ന്യൂദല്‍ഹി: 2024ല്‍ മോദിയുടെ നേതൃത്വത്തിലുള്ള ദശീയ ജനാധിപത്യ സഖ്യ (എന്‍.ഡി.എ) സര്‍ക്കാര്‍ അധികാരം തുടരുമെന്ന് ബി.ജെ.പി ദേശീയാധ്യക്ഷന്‍ ജെ.പി. നദ്ദ. അര്‍ഹതപ്പെട്ട ജനങ്ങള്‍ക്ക് അവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് 28 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ കൈമാറിയിട്ടുണ്ടെന്നും മെച്ചപ്പെട്ട ഭരണമാണ് എന്‍.ഡി.എ സര്‍ക്കാരിന്റെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു.
നാളത്തെ എന്‍.ഡി.എ യോഗത്തില്‍ 38 പാര്‍ട്ടികള്‍ പങ്കെടുക്കുമെന്നും ദല്‍ഹിയില്‍ ബി.ജെ.പി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നദ്ദ പറഞ്ഞു. എന്‍.ഡി.എയുമായി സഖ്യം ഉപേക്ഷിച്ചവര്‍ക്ക് എപ്പോള്‍ മടങ്ങിവരണമെന്ന് സ്വയം തീരുമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എന്‍.ഡി.എ രാജ്യത്തെ സേവിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും അനുയോജ്യമായ സഖ്യമാണ്. പ്രതിപക്ഷ സഖ്യത്തിന് ഒരു നേതാവോ തീരുമാനങ്ങളെടുക്കാനുള്ള അധികാരമോ ഇല്ല.
ഇത് സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഒരു സഖ്യമാണ്. വെറുതെ ഫോട്ടോ എടുക്കാന്‍ മാത്രമുള്ളതാണ് പ്രതിപക്ഷ പാര്‍ട്ടി യോഗങ്ങള്‍. അവര്‍ക്കിടയില്‍ ഐക്യമുണ്ടെന്ന് പറയുന്നത് തെറ്റാണ്.
പഴയ യു.പി.എ സര്‍ക്കാരിന്റെ അഴിമതി മറയ്ക്കാനും അന്വേഷണങ്ങളില്‍ നിന്ന് രക്ഷപ്പെടാനുമുള്ള നീക്കമാണ് നടക്കുന്നത്. 10 വര്‍ഷത്തെ യു.പി.എ ഭരണം അഴിമതി നിറഞ്ഞതായിരുന്നു,’ ബിജെപി ദേശീയ അധ്യക്ഷന്‍ പറഞ്ഞു.
കഴിഞ്ഞ നാല് വര്‍ഷത്തെ എന്‍.ഡി.എയുടെ വളര്‍ച്ച നിര്‍ണായകമാണെന്ന് ജെ.പി. നദ്ദ പറഞ്ഞു. ‘മോദിയുടെ വികസന അജണ്ടകളില്‍ എല്ലാ പാര്‍ട്ടികള്‍ക്കും താത്പര്യമുണ്ട്. പുതിയതായി ഏതെല്ലാം പാര്‍ട്ടികള്‍ വരുമെന്ന് നാളെ അറിയാം.
ദേശത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകണം എന്നതാണ് എന്‍.ഡി.എ അജണ്ട. ഒപ്പം വരണോ എന്നത് അവരാണ് തീരുമാനിക്കേണ്ടത്. കേന്ദ്ര ഏജന്‍സികള്‍ സ്വാതന്ത്രരാണ്. ഇത് ജനാധിപത്യ രാജ്യമാണ്. പ്രതിപക്ഷം ഇരവാദമാണ് ഉന്നയിക്കുന്നത്,’ നദ്ദ വിശദീകരിച്ചു.