മോദിയും അദാനിയും ഒരു നാണയത്തിന്റെ ഇരു വശങ്ങൾ: ജയറാം രമേശ്
national news
മോദിയും അദാനിയും ഒരു നാണയത്തിന്റെ ഇരു വശങ്ങൾ: ജയറാം രമേശ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd November 2024, 3:04 pm

ന്യൂദൽഹി: അദാനിയെ അറസ്റ്റ് ചെയ്‌താൽ ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുടുങ്ങുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. പ്രധാനമന്ത്രിയടക്കം പുലർത്തുന്ന നിസ്സംഗതയെ ചോദ്യം ചെയ്തുകൊണ്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അദാനി വിഷയത്തിൽ സംയുക്ത പാര്‍ലമെന്ററി അന്വേഷണം (ജെ.പി.സി) വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒപ്പം അദാനിയും മോദിയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും അദ്ദേഹം വിമർശിച്ചു.

‘അദാനിയുടെ വിഷയത്തിൽ വലിയ വിവാദമായ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഗൗതം അദാനിക്കും മറ്റുള്ളവര്‍ക്കുമെതിരെ യു.എസിലെ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കോഴ നൽകിയ കേസിൽ അദാനി കുറ്റക്കാരനാണെന്ന് അവർ കണ്ടെത്തിയിട്ടുണ്ട്. അമേരിക്കൻ ഇൻവെസ്റ്റേഴ്‌സ് അടുത്ത നിന്ന് മാത്രമല്ല ഇന്ത്യൻ ഇൻവെസ്റ്റേഴ്സിന്റെ പക്കൽ നിന്നും അദാനി കൈക്കൂലി വിവരങ്ങൾ മറച്ച് വെച്ചു.

രാഹുൽഗാന്ധി അദാനിയുടെ അറസ്റ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവിടെ ഇൻവെസ്റ്റിഗേഷൻ വരെ കഴിഞ്ഞതാണ്. ഞാൻ കരുതുന്നത് സർക്കാർ അദാനിയെ പിന്തുണച്ചുകൊണ്ട് ഇരിക്കും. അദാനി അറസ്റ്റിലായാൽ മോദിയും അറസ്റ്റിലാകും.

അദാനിയും മോദിയും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ്. ഇന്ത്യാ സഖ്യവും കോൺഗ്രസ് പാർട്ടിയും ആവശ്യപ്പെടുന്നത് ജെ.പി.സി അന്വേഷണം ആണ്. അദാനി, അദാനിയായത് മോദിയുള്ളതിനാൽ മാത്രമാണ്. ഏത് സർക്കാരാണോ തെറ്റ് ചെയ്യുന്നത്, അഴിമതി നടത്തുന്നത് അവർക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളുക തന്നെ വേണം,’ അദ്ദേഹം പറഞ്ഞു.

അദാനിക്കെതിരെ അമേരിക്ക ശതകോടികളുടെ വഞ്ചനാക്കേസെടുത്തതിനു പിന്നാലെ, കഴിഞ്ഞ ദിവസവും അദാനിയുടെ കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ അഴിമതികളെ കുറിച്ച് സംയുക്ത പാര്‍ലമെന്ററി അന്വേഷണം (ജെ.പി.സി) ആവശ്യമാണെന്ന കോണ്‍ഗ്രസിന്റെ വാദത്തെ അനുകൂലിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞിരുന്നു.

അദാനി നടത്തിയ മെഗാ അഴിമതി സംബന്ധിച്ച് സുരക്ഷാ നിയമ അന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും അന്വേഷണത്തിന് പുതിയതും വിശ്വസ്തതയുമുള്ള സെബി മേധാവിയെ നിയമിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഇരുപത് വര്‍ഷത്തിനുള്ളില്‍ രണ്ട് ബില്യണ്‍ ഡോളര്‍ ലാഭം പ്രതീക്ഷിക്കുന്ന സൗരോര്‍ജ വിതരണ കരാറുകള്‍ നേടാന്‍ കൈക്കൂലി ഇടപാടുകള്‍ നടത്തിയെന്നും ഇക്കാര്യം മറച്ചുവെച്ച് അമേരിക്കയില്‍ നിക്ഷേപ തട്ടിപ്പ് നടത്തിയെന്നുമാണ് അദാനിക്കെതിരായ കേസ്.

ഗൗതം അദാനി, ബന്ധു സാഗര്‍ അദാനി ഉള്‍പ്പടെ ഏഴ് പേര്‍ക്കെതിരെയാണ് കേസ്. അദാനിക്കെതിരെയും അദാനി ഗ്രീന്‍ എനര്‍ജി കമ്പനിയിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ വളരെ ഗൗരവമേറിയ കുറ്റങ്ങളാണ് യു.എസ് ചുമത്തിയിരിക്കുന്നത്.

Content Highlight: JPC inquiry raised by Congress on US action against Adani upheld said by Jairam Ramesh