കേരളത്തില്‍ ഇപ്പോള്‍ ബി.ജെ.പിയുടെ മാഹാത്മ്യം ഒളിഞ്ഞും തെളിഞ്ഞും പറയുന്നു. ക്രിസ്ത്യന്‍ പേരുകളുള്ള ഐഡികള്‍ ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും കാണാം.
ഈ നരേറ്റിവുകള്‍ പഠിച്ചാല്‍ അതിന്റ പിന്നില്‍ ആരൊക്കയാണ്, എന്ത് കൊണ്ടാണ് എന്ന് മനസിലാക്കാം. അവരുടെയെല്ലാം ടാര്‍ഗറ്റ് എന്താണ് എന്നും.
മൂന്നു തരത്തിലുള്ള ക്രിസ്ത്യന്‍ പേരുള്ള പ്രൊഫൈലുകളാണ്.
1) സംഘപരിവാര്‍ നടത്തുന്ന സോഷ്യല്‍ മീഡിയ വാര്‍ റൂമില്‍ നിന്നുള്ള ഫേക്ക് ഐഡികള്‍
ഇവരെ എങ്ങനെ തിരിച്ചറിയാം?
ക്രിസ്ത്യന്‍ പേരുകളില്‍ മിക്കവാറും സ്‌പെല്ലിങ് തെറ്റുകള്‍ കാണും. ഉദാഹരണം : Peetar jhon, അല്ലെങ്കില്‍ Agastene. അത്‌പോലെ വിചിത്രമായ പേരുകള്‍. അവയുടെ എല്ലാം പ്രൊഫൈല്‍ ലോക്ക് ചെയ്തിരിക്കും. പ്രൊഫൈല്‍ ഫോട്ടോ കുരിശോ, അല്ലെങ്കില്‍ നക്ഷത്രമൊ, യേശുവോ ഒക്കെ ആയിരിക്കും.
ഇവര്‍ ക്രിസ്ത്യാനികളെകുറിച്ച് ആരു എന്ത് പറഞ്ഞാലും വെട്ടികിളികളെപ്പോലെ ഓടികൂടി തെറി വിളിക്കും. ഇവരില്‍ യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍ ഇല്ല.
2) ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ചയുടെ ക്യാമ്പയിന്‍. ഇവര്‍ സംഘിവല്‍ക്കരിക്കപ്പെട്ട അമ്പതോ നൂറോ പേരുടെ ഗ്രൂപ്പാണ്. പക്ഷെ ഫേക്ക് ഐഡികള്‍ അടക്കം അതിന്റ നാലിരട്ടി ഉണ്ടെന്ന് തോന്നും
3) കഴിഞ്ഞ മൂന്ന് മാസം കൊണ്ട് കേരള കോണ്‍ഗ്രസ്സ് ജോസ് മാണി വിഭാഗം ഔട്ട്സോഴ്‌സ് ചെയ്തിരിക്കുന്ന ക്രിസ്ത്യന്‍ സോഷ്യല്‍ മീഡിയ ടീം
കത്തോലിക്ക സഭയിലെ ഒരു വിഭാഗത്തിന്റെ ഒത്താശയോട് കൂടിയാണത്.
ഇവരുടെ എല്ലാം കാമ്പയിന്‍ ടാര്‍ഗറ്റ് കോണ്‍ഗ്രസ്സും യൂ.ഡി.എഫുമാണ്.
അവരുടെ നരേറ്റീവ് താഴെപറയുന്നവയാണ്
1) ക്രിസ്ത്യാനികള്‍ അസമത്വം നേരിടുന്നു
2) മുസ്ലിങ്ങള്‍ ക്രിസ്ത്യന്‍ വിരുദ്ധരാണ്. അവര്‍ ലവ് ജിഹാദ് നടത്തുന്നു. ആയിരക്കണക്കിന് ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടികൊണ്ട് പോകുന്നു. ഹലാല്‍ ബിസിനസ് കൊണ്ട് ക്രിസ്ത്യന്‍ ബിസിനസ് തകര്‍ക്കുന്നു.
