വയനാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.കെ. ജാനുവിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതുമായി ബന്ധപ്പെട്ടു നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ കൂടുതല്‍ തെളിവുകള്‍ കൈവശമുണ്ടെന്നു ജെ.ആര്‍.പി. സംസ്ഥാന ട്രഷറര്‍ പ്രസീത. തന്നെ അവഹേളിക്കാന്‍ ശ്രമിച്ചാല്‍ ഈ ശബ്ദ രേഖകളെല്ലാം പുറത്തു വിടുമെന്നും പ്രസീത ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
സി.കെ. ജാനുവിനു ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പണം നല്‍കിയതുമായി ബന്ധപ്പെട്ടു വെളിപ്പെടുത്തല്‍ നടത്തിയതിനു പിന്നാലെ ബി.ജെ.പി.ക്കാര്‍ തന്നെ വ്യക്തിഹത്യ നടത്തുന്നുവെന്നും പ്രസീത പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണു കൂടുതല്‍ ഉപദ്രവിച്ചാല്‍ രേഖകള്‍ പുറത്തു വിടുമെന്ന് പ്രസീത പറഞ്ഞത്.
‘ജെ.ആര്‍.പി. എന്‍.ഡി.എ.യുടെ ഭാഗമാവുന്നതുമായി ബന്ധപ്പെട്ടു നടന്ന ചര്‍ച്ചകളുടെയും സി.കെ.ജാനുവിനെ സ്ഥാനാര്‍ഥിയാക്കുന്നതുമായി ബന്ധപ്പെട്ടും പ്രചാരണ നാളുകളിലുമെല്ലാം ബി.ജെ.പി. നേതാക്കളുമായി സംസാരിച്ചതിന്റെയുമെല്ലാം ശബ്ദരേഖകള്‍ കൈവശമുണ്ട്. കൂടുതല്‍ പ്രകോപിപ്പിക്കാനും അവഹേളിക്കാനുമാണു ബി.ജെ.പി നേതാക്കളുടെ ശ്രമമെങ്കില്‍ ഇവയെല്ലാം പുറത്തുവിടേണ്ടിവരും. പിന്നെ ആദര്‍ശംപറഞ്ഞ് തലയുയര്‍ത്തി നടക്കാന്‍ അവര്‍ക്കു കഴിഞ്ഞെന്നുവരില്ല,’ പ്രസീത പറഞ്ഞു.
സരിത 2.0 എന്നു വിശേഷിപ്പിച്ചാണു സന്ദേശങ്ങള്‍ അയയ്ക്കുന്നത്. ഇതിനെതിരെ നിയമവഴി തേടുമെന്നും പ്രസീത പറഞ്ഞു.
10 കോടി രൂപയാണു സി.കെ. ജാനു ചോദിച്ചതെന്നും ഇതിന്റെ ആദ്യഘഡുവായിട്ടാണു പത്ത് ലക്ഷം രൂപ നല്‍കിയതെന്നും പ്രസീത നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് സുരേന്ദ്രനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും പുറത്തു വിട്ടിട്ടുണ്ട്. പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തില്‍ മാര്‍ച്ച് ആറിന് തിരുവനന്തപുരത്തു വന്നാല്‍ പണം നല്‍കാമെന്നും തെരഞ്ഞെടുപ്പു സമയം ആയതിനാല്‍ പണം കൊണ്ടുനടക്കാന്‍ കഴിയില്ലെന്നായിരുന്നു കെ. സുരേന്ദ്രന്‍ പറഞ്ഞ്.
ജാനുവുമായുള്ള ചര്‍ച്ചക്കായി നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും പാര്‍ട്ടിയിലേക്കും ഫണ്ട് ആവശ്യമുണ്ടെന്നും പ്രസീത ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്.
10 കോടി രൂപയും പാര്‍ട്ടിക്ക് അഞ്ച് നിയമസഭ സീറ്റും കേന്ദ്രമന്ത്രി സ്ഥാനവുമാണ് സി.കെ. ജാനു ആവശ്യപ്പെട്ടത്. എന്നാല്‍ കോട്ടയത്ത് നടന്ന ചര്‍ച്ചയില്‍ കെ. സുരേന്ദ്രന്‍ ഇതൊന്നും അംഗീകരിച്ചില്ല. പിന്നീടാണ് സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞു 10 ലക്ഷം രൂപ ആവശ്യപ്പെട്ടതെന്നും പ്രസീത മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ ഈ ആരോപണങ്ങളെ കെ. സുരേന്ദ്രന്‍ എതിര്‍ത്തിരുന്നു. പ്രസീതയുമായി സംസാരിച്ചില്ലെന്ന് പറയുന്നില്ല, പക്ഷെ ശബ്ദരേഖകള്‍ കൃത്രിമമായി നിര്‍മിക്കാനും കഴിയും എന്നാണു സുരേന്ദ്രന്‍ മറുപടി പറഞ്ഞത്.