'സ്‌ക്രിപ്റ്റിലുള്ള ഡയലോഗ് പറയില്ലെന്നായി മമ്മൂക്ക, പകരം പറഞ്ഞ ഡയലോഗിന് വലിയ റിസള്‍ട്ടുണ്ടായി'
Film News
'സ്‌ക്രിപ്റ്റിലുള്ള ഡയലോഗ് പറയില്ലെന്നായി മമ്മൂക്ക, പകരം പറഞ്ഞ ഡയലോഗിന് വലിയ റിസള്‍ട്ടുണ്ടായി'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 17th July 2023, 8:51 am

ഷാഫിയുടെ സംവിധാനത്തില്‍ മമ്മൂട്ടി, രാജന്‍ പി. ദേവ്, ലാല്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രമാണ് തൊമ്മനും മക്കളും. തൊമ്മന്‍ എന്ന അപ്പനും ശിവന്‍, സത്യന്‍ എന്നീ മക്കളായി മമ്മൂട്ടിയും ലാലും തകര്‍ത്ത് അഭിനയിച്ച ചിത്രത്തിന് ഇന്നും നിരവധി ആരാധകരാണ് ഉള്ളത്.

ചിത്രത്തില്‍ മമ്മൂട്ടി മാറ്റിയ ഡയലോഗിനെ പറ്റി പറയുകയാണ് രാജന്‍ പി. ദേവിന്റെ മകന്‍ ജുബില്‍ രാജന്‍ പി. ദേവ്. ഇമോഷണല്‍ രംഗത്തില്‍ തൊമ്മനെ എതിര്‍ത്ത് ശിവന്‍ സംസാരിക്കുന്ന ഡയലോഗുണ്ടായിരുന്നുവെന്നും എന്നാല്‍ മമ്മൂട്ടി അത് പറയില്ല എന്ന് പറഞ്ഞെന്നും ജുബില്‍ പറഞ്ഞു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

‘തൊമ്മനും മക്കളില്‍ നായികയെ കെട്ടാന്‍ പറ്റില്ല എന്ന് പറഞ്ഞ് മമ്മൂക്ക പോവുകയാണ്. തൊമ്മന്‍ കയറി വന്ന് എടാ നിന്റെ അപ്പനാടാ പറയുന്നത് എന്ന് പറയുമ്പോള്‍ എനിക്ക് പറ്റില്ല അപ്പാ എന്ന് സത്യന്‍ പറയുകയാണ്. സെന്റിമെന്റ് സീനാണ്. രണ്ടഭിപ്രായം വന്നാല്‍ തല്ലി തീര്‍ക്കണമെന്നാ, നീ അപ്പനെ തല്ലി തീര്‍ക്കെടാ എന്ന് പറഞ്ഞ് തൊമ്മന്‍ ശിവനെ തല്ലുകയാണ്. തല്ല് കൊള്ളുമ്പോള്‍ അപ്പാ എന്നെ തല്ലരുതപ്പാ, എനിക്ക് വേദനിക്കുന്നുണ്ട്, വെറുതെ എന്നെ പ്രാന്ത് കേറ്റരുത് എന്ന് ശിവന്‍ പറയും.

അത് കഴിഞ്ഞ് ശിവന്‍ അപ്പന്റെ കയ്യില്‍ കയറി പിടിക്കുന്നുണ്ട്. അപ്പനോടല്ലേ തല്ലരുതെന്ന് പറഞ്ഞ് ശിവന്‍ ദേഷ്യപ്പെട്ട് ഇറങ്ങിപ്പോവുകയാണ്. ആദ്യമായി തൊമ്മനോട് മകന്‍ അങ്ങനെ സംസാരിച്ചു എന്നതായിരുന്നു സ്‌ക്രിപ്റ്റ്. ഞാന്‍ അങ്ങനെ പറയില്ല എന്ന് മമ്മൂക്ക പറഞ്ഞു. അങ്ങനെ പറയാന്‍ പാടില്ല, അവര്‍ തമ്മിലുള്ള സ്‌നേഹം അത്രയും ഡീപ്പാണ്. എന്ത് വിഷയമുണ്ടായാലും അപ്പന്റെ കൈ തടഞ്ഞിട്ട് സത്യന്‍ അങ്ങനെ ഇറങ്ങിപ്പോവില്ല എന്ന് മമ്മൂക്ക പറഞ്ഞു.

അവിടെ മമ്മൂക്കയുടെ സജഷന്‍ വന്നു. അപ്പനെന്നെ തല്ലിക്കോ, എന്നെ ഇങ്ങനെ തല്ലണത് ഞാന്‍ അപ്പന്റെ സ്വന്തം മോനല്ലാത്തതുകൊണ്ടല്ലേ എന്ന് ചോദിക്കും. അതിലാണ് ആ സീന്‍ ബാലന്‍സ് ആവുന്നത്. കാരണം അടി നിര്‍ത്തണമെങ്കില്‍ പുള്ളിക്ക് തടയണം. പക്ഷേ തടയുന്നതിന് ബാലന്‍സ് ചെയ്യാനും കൂടി ഒരു സാധനം വേണം. ശിവനെന്ന കഥാപാത്രമായി മാറിയതുകൊണ്ടാണ് പുള്ളി ആ ഡയലോഗിലേക്ക് എത്തിയത്.

ആ രംഗത്തില്‍ ഒരു ഗ്ലിസറിനുമില്ലാതെ മമ്മൂക്കയുടെ കണ്ണ് നിറഞ്ഞിട്ടുണ്ട്. അദ്ദേഹം അത്രക്കും ഇന്‍വോള്‍വ്ഡായിട്ടുള്ള സിനിമ ആയിരുന്നു. അതിന്റെ റിസള്‍ട്ട് കാണാനുമുണ്ട്. ശരിക്കും ഒരു അപ്പനേയും മക്കളേയുമല്ലേ ആ സിനിമയില്‍ കാണുന്നത്, മൂന്ന് ആര്‍ടിസ്റ്റിനെയല്ല,’ ജുബില്‍ രാജന്‍ പി. ദേവ് പറഞ്ഞു.

Content Highlight: jubil rajan p dev about thommanum makkalum