3) മുസ്ലിം ലീഗ് ക്രിസ്ത്യന്‍ വിരുദ്ധരാണ്. അതിന് ഉദാഹരണം : ഹാഗി സോഫി എന്ന ഏറ്റവും പഴയ ക്രിസ്ത്യന്‍ പള്ളി 1453 ഇല്‍ മോസ്‌ക്ക് ആക്കി അത്തതൂര്‍ക്ക് മ്യൂസിയമയക്കിയ ഇപ്പോള്‍ മുസ്ലിം പള്ളിയാക്കിയതിനെ ന്യായീകരിച്ചു ചന്ദ്രിക പത്രത്തില്‍ ഒരു ലേഖനം വന്നത്.
4) അത് കൊണ്ട് മുസ്ലിം ‘ മത മൗലീക ‘ വാദികളെ കൂടെകൂട്ടുന്ന കോണ്‌ഗ്രെസ്സിന് വോട്ടു നല്‍കരുത്. ഈ നാലാമത്തെ ലോജിക്കാണ് എ. വിജയരാഘവന്‍ ആവര്‍ത്തിച്ച് പറയുന്നത്. അത് തന്നെയാണ് ജോസ് മാണി കേരളാ കോണ്‍ഗ്രസ്സ് കത്തോലിക്കാ പ്രൊഫൈലുകളിലൂടെ സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ നടത്തുന്നത്.
എ.വിജയരാഘവന്‍ കേരളത്തില്‍ ക്രിസ്ത്യാനികളുടെ ഇടയിലും ഹിന്ദുക്കളുടെ ഇടയിലും പലരുടെയും ഉള്ളില്‍ ഉള്ള മുസ്ലിം വിരുദ്ധ മനോഭാവത്തെ വോട്ടാക്കാനുള്ള പുതിയ ഡിവൈഡ് ആന്‍ഡ് റൂള്‍ തന്ത്രമാണ്.
ചങ്ങനാശ്ശേരി, കോട്ടയം, പാലാ, തൃശൂര്‍ മേഖലയില്‍ ഉള്ള കത്തോലിക്കാ സമുദായത്തെ മൈക്രോ ലെവല്‍ ടാര്‍ഗെറ്റിങ് നടത്തിയുള്ള സോഷ്യല്‍ മീഡിയ, വിസ്പറിങ് ക്യാമ്പയിനാണ്. ഇതു നടത്തുന്നത് ക്രിസ്ത്യാനികളെ പ്രതേകിച്ചു കത്തോലിക്കരെ മൈക്രോ ടാര്‍ഗറ്റ് ചെയ്തുള്ള രണ്ടു മെസ്സേജ് ആണ്: ഒന്ന് മുസ്ലിം ലീഗ് ക്രിസ്ത്യന്‍ വിരോധികള്‍. രണ്ട്, മുസ്ലിം ലീഗാണ് കോണ്‍ഗ്രസ്സിനെ നയിക്കുന്നത്. അതുകൊണ്ട് യു.ഡി.എഫിന് വോട്ടു കൊടുക്കരുത്
ഇതു സി.പി.ഐ.എം സംവിധാനം സ്‌പോണ്‍സര്‍ ചെയ്തു ജോസ് മാണി കേരള കോണ്‍ഗ്രസ്സ് വഴി നടത്തുന്ന അടവ് നയ ക്യാമ്പിനാണ്. അത് നടത്തുന്നത് സഭയില്‍ ചിലരെ കോ ഓപറ്റ് ചെയ്തും അതേസമയം അതേ നരേറ്റിവ് സോഷ്യല്‍ മീഡിയ വഴിയും ലോക്കല്‍ പാരിഷ് /ഫാമിലി ഗ്രൂപ്പുകള്‍ വഴി പരത്തിയുമാണ്.
