തൊമ്മനും മക്കളും സിനിമയിലെ ഒരു ഫൈറ്റ് ഒഴിവാക്കി അവിടെ ഇമോഷണല്‍ ഡയലോഗ് വെച്ചത് മമ്മൂക്കയുടെ നിര്‍ബന്ധം കാരണമാണ്: ജുബില്‍ രാജന്‍ പി. ദേവ്
Entertainment
തൊമ്മനും മക്കളും സിനിമയിലെ ഒരു ഫൈറ്റ് ഒഴിവാക്കി അവിടെ ഇമോഷണല്‍ ഡയലോഗ് വെച്ചത് മമ്മൂക്കയുടെ നിര്‍ബന്ധം കാരണമാണ്: ജുബില്‍ രാജന്‍ പി. ദേവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 7th July 2024, 11:30 am

മലയാളത്തിലെ ഹിറ്റ് സിനിമകളിലൊന്നാണ് 2005ല്‍ പുറത്തിറങ്ങിയ തൊമ്മനും മക്കളും. ഷാഫി സംവിധാനം ചെയ്ത ചിത്രം ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകളിലൊന്നായിരുന്നു. മമ്മൂട്ടി, ലാല്‍, രാജന്‍ പി. ദേവ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. കോമഡിയും മാസും ചേര്‍ന്ന ചിത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ടചിത്രങ്ങളുടെ പട്ടികയിലുണ്ട്.

മമ്മൂട്ടിയുടെയും ലാലിന്റെയും അച്ഛനായിട്ടാണ് ചിത്രത്തില്‍ രാജന്‍ പി. ദേവ് എത്തിയത്. അതുവരെ ചെയ്ത വേഷങ്ങളില്‍ നിന്ന് രാജന്‍ പി. ദേവ് തന്റെ ട്രാക്ക് മാറ്റിയ സിനിമയായിരുന്നു തൊമ്മനും മക്കളും. കോമഡിയുടെ ബാക്ക് ഗ്രൗണ്ടില്‍ അവതരിപ്പിച്ച തൊമ്മന്‍ എന്ന കഥാപാത്രം താരത്തിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ്. സിനിമയില്‍ രാജന്‍ പി. ദേവും മമ്മൂട്ടിയും തമ്മിലുള്ള ഇമോഷണല്‍ സീനിനെക്കുറിച്ച് സംസാരിക്കുകയാണ് രാജന്‍ പി. ദേവിന്റെ മകന്‍ ജുബില്‍.

മമ്മൂട്ടി അവതരിപ്പിച്ച ശിവന്‍ എന്ന കഥാപാത്രവും രാജന്‍ പി. ദേവിന്റെ തൊമ്മന്‍ എന്ന കഥാപാത്രവും തമ്മില്‍ ഒരു ഫൈറ്റ് ഉണ്ടായിരുന്നെന്നും എന്നാല്‍ മമ്മൂട്ടിയുടെ നിര്‍ദേശം കാരണമാണ് ആ ഫൈറ്റ് ഒഴിവാക്കി അവിടെ ഇമോഷണല്‍ സീന്‍ വെച്ചതെന്നും ജുബില്‍ പറഞ്ഞു. ആ ഫൈറ്റിനെക്കാള്‍ ഇംപാക്ട് ഉണ്ടാക്കിയത് ഇമോഷണല്‍ ഡയലോഗിനായിരുന്നെന്നും ജുബില്‍ കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ജുബില്‍ ഇക്കാര്യം പറഞ്ഞത്.

‘തൊമ്മനും മക്കളും സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട സീനുകളിലൊന്നാണ് ക്ലൈമാക്‌സിന് മുന്നേ രാജന്‍ പി. ദേവും മമ്മൂട്ടിയും തമ്മില്‍ വഴക്കിടുന്ന സീന്‍. ഈ സീനിന് പകരം ഒരു ഫൈറ്റ് സീനായിരുന്നു സ്‌ക്രിപ്റ്റിലുണ്ടായിരുന്നത്. അത് മാറ്റാന്‍ പറഞ്ഞത് മമ്മൂക്കയാണ്. കാരണം, അത്രയും നേരം സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന അപ്പനും മോനും പെട്ടെന്ന തമ്മിലടിച്ചാല്‍ ഓഡിയന്‍സ് അത് ദഹിക്കില്ലെന്നാണ് മമ്മൂക്ക പറഞ്ഞത്.

അതിന് പകരം തൊമ്മന്‍ തല്ലാന്‍ വരുമ്പോള്‍ ആ കൈ തടഞ്ഞിട്ട്, ‘ഞാന്‍ അപ്പന്റെ സ്വന്തം മോനല്ലാത്തതുകൊണ്ടല്ലേ എന്നെ തല്ലുന്നത്. എന്നെ തല്ലിക്കോ’ എന്നുള്ള ഡയലോഗ് മമ്മൂക്കയുടെ കോണ്‍ട്രിബ്യൂഷനാണ്. ഇപ്പോള്‍ ആ സീന്‍ കാണുമ്പോള്‍ അവര്‍ തമ്മില്‍ ഫൈറ്റ് നടത്തുന്നതിനെക്കാള്‍ ഇംപാക്ട് മമ്മൂക്കയുടെ ഡയലോഗിനുണ്ട്,’ ജുബില്‍ പറഞ്ഞു.

Content Highlight: Jubil Rajan P Dev about the emotional scene in Thommanum Makkalum movie