അവൻ ഉറപ്പായും 2026 ലോകകപ്പ് കളിക്കും: അർജന്റൈൻ സൂപ്പർതാരത്തെക്കുറിച്ച് റിക്വിൽമി
Football
അവൻ ഉറപ്പായും 2026 ലോകകപ്പ് കളിക്കും: അർജന്റൈൻ സൂപ്പർതാരത്തെക്കുറിച്ച് റിക്വിൽമി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 15th September 2024, 9:52 am

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി കരിയറിലെ അവസാനഘട്ടത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കാന്‍ പോവുന്ന ലോകകപ്പില്‍ മെസി കളിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഇപ്പോൾ ഈ വിഷയത്തില്‍ തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് മുന്‍ അര്‍ജന്റീന താരം ജുവാന്‍ റോമന്‍ റിക്വില്‍മി. മെസി 2026 ലോകകപ്പില്‍ കളിക്കണമെന്നാണ് റിക്വില്‍മി പറഞ്ഞത്. എല്‍ ലോക്കോ വൈ എല്‍ ക്യുര്‍ഡോ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുന്‍ അര്‍ജന്റീന താരം.

‘മെസി അവന്റെ കഴിവുകള്‍ സ്വയം പുനര്‍നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത ലോകകപ്പില്‍ അവന്‍ കളിക്കും എന്ന കാര്യത്തില്‍ എനിക്ക് ഒരു സംശയവുമില്ല. അവന്‍ അത് കളിക്കണം. ഞങ്ങളെല്ലാവരും അവനെ പിന്തുണയ്ക്കുന്നുണ്ട്.

അതുകൊണ്ടുതന്നെ മെസി അടുത്ത ലോകകപ്പില്‍ കളിക്കുമെന്ന് ഞാന്‍ കരുതുന്നു. ഇത് വളരെ നല്ല കാര്യമാണ്. അവന്‍ അര്‍ജന്റീനക്കായി ഓരോ മത്സരങ്ങളും കളിക്കാന്‍ വളരെയധികം ഇഷ്ടപ്പെടുന്നു. അവന്‍ അര്‍ജന്റീനക്കൊപ്പം ഒരുപാട് മത്സരങ്ങള്‍ വിജയിക്കുന്നു, ഇനിയും ഇത് തുടരാന്‍ അവന്‍ ആഗ്രഹിക്കുന്നുണ്ട്,’ മുന്‍ അര്‍ജന്റീന താരം പറഞ്ഞു.

അര്‍ജന്റീനക്കായി ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കാനും മെസിക്ക് സാധിച്ചിട്ടുണ്ട്. അര്‍ജന്റീനക്കായി 187 മത്സരങ്ങള്‍ കളിച്ച താരം 109 തവണയാണ് എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്. .

അര്‍ജന്റീന സമീപകാലങ്ങളില്‍ നേടിയ കിരീടനേട്ടങ്ങളില്‍ മെസി വഹിച്ച പങ്ക് വളരെ വലുതായിരുന്നു. രണ്ട് കോപ്പ അമേരിക്ക, ലോകകപ്പ്, ഫൈനല്‍സീമ എന്നീ കിരീടങ്ങളാണ് സമീപകാലങ്ങളില്‍ അര്‍ജന്റീന മെസിയുടെ നേതൃത്വത്തില്‍ നേടിയത്.

2026 ലോകകപ്പ് യോഗ്യത മത്സരത്തില്‍ ചിലിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അര്ജന്റീന പരാജയപ്പെടുത്തിയിരുന്നു. അര്‍ജന്റീനക്കായി അലക്‌സിസ് മക്ക് അലിസ്റ്റര്‍, ജൂലിയന്‍ അല്‍വാരസ്, പൗലോ ഡിബാല എന്നിവരായിരുന്നു ഗോളുകള്‍ നേടിയത്.

എന്നാല്‍ കൊളംബിയക്കെതിരെയുള്ള രണ്ടാം മത്സരത്തില്‍ അര്‍ജന്റീന പരാജയപ്പെടുകയായിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കൊളംബിയ അര്‍ജന്റീനയെ പരാജയപ്പെടുത്തിയത്.

നിലവില്‍ ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ പട്ടികയില്‍ എട്ട് മത്സരങ്ങളില്‍ നിന്നും ആറ് വിജയവും രണ്ട് തോല്‍വിയും അടക്കം 18 പോയിന്റുമായി ഒന്നാം സ്ഥാനത്തുതന്നെയാണ് അര്‍ജന്റീന. ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ ഒക്ടോബര്‍ 11ന് വെനസ്വെലക്കെതിരെയാണ് ലോകചാമ്പ്യന്മാരുടെ അടുത്ത മത്സരം.

 

Content Highlight: Juan Román Riquelme Talks About Lionel Messi Future in Football