കഴിഞ്ഞ പഞ്ചായത്ത് തിരെഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് 9% ത്തോളം വോട്ടു ഷെയര്‍. കോണ്‍ഗ്രസിന് അതിന്റ മൂന്നിരട്ടി 28% ത്തോളം വോട്ട് ഷെയര്‍. കോണ്‍ഗ്രസ് നയിക്കുന്ന യു.ഡി.എഫ് ഇല്‍ മുസ്ലിം ലീഗാണ് കാര്യം നടത്തുന്നത് എന്നത് വാസ്തവ വിരുദ്ധമാണ്. പക്ഷെ ഒരു കാര്യം നൂറു പേര്‍ നൂറു പ്രാവശ്യം പറഞ്ഞാല്‍ സോഷ്യല്‍ മീഡിയ ഇക്കൊ ചെമ്പറില്‍ അത് പൊതു ധാരണയാകും. മുഖ്യധാര മാധ്യമങ്ങള്‍ ഏറ്റെടുക്കും.
മുകളില്‍ പറഞ്ഞ ആദ്യ രണ്ടു ഗ്രൂപ്പുകള്‍ മുസ്ലിം വിരോധം കുത്തിവച്ചു ക്രിസ്ത്യാനികളുടെ ഇടയില്‍ ബി.ജെ.പി അനുകൂല മനസ്ഥിതിയുണ്ടാക്കാന്‍ ശ്രമിക്കുന്നു. മൂന്നാമത്തെ ജോസ് മാണി ഗ്രൂപ്പ് മുസ്ലിം ലീഗ് വിരുദ്ധനരേറ്റിവിലൂടെ കോണ്‍ഗ്രസ്സിനെ ടാര്‍ഗറ്റ് ചെയ്യുന്നു.
പക്ഷെ ഈ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കേരളത്തിലെ പൊളിറ്റിക്കല്‍ സോഷ്യോളജി മനസ്സിലാക്കണം. അത് പോലെ പൊളിറ്റിക്കല്‍ ഇക്കൊണമിയും.
കേരളത്തില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ അഞ്ചു ദിശകങ്ങളില്‍ ഒരു സവര്‍ണ്ണ മേല്‍ക്കോയ്മ സാമൂഹിക രാഷ്ട്രീയം രൂപപെട്ടു. അത് N-N-N എന്ന നമ്പൂതിരി-നായര്‍ -നസ്രാണി ഹെജമണി ആയിരുന്നു. അത് അറിയണമെങ്കില്‍ 1950 കളിലെ രാഷ്ട്രീയ പാര്‍ട്ടികളുടെയും ബിസിനസ് സംരഭങ്ങളുടെയും ഭൂസ്വത്തിന്റെയും കണക്ക് പഠിച്ചാല്‍ മതി.
ഈ മേല്‍കോയ്മയെ ആദ്യം ചോദ്യം ചെയ്തത് എണ്ണത്തില്‍ കൂടുതലായ ഈഴവ സമുദായമാണ്. കേരളത്തില്‍ ആര്‍ ശങ്കര്‍ മുഖ്യമന്ത്രിയായപ്പോള്‍ മുതല്‍ കൂടിയ അസ്വസ്ഥത കൂടിയാണ് കോണ്‍ഗ്രസില്‍ പുതിയ ക്രിസ്ത്യന്‍ വിഭാഗീയതയുണ്ടായത്. അതില്‍ പി ടി ചാക്കോയെ ടാര്‍ഗറ്റ് ചെയ്യുന്നു എന്ന വികാരത്തിലാണ് നായര്‍ പിന്തുണയോടെ കേരള കോണ്ഗ്രസ് ഉണ്ടായത്.
കോണ്‍ഗ്രസ് ക്ഷീണിച്ച അവസ്ഥയില്‍ സപ്തമുന്നണിയുണ്ടാക്കി മുസ്ലിം ലീഗിനെ ഘടക കക്ഷിയാക്കിയാണ് സി.പി.ഐ.എം കേരളത്തില്‍ ആദ്യമായി 1967 ഇ.എം.എസി ന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്നത്. 1957 ല്‍ സി.പി.ഐ മന്ത്രിസഭയായിരുന്നു.
