| Thursday, 10th March 2016, 10:53 am

ജെ.എസ്.എസ് രാജന്‍ബാബു വിഭാഗം എന്‍.ഡി.എയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് രാജന്‍ബാബു. യു.ഡി.എഫ് തന്നോട് കാണിച്ചത് നന്ദികേടും നീതികേടുമാണ്. പാര്‍ട്ടിയുടെ നിലനില്‍പാണ് പ്രധാനപ്പെട്ടതെന്നും രാജന്‍ബാബു പറഞ്ഞു. വി.എം സുധീരന്‍ യു.ഡി.എഫിന്റെ സാധ്യതകളെ ഇല്ലാതാക്കിയെന്നും സുധീരന്റെ വരവോടെ യു.ഡി.എഫ് മങ്ങിപോയെന്നും രാജന്‍ബാബു പറഞ്ഞു.

യു.ഡി.എഫില്‍ നിന്നും ജെ.എസ്.എസിനെ പുറത്താക്കി സുധീരന്‍ വ്യക്തി വിരോധം തീര്‍ക്കുകയാണ്. തങ്ങളുടെ പാര്‍ട്ടിയുടെ പ്രസിഡന്റിനെ ദത്തെടുത്ത് കെപിസിസി പ്രസിഡന്റ് കോണ്‍ഗ്രസിലേക്ക് കൊണ്ടുപോയെന്നും കെ.കെ ഷാജുവിനെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.

സി.പി.ഐ.എമ്മിലേക്ക് ജെ.എസ്.എസിന് പോകാനാകില്ല, നിരവധി ജെ.എസ്.എസുകാരെ രക്തസാക്ഷികളാക്കിയ പാര്‍ട്ടിയാണ് സി.പി.ഐ.എമ്മെന്നും രാജന്‍ബാബു പറഞ്ഞു.

ജെ.എസ്.എസിലെ ഒരു വിഭാഗം ബി.ജെ.പി പാളയത്തിലെത്തുന്നതോടെ കരുനാഗപ്പള്ളിയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി രാജന്‍ബാബു മത്സരിക്കാനുള്ള സാധ്യതയുണ്ട്. നേരത്തെ ഗൗരിയമ്മയുമായി രാജന്‍ബാബു ചര്‍ച്ചകള്‍ നടത്തിയെങ്കിലും ബിഡിജെഎസുമായുളള ബന്ധം പൂര്‍ണമായും ഒഴിവാക്കണമെന്ന് ഗൗരിയമ്മ ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമെ സി.പി.ഐ.എമ്മിലെത്തണമെങ്കില്‍ ഗൗരിയമ്മയുടെ പാര്‍ട്ടിയില്‍ ലയിക്കണമെന്ന നിബന്ധനയും രാജന്‍ബാബുവിന് അസ്വീകാര്യമായിരുന്നു.

യു.ഡി.എഫിന്റെ ഭാഗമായിരിക്കെ ശത്രുപാളയത്തിലുള്ള വെള്ളാപ്പള്ളി നടേശന് നിയമസഹായം നല്‍കിയതിനാലാണ് രാജന്‍ബാബുവിനെ യു.ഡി.എഫ് പുറത്താക്കിയിരുന്നത്.

We use cookies to give you the best possible experience. Learn more