'മീനിനേക്കാള്‍ കൂടുതല്‍ വാളും ചോരയും കണ്ട ചെങ്കടല്‍' അടുത്ത പാന്‍-ഇന്ത്യന്‍; ദേവര ഗ്ലിംസ് വീഡിയോ
Film News
'മീനിനേക്കാള്‍ കൂടുതല്‍ വാളും ചോരയും കണ്ട ചെങ്കടല്‍' അടുത്ത പാന്‍-ഇന്ത്യന്‍; ദേവര ഗ്ലിംസ് വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 8th January 2024, 5:39 pm

ജനതാ ഗാരേജ് ചിത്രത്തിന്റെ സംവിധായകന്‍ കൊരട്ടാല ശിവക്കൊപ്പമുള്ള ജൂനിയര്‍ എന്‍.ടി.ആറിന്റെ പാന്‍ ഇന്ത്യന്‍ ചിത്രമാണ് ദേവര. ജാന്‍വി കപൂര്‍ നായികയായി എത്തുന്ന ചിത്രത്തില്‍ ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍ വില്ലനായി എത്തുന്നുണ്ട്. ഭൈര എന്ന കഥാപാത്രമായാണ് അദ്ദേഹം ചിത്രത്തിലെത്തുന്നത്.

ചിത്രത്തിന്റെ ഗ്ലിംസ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ ഇന്ന് പുറത്തുവിട്ടു. ഒരു മിനിട്ട് 19 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ വളരെ പെട്ടെന്ന് തന്നെ ആരാധകര്‍ ഏറ്റെടുത്തു. ചെങ്കടലിലെ കപ്പലിനെ കാണിച്ചു കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.

ധാരാളം കപ്പലുകളെയും ആളുകളെയും വീഡിയോയില്‍ കാണാം. ദേവരയുടെ ഗ്ലിംസില്‍ അനിരുദ്ധിന്റെ ‘ഓള്‍ ഹെയില്‍ ദി ടൈഗര്‍’ എന്ന ബി.ജി.എമ്മും ഉണ്ട്. ‘മീനിനേക്കാള്‍ വാളും ചോരയും കണ്ടതാണ് ഈ കടല്‍, അതിനാലാണ് ഇതിനെ ചെങ്കടല്‍ എന്ന് വിളിക്കുന്നത്’ എന്ന ഡയലോഗോടെയാണ് വീഡിയോ അവസാനിക്കുന്നത്.

വിജയ ചിത്രം ആര്‍.ആര്‍.ആറിന് ശേഷം ജൂനിയര്‍ എന്‍.ടി.ആര്‍ നായകനാകുന്ന ചിത്രം കൂടെയാണ് ഇത്. എന്‍.ടി.ആര്‍ ആര്‍ട്‌സിന് കീഴില്‍ കല്യാണ്‍ റാം ആണ് ചിത്രം അവതരിപ്പിക്കുന്നത്. സുധാകര്‍ മിക്കിളിനേനിയും കൊസരാജു ഹരികൃഷ്ണയുമാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.

ചിത്രം ആദ്യം ഒരു ഭാഗമായി റിലീസ് ചെയ്യാനായാണ് ഉദ്ദേശിച്ചതെങ്കിലും പിന്നീട് രണ്ട് ഭാഗങ്ങളാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ ഭാഗം ഏപ്രില്‍ അഞ്ചിന് തിയേറ്ററുകളിലെത്തും.

ചിത്രത്തില്‍ ജൂനിയര്‍ എന്‍.ടി.ആറിനൊപ്പം സെയ്ഫ് അലി ഖാന്‍, ജാന്‍വി കപൂര്‍, പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈന്‍ ടോം ചാക്കോ എന്നിവരും ഒന്നിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

നന്ദമുരി താരക രാമറാവു ആര്‍ട്സ്, യുവസുധ ആര്‍ട്സ് എന്നീ ബാനറുകളിലാണ് ചിത്രമൊരുങ്ങുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍: സാബു സിറില്‍, എഡിറ്റര്‍: ശ്രീകര്‍ പ്രസാദ്, ഡി.ഒ.പി.: രത്‌നവേലു ഐ.എസ്.സി, സൗണ്ട് മിക്സ്: അന്നപൂര്‍ണ സ്റ്റുഡിയോസ്

Content Highlight: Jr NTR’s Devara Movie Glimps Video Out