അന്ന് നല്ലതായിരുന്ന മുസ്ലിം ലീഗ് ഇന്ന് വിജയരാഘവനും സി.പി.ഐ.എമ്മിനും മത മൗലീക വാദികള്‍ ആയതു എന്ത് കൊണ്ടാണ്?
1) അന്ന് മുസ്ലിങ്ങള്‍ സാമ്പത്തികമായും വിദ്യാഭ്യാസപരമായും സാമൂഹികമായും കേരളത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപെട്ട സമൂഹം. അതുകൊണ്ട് തന്നെ കേരളത്തില്‍ വ്യവസ്ഥാപിതമായ 3 N മേല്‍ക്കോയ്മക്കുള്ളില്‍ ഒരു അക്കൊമെഡിറ്റിവ് രാഷ്ട്രീയമായിരുന്നു.
അന്ന് പൊതുവെ കമ്മ്യുണിസ്റ്റ് വിരുദ്ധരായിരുന്ന കത്തോലിക്ക/ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള കേരള കോണ്‍ഗ്രസ് സവര്‍ണ്ണ ജാതി നേതൃത്വമുള്ള സി.പി.ഐ.എമ്മിനേ പിന്തുണക്കില്ല. അതിന് ബദലായാണ് വിമോചന സമര നേതാവ് ആയിരുന്ന വടക്കനച്ഛന്റെ പാര്‍ട്ടിയെ കൂടെകൂട്ടി സി.പി.ഐ.എം വെല്ലിങ്ങ്ടണെ മന്ത്രിയാക്കി.
2) പക്ഷെ ഇന്ന് സ്ഥിതി മാറി. കേരളത്തില്‍ 1987 മുതലാണ് സാമ്പത്തിക വളര്‍ച്ചയുണ്ടായത്. 1987 മുതലാണ് കേരളത്തില്‍ സെക്റ്ററിയന്‍ വിഭാഗ രാഷ്ട്രീയത്തില്‍ നിന്നും മൃദു വര്‍ഗീയ രാഷ്ട്രീയത്തിന്റെ തുടക്കം. അത് അടവ് നയമാക്കിയത് ഇ.എം.എസ്.
എന്നാല്‍ 1990 കള്‍ മുതലുള്ള സാമ്പത്തിക വളര്‍ച്ചയില്‍ അതുവരെ പാര്‍ശ്വവല്‍ക്കരിക്കപെട്ട ഈഴവ സമൂഹവും മുസ്ലിം സമൂഹവും സാമ്പത്തികമായി വളര്‍ന്നു.
അതിന് രണ്ടു കാരണങ്ങളുണ്ട്.
ഒന്ന്. വിദ്യാഭ്യാസം കിട്ടിയ മുസ്ലിങ്ങള്‍ വലിയ തോതില്‍ ഗള്‍ഫില്‍ പോയി പണം അയച്ചു. മക്കളെ പഠിപ്പിച്ചു. സാമൂഹിക – സാമ്പത്തിക രംഗങ്ങളില്‍ മുന്നോട്ട് വന്നു.
രണ്ട്. ഗള്‍ഫ് റെമിറ്റന്‍സില്‍ വളര്‍ന്ന കേരള സാമ്പത്തിക രംഗത്തു സംരഭക ശീലമുള്ള ഈഴവര്‍ സാമ്പത്തികമായി വളര്‍ന്നു. സാമ്പത്തിക വളര്‍ച്ചയും വിദ്യാഭ്യാസ വളര്‍ച്ചയും സാമൂഹിക വളര്‍ച്ചയും കൂടി
ഈഴവരുട സാമ്പത്തിക സാമൂഹിക വളര്‍ച്ചയില്‍ സി.പി.ഐ.എമ്മില്‍ തന്നെ ഈഴവ നേതൃത്വം വളര്‍ന്നു.
