തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ പേരിലുള്ള കത്ത് വിവാദത്തിനെതിരായ സമരത്തിനിടെ മാധ്യമപ്രര്‍ത്തകന് നേരെ ബി.ജെ.പി നേതാക്കളുടെ അതിക്രമം.
കൈരളി വാര്‍ത്താസംഘത്തിന്റെ നേരെയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി. രാജേഷും ക്ഷുഭിതനായത്. ഇതുസംന്ധിച്ച വീഡിയോ കൈരളി പുറത്തുവിട്ടിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകന്‍ ചോദ്യം ചോദിക്കുന്നതിനിടെ, മൈക്ക് തട്ടിമാറ്റി കൈരളിയോട് സംസാരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന തരത്തിലാണ് നേതാക്കള്‍ പ്രതികരിക്കുന്നത്.
കത്ത് വിവാദത്തില്‍ തിരവനന്തപുരം കോര്‍പ്പറേഷന്‍ പരിസരത്ത് വലിയ സമരമാണ് യു.ഡി.എഫും ബി.ജെ.പിയും നടത്തുന്നത്. സമരക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു.
ഇതിനിടയില്‍, മാരകായ രാസായുധങ്ങള്‍ ഉപയോഗിച്ചാണ് പൊലീസ് സമരക്കാരെ നേരിടുന്നതെന്ന് ആരോപിച്ച് കെ. സുരേന്ദ്രനും വി.വി. രാജേഷും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി.
ഇതുസംബന്ധിച്ച് അന്വേഷണം വേണമെന്ന് സുരേന്ദ്രന്‍ പറഞ്ഞപ്പോള്‍ ആര്യ രാജേന്ദ്രന്റെ കത്തിനെക്കുറിച്ചും അന്വേഷിക്കേണ്ടെ എന്നാണ് മാധ്യമപ്രവര്‍ത്തകന്‍ തിരിച്ചുചോദിച്ചത്.
ഇതിന് മറുപടിയായി ‘കൈരളിക്കാരേ… വേറെ ജോലിയൊന്നുമില്ലേ.. എന്ന് പറഞ്ഞാണ് സുരേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകനെ തള്ളിമാറ്റിയത്.
കൈരളി പ്രൊട്ടക്റ്റ് ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് പറഞ്ഞ് വി.വി. രാജേഷ് മാധ്യമപ്രവര്‍ത്തകനെ ബലമായി മാറ്റുന്നതും വീഡിയോയില്‍ കാണാം. ഇതിനിടയില്‍ കൈരളി ചോദ്യം ചോദിക്കുമ്പോള്‍ എന്തിനാണിത്ര അസഹിഷ്ണുത എന്ന് മാധ്യമപ്രവര്‍ത്തകന്‍ തിരിച്ചുചോദിക്കുന്നുണ്ട്.
അതേസമയം, മേയര്‍ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയില്‍ ഇന്നും പ്രതിഷേധം തുടരുകയാണ്. നഗരസഭക്കുള്ളില്‍ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മേയറുടെ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.