| Sunday, 3rd July 2022, 8:22 am

ബി.ജെ.പി രാജ്യത്തെ പാവപ്പെട്ടവരെ ശാക്തീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രതിപക്ഷം സ്വന്തം കുടുംബത്തെയാണ് ശാക്തീകരിക്കുന്നത്: ജെ.പി. നദ്ദ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: രാജ്യത്തും വിവിധ സംസ്ഥാനങ്ങളിലും ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്ന പദ്ധതികള്‍ക്ക് തടസ്സം നില്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ബി.ജെ.പിയുടെ ദേശീയ എക്‌സിക്യൂട്ടീവ് മീറ്റിന്റെ ഉദ്ഘാടന പ്രസംഗത്തിനിടെയായിരുന്നു നദ്ദയുടെ പരാമര്‍ശം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എങ്ങനെയും എതിര്‍ക്കാനുള്ള വ്യഗ്രതയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിന്റെ നല്ല നടപടികളും രാജ്യത്തെ ശാക്തീകരിക്കാനുള്ള നടപടികളുമുള്‍പ്പെടെ വിമര്‍ശിക്കുകയും അവയ്ക്ക് എതിര് നില്‍ക്കുകയുമാണെന്നാണ് നദ്ദയെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന എല്ലാ പദ്ധതികളും നശിച്ച് കാണണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആഗ്രഹിക്കുന്നതെന്നും നദ്ദ പറഞ്ഞു.

രാജ്യത്തെ പാവപ്പെട്ട ജനങ്ങളെ സംരക്ഷിക്കാനും ശാക്തീകരിക്കാനുമാണ് ബി.ജെ..പി ശ്രമിക്കുന്നത്. എന്നാല്‍ സ്വന്തം കുടുംബങ്ങളെ ശാക്തീകരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. പ്രതിപക്ഷം അഴിമതിയില്‍ മുങ്ങിക്കുളിക്കുകയാണെന്നും നദ്ദ പറഞ്ഞു.

‘രാജ്യത്തെ പ്രതിപക്ഷത്തിന്റെ ഓരേയൊരു ചിന്ത എങ്ങനെയും പ്രധാനമന്ത്രിയെയും സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന പദ്ധതികളെയും വിമര്‍ശിക്കുക എന്നത് മാത്രമാണ്. ആ വ്യഗ്രതയില്‍ സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന നല്ല പദ്ധതികളെ പോലും പ്രതിപക്ഷം വിമര്‍ശിക്കുകയാണ്. അവയെല്ലാം എങ്ങനെയെങ്കിലും നടക്കാതിരിക്കട്ടെ എന്ന ചിന്ത മാത്രമാണ് പ്രതിപക്ഷത്തിനുള്ളത്.

സര്‍ക്കാരും ബി.ജെ.പിയും രാജ്യത്