1960 കളിലെ പഴയ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മുസ്ലിം ലീഗില്‍ നിന്നും സാമ്പത്തികവും വിദ്യാഭ്യാസപരമായും സാമൂഹികമായും മുന്നിലായ മുസ്ലിം ലീഗിനോട് അലോസരമുണ്ടാകുന്നതിന്റ പൊളിറ്റിക്കല്‍ സോഷ്യലെജി മനസ്സിലാക്കണം.
കേരളത്തിലെ 3 N ഹെജമണി (സാമൂഹിക -രാഷ്ട്രീയ മേല്‍ക്കോയ്മ ) കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളില്‍ മാറി മറിഞ്ഞു. ഈഴവ സമുദായവും മുസ്ലിം സമുദായവും കേരളത്തിലെ സാമ്പത്തിക -സാമുദായിക രാഷ്ട്രീയ മുഖ്യധാരയില്‍ പ്രാബല്യം നേടി. രാഷ്ട്രീയമായി ശക്തിപ്രാപിച്ചു.
അതോടൊപ്പം 1992 ഇല്‍ ബാബറി മസ്ജിദ് തകര്‍ക്കലിന് ശേഷം കേരളത്തില്‍ പുതിയ ഇസ്ലാമിസ്റ്റ് ന്യൂനപക്ഷ വര്‍ഗീയത വളര്‍ന്നതും ആഗ്രസ്സീവ് പോസ്റ്ററിങ്ങും ജനസംഖ്യ വര്‍ദ്ധനവുമെല്ലാം മറ്റു സമുദായങ്ങളിലെ രാഷ്ട്രീയ പൊതുബോധത്തെ ബാധിച്ചു.
ഈഴവരുടെയും മുസ്ലിങ്ങളുടെയും സാമ്പത്തിക -സാമൂഹിക വളര്‍ച്ചയില്‍ 3N അപ്പര്‍ഹാന്‍ഡ് കുറഞ്ഞത് കേരളത്തിലെ പൊളിറ്റിക്കല്‍ സോഷ്യോളജിയെ മാറ്റി മറിച്ചും.
1940കള്‍ മുതല്‍ 80കള്‍ വരെ ക്രിസ്ത്യന്‍ സമുദായം സാമൂഹികമായും വിദ്യാഭ്യാസപരമായും വളര്‍ന്നത് പോലെ 1990കള്‍ മുതല്‍ മുസ്ലിം സമുദായവും വളര്‍ന്നു. അത് സ്വാഭാവികമായി സംഭവിച്ച സാമൂഹിക പരിണാമമാണ്.
കേരളത്തില്‍ ഇതു ഏറ്റവും അരക്ഷിതരാക്കിയത് നായര്‍ – നസ്രാണി വിഭാഗങ്ങളെയാണ്. നസ്രാണി വിഭാഗം സാമൂഹികമായും സാമ്പത്തികമായും ഏറ്റവും മുന്നില്‍ നില്‍ക്കുന്നു എങ്കിലും രാഷ്ട്രീയമായി പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നു എന്ന തോന്നല്‍ വ്യാപകമാണ്. അതിന് ഒരു കാരണം ഏറ്റവും കൂടുതല്‍ ബ്രയിന്‍ ഡ്രയിന്‍ (Brain drain ) ഉണ്ടായത് ക്രിസ്ത്യാനികള്‍ക്കിടയിലാണ്. അവര്‍ ഗ്ലോബലൈസ് ചെയതപ്പോള്‍ ലോക്കലില്‍ ക്ഷീണിച്ചു.
പത്തനംതിട്ട ജില്ല ഉദാഹരണമാണ്. ക്രിസ്ത്യാനികള്‍ക്ക് നെഗറ്റീവ് ഗ്രോത്താണ്. കാരണം നാല്പത് ശതമാനം ക്രിസ്ത്യാനീകള്‍ യൂറോപ്പ്, അമേരിക്ക, കാനഡ ഓസ്ട്രെലിയ, ന്യൂസിലാന്‍ഡ് എന്നുവിടങ്ങളില്‍ കുടിയെറി. ബാക്കി ഉള്ളവര്‍ ഗള്‍ഫില്‍.
