| Thursday, 21st November 2024, 7:03 pm

അദാനിക്കെതിരെയുള്ള യു.എസ് നടപടി കോണ്‍ഗ്രസ് ഉന്നയിച്ച ജെ.പി.സി അന്വേഷണം ശരിവെക്കുന്നത്: ജയറാം രമേശ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അദാനിക്കെതിരെ അമേരിക്ക ശതകോടികളുടെ വഞ്ചനാക്കേസെടുത്തതിനു പിന്നാലെ, അദാനിയുടെ കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ അഴിമതികളെ കുറിച്ചും സംയുക്ത പാര്‍ലമെന്ററി അന്വേഷണം (ജെ.പി.സി) ആവശ്യമാണെന്ന കോണ്‍ഗ്രസിന്റെ വാദത്തെ ശരിവെക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്.

അദാനി നടത്തിയ മെഗാ അഴിമതി സംബന്ധിച്ച് സുരക്ഷാ നിയമ അന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും അന്വേഷണത്തിന് പുതിയതും വിശ്വസ്തതയുമുള്ള സെബി മേധാവിയെ നിയമിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

‘ഗൗതം അദാനിക്കും മറ്റുള്ളവര്‍ക്കുമെതിരെ യു.എസിലെ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. പല മോദാനി അഴിമതികളെ കുറിച്ച് സംയുക്ത പാര്‍ലമെന്ററി കമ്മറ്റി അന്വേഷണത്തിനായി 2023 മുതല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആവശ്യത്തെ ഇത് ശരിവെക്കുകയാണ്,’ ജയ്‌റാം രമേശ് എക്‌സ് പോസ്റ്റില്‍ കുറിച്ചു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഹം അദാനി കെ ഹേ പരമ്പരയില്‍ അദാനിയുടെയും പ്രധാനമന്ത്രിയുടെയും അടുപ്പത്തിനെ കുറിച്ചുള്ള വിവിധ മാനങ്ങള്‍ പുറത്ത്‌കൊണ്ടുവരുന്ന നൂറു ചോദ്യങ്ങള്‍ ചോദിച്ചിട്ടും ഉത്തരം ലഭിച്ചിരുന്നില്ലെന്നും ജയറാം രമേശ് പറഞ്ഞു.

അദാനി ഗ്രൂപ്പിന്റെ ഇടപാടുകള്‍ സംബന്ധിച്ചുള്ള സംയുക്തമായ അന്വേഷണം ആവശ്യമാണെന്നും മാത്രമല്ല, കുത്തകവത്ക്കരണവും പണപ്പെരുപ്പവും വര്‍ധിപ്പിക്കുന്നതിനും ഇവ കാരണമാവുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

അദാനി ഇന്ത്യയില്‍ നടത്തിയ അഴിമതികളെല്ലാം പ്രധാനമന്ത്രിയുടെ വ്യക്തമായ സംരക്ഷണത്തോടെയാണെന്നും ശിക്ഷിക്കപ്പെടാതെ നടത്തിയ വഞ്ചനയും ക്രിമിനലിസവുമാണിതെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.

അതേസമയം അദാനിയുമായുള്ള ഇടപാടില്‍ ജെ.പി.സി അന്വേഷണം വേണമെന്ന് രാഹുല്‍ ഗാന്ധിയും ആവശ്യപ്പെട്ടു. അദാനിക്കെതിരെ അമേരിക്കയില്‍ കൈക്കൂലി കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.

അദാനി ഒരേസമയം ഇന്ത്യന്‍ നിയമങ്ങളും അമേരിക്കന്‍ നിയമങ്ങളും ലംഘിക്കുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു. ദല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. അദാനിയെ സംരക്ഷിക്കുന്നത് സെബി ചെയര്‍മാനായ മാധബി പുരി ബുച്ചാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇരുപത് വര്‍ഷത്തിനുള്ളില്‍ രണ്ട് ബില്യണ്‍ ഡോളര്‍ ലാഭം പ്രതീക്ഷിക്കുന്ന സൗരോര്‍ജ വിതരണ കരാറുകള്‍ നേടാന്‍ കൈക്കൂലി ഇടപാടുകള്‍ നടത്തിയെന്നും ഇക്കാര്യം മറച്ചുവെച്ച് അമേരിക്കയില്‍ നിക്ഷേപ തട്ടിപ്പ് നടത്തിയെന്നുമാണ് അദാനിക്കെതിരായ കേസ്.

ഗൗതം അദാനി, ബന്ധു സാഗര്‍ അദാനി ഉള്‍പ്പടെ ഏഴ് പേര്‍ക്കെതിരെയാണ് കേസ്. അദാനിക്കെതിരെയും അദാനി ഗ്രീന്‍ എനര്‍ജി കമ്പനിയിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ വളരെ ഗൗരവമേറിയ കുറ്റങ്ങളാണ് യു.എസ് ചുമത്തിയിരിക്കുന്നത്.

Content Highlight: JPC inquiry raised by Congress on US action against Adani upheld: Jairam Ramesh

We use cookies to give you the best possible experience. Learn more