| Sunday, 9th August 2015, 1:39 pm

സി.പി.ഐ.എമ്മുമായി ജെ.എസ്.എസ് ലയിക്കില്ലെന്ന് ഗൗരിയമ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജെ.എസ്.എസ് സി.പി.ഐ.എമ്മില്‍ ലയിക്കില്ലെന്നും എന്നാല്‍ സി.പി.ഐ.എം പരിപാടികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും കെ.ആര്‍ ഗൗരിയമ്മ. ജെ.എസ്.എസ് സംസ്ഥാന സെന്ററാണ് ഈ തീരുമാനമെടുത്തത്. ഇക്കാര്യം ഗൗരിയമ്മ സി.പി.ഐ.എം നേതാവ് പിണറായി വിജയനെ അറിയിച്ചു. ഗൗരിയമ്മയുടെ വീട്ടില്‍ വെച്ച് നടന്ന കൂടിക്കാഴ്ച്ചയിലാണ് പിണറായി വിജയനെ തീരുമാനം അറിയിച്ചത്.

സി.പി.ഐ.എമ്മില്‍ ലയിക്കുകയാണെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് ജെ.എസ്.എസിനകത്ത് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം ഉടലെടുത്തിരുന്നു. സി.പി.ഐ.എമ്മില്‍ ലയിക്കാനുള്ള ഗൗരിയമ്മ പക്ഷത്തിന്റെ തീരുമാനത്തോട് ജെ.എസ്.എസിലെ രാജന്‍ ബാബു പക്ഷത്തിന് യോജിപ്പുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ പാര്‍ട്ടിയുടെ 45 കോടിയോളം വരുന്ന സ്വത്തുക്കളുടെ പേരിലും ഇരുവിഭാഗവുമായി തര്‍ക്കമുണ്ടായി.

ഗൗരിയമ്മവിഭാഗം സി.പി.എമ്മില്‍ ലയിക്കുകയും മറുവിഭാഗം ജെ.എസ്.എസ് ആയി തുടരുകയും ചെയ്താല്‍ നിയമപരമായി പാര്‍ട്ടിയുടെ സ്വത്തുക്കള്‍ ഈ വിഭാഗത്തിന്റെ കൈവശം വന്നുചേരും. ഈ പ്രശ്‌നം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ലയന തീരുമാനത്തില്‍ നിന്നും ജെ.എസ്.എസ് പിന്‍മാറിയത്. സ്വത്തിനെ കുറിച്ചുള്ള കാര്യങ്ങള്‍ ലയനം പ്രഖ്യാപിച്ച സമയത്ത് ആലോചിച്ചിരുന്നില്ലെന്ന് ഗൗരിയമ്മതന്നെ ഇന്ന് വ്യക്തമാക്കുകയുണ്ടായി.

കഴിഞ്ഞമാസമാണ് ജെ.എസ്.എസ് സി.പി.ഐ.എമ്മില്‍ ലയിക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചത്. ആഗസ്റ്റ് 19ന് കൃഷ്ണപ്പിള്ള ദിനത്തില്‍ ലയനം നടക്കുമെന്നുമായിരുന്നു പ്രഖ്യാപനം. കോടിയേരിയും ഗൗരിയമ്മയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഈ തീരുമാനമുണ്ടായത്.

Latest Stories

We use cookies to give you the best possible experience. Learn more