കേരളത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടികളിലും കോണ്‍ഗ്രസ് പാര്‍ട്ടിയിലും ക്രിസ്ത്യന്‍ നേതാക്കളുടെ റോള്‍ കുറഞ്ഞു.ഉള്ളവര്‍ പ്രായമായി.
അടുത്ത പത്തു കൊല്ലത്തില്‍ കേരളത്തില്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള നേതാക്കള്‍ കോണ്‍ഗ്രസ്സില്‍ ഇല്ലെന്നുള്ളത് ആ സമൂഹത്തില്‍ രാഷ്ട്രീയ അരക്ഷിതബോധം കൂട്ടിയെന്നുള്ളത് വാസ്തവമാണ്. കോണ്‍ഗ്രസില്‍ നിന്ന് മാറി ചിന്തിക്കാന്‍ ക്രിസ്ത്യാനികള്‍ക്ക് ഇടനല്‍കിയ സാഹചര്യമാണ്. We are taken for granted എന്ന ധാരണ ക്രിസ്ത്യാനികളില്‍ വളര്‍ന്നിട്ടുണ്ട്.
കമ്മ്യുണിസ്റ്റ് പാര്‍ട്ടികളില്‍ നസ്രാണികള്‍ക്ക് കപ്യാര്‍ റോള്‍ പോലും കിട്ടില്ല എന്ന ധാരണയുമുണ്ട്. കെ.എം മാണിയുടെ വിയോഗം ഒരു ട്രാന്‍സിസിഷന്‍ പോയന്റാണ്. അല്‍ഫോണ്‍സ് കണ്ണന്തനാവും ജേക്കബ് തോമസും ബി.ജെ.പി യില്‍ പോയത് അവര്‍ക്കു കോണ്‍ഗ്രസ്സിലോ, കമ്മ്യൂണിസ്‌റ് പാര്‍ട്ടികളിലോ സ്പേസ് കിട്ടില്ല എന്നത് കൊണ്ടാണ്. അതു മാത്രം അല്ല. അധികാര ഐഡിയോലജിയിലെക്കുള്ള കോന്‍ഫേമിസ്റ്റ് സമീപനവും ഒരു കാരണമാണ്.
കേരളത്തിലെ സോഷ്യോളജിയില്‍ തിരുവിതാങ്കൂര്‍ മേഖലയില്‍ നായര്‍ -നസ്രാണി സാമൂഹിക സാമ്പത്തിക താല്പര്യങ്ങള്‍ സമാനമാണ്. സവര്‍ണ്ണ മനസ്ഥിതി രൂഢ മൂലമാണ്. അതും ബി.ജെ.പി ചായ്വിന് കാരണമാണ്.
ഇപ്പോള്‍ എല്‍.ഡി.എഫിന്റ കൂടെ നില്‍ക്കുന്ന ജോസ് മാണി കേരള കോണ്‍ഗ്രസ് മാറുന്ന രാഷ്ട്രീയ കാലാവസ്ഥയില്‍ ബി.ജെ.പി യുടെ കൂടെ പോകാന്‍ മടികാണില്ല. ഇന്ന് എല്‍.ഡി.എഫിനെ പിന്തുണക്കുന്ന ക്രിസ്ത്യന്‍ മുസ്ലിം വിഭാഗങ്ങള്‍ സാമൂഹികമായി വലതുപക്ഷമാണ്. ഭൂരിപക്ഷം മത വിശ്വാസികളാണ്
മുസ്ലീങ്ങള്‍ക്ക് മുസ്ലിം ലീഗുണ്ട്, കേരള കോണ്ഗ്രസ് ശിഥിലമായി തകര്‍ന്നു. കോണ്‍ഗ്രസില്‍ ലീഡര്‍ഷിപ്പ് റോള്‍ കുറഞ്ഞു. കമ്മ്യൂണിസ്‌റ് പാര്‍ട്ടികളില്‍ ഒരു റോളും ഇല്ല.
