൻലാൽ എന്ന മനുഷ്യനായി മാറിയ നിമിഷം എന്നായിരുന്നു അതിന്റെ ക്യാപ്‌ഷൻ. കാരണം പുള്ളി പിന്നിൽ നിന്ന് ചിരിച്ചുപോയി അഛന്റെ പ്രകടനം കണ്ടിട്ട്.

ഡാഡിച്ചനും ഞങ്ങളും ഒരുപാട് എൻജോയ് ചെയ്ത പടമാണ് ഛോട്ടാ മുംബൈ. സിനിമയിൽ കാണുന്ന രാജൻ പി. ദേവിനേക്കാൾ പത്തിരട്ടി ഹ്യൂമർ സെൻസുള്ള മനുഷ്യനാണ് അദ്ദേഹം ജീവിതത്തിൽ. ഒരിക്കൽ എനിക്കൊരു സർജറി കഴിഞ്ഞിരുന്നപ്പോൾ ബെഡ് റെസ്റ്റ് പറഞ്ഞു. ഡാഡിച്ചൻ സംസാരിക്കുന്നതൊക്കെ തമാശയാണ്. ഞാൻ ചിരിച്ച് അവശനായിരുന്നു. ഇനി ചിരിച്ചാൽ സ്റ്റിച്ച് പൊട്ടും, എണീറ്റ് പോടോ എന്ന് നേഴ്സ് പറഞ്ഞു.

ഡാഡിച്ചന് വയ്യാതെ ഹോസ്പിറ്റലിൽ ആയിരുന്നപ്പോഴും ഇങ്ങനെ ആയിരുന്നു. വയ്യാതെ ആശുപത്രിയിൽ കിടക്കുന്ന നാളുകളിൽ ആരെങ്കിലും ഒക്കെ വിശേഷം അറിയാൻ വിളിക്കും. എന്തുപറ്റിയെന്ന് ചോദിക്കുമ്പോൾ ആശുപത്രിക്കാർക്ക് പുതിയൊരു കെട്ടിടം പണിയണം. കുറച്ച് ഫണ്ട് ഷോർട്ടേജുണ്ട് അത് കൊടുക്കാൻ വേണ്ടി രണ്ട് ദിവസം അഡ്മിറ്റാകാൻ വന്നതാണെന്ന് തമാശയായി പുള്ളി പറയും. അങ്ങനെയേ പുള്ളി സംസാരിക്കൂ. അസുഖത്തെ പോലും തമാശയായിട്ടാണ് കണ്ടിരുന്നത്. എല്ലാത്തിലും ഒരു ഹ്യൂമർ എലമെന്റ് കൊണ്ടുവരും,’ ജുബിൽ രാജൻ പി.ദേവ് പറഞ്ഞു.+

Content Highlights: Jubil Rajan P.Dev on Rajan P Dev

We use cookies to give you the best possible experience. Learn more