ഇതൊക്കെയാണ് ക്രിസ്ത്യന്‍ സമൂഹത്തെ രാഷ്ട്രീയമായി കൂടുതല്‍ അരക്ഷിതരാക്കുന്നത്. ആ അരക്ഷിത ബോധത്തെ തല്ക്കാല രാഷ്ട്രീയത്തില്‍ ലാഭമുണ്ടാക്കാനാണ് എല്‍.ഡി.എഫ് കോഴ മാണി എന്ന് വിളിച്ച കെ.എം മണിയുടെ മകനെ കൂടെ കൂടിയത്. അത് രാഷ്ട്രീയ സിമ്പോളിസം മാത്രമാണ്.
നസ്രാണി സമൂഹത്തിന്റെ സാമൂഹിക -രാഷ്ട്രീയ അരക്ഷിത ബോധത്തെ ലോങ്ങ് ടെമില്‍ മുതല്‍ എടുത്തു ഒരു നായര്‍ -നസ്രാണി -ഈഴവ ചേരുവയുണ്ടാക്കി ഭരണം പിടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അതിന് ആദ്യം വഴി വെട്ടുന്നത് കേന്ദ്ര സര്‍ക്കാരിന്റെ സഹായം വേണ്ട സഭയും കേരള കോണ്‍ഗ്രസുമായിരിക്കും.
അതിന് വേണ്ടത് കോണ്‍ഗ്രസ് മുക്ത കേരളമാണ്. കോണ്‍ഗ്രസ് മുക്ത കേരളത്തില്‍ അടിമുടി തകരാന്‍ പോകുന്നത് സ.പി.ഐ.എം ആയിരിക്കും.
കേരളത്തില്‍ കോണ്‍ഗ്രസ്സും ഇടതു പക്ഷ പാര്‍ട്ടികളും നിലനിന്നു ശക്തമാക്കേണ്ടത് കേരളത്തിന്റ മത സൗഹൃദത്തിനും സമാധാനത്തിനും ആവശ്യമാണ്. ക്രിസ്തീയ സഭകളും അരക്ഷിത ബോധം കൂടിയ ക്രിസ്ത്യാനികളും കേരളത്തില്‍ ബി ജെ പി ക്ക് വഴിവെട്ടിയാല്‍ അവര്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുകയായിരിക്കും.
കോണ്‍ഗ്രസ്സിനെ വിമര്‍ശിച്ചു ഇല്ലാതെയാക്കിയാല്‍ കേരള രാഷ്ട്രീയത്തിന്റെ പുറമ്പോക്കില്‍ പോലും ക്രിസ്ത്യനികള്‍ കാണില്ല. കേരളത്തില്‍ ബി.ജെ.പിക്ക് വഴിവെട്ടുന്ന ക്രിസ്ത്യന്‍ സഭകള്‍ ക്രിസ്ത്യാനികള്‍ക്കെതിരെ യൂ.പി യിലും ഒറീസ്സയിലും ഗുജറാത്തിലും നടന്ന ആക്രമണങ്ങള്‍ മറക്കരുത്.
ഫാദര്‍ സ്റ്റാന്‍ സ്വാമി 84 വയസില്‍ ഇന്നും ജയിലിലാണ്. ആരാണ് ജയിലില്‍ അടച്ചത്?
പിന്‍കുറിപ്പ്
ഇവിടെ എന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ തുടക്കം മുതല്‍ എഴുതുന്നത് എന്റെ വ്യക്തിപരമായ കാഴ്ച്ചകളും കാഴ്ചപ്പാടുകളും അഭിപ്രായങ്ങളുമാണ്. അത് ഞാന്‍ അംഗമായ ഏതെങ്കിലും സംഘടനയുടെയോ പ്രസ്ഥാനങ്ങളുടെയോ നിലപാട് അല്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: JS Adoor BJP Kerala Politics CPIM Congress Kerala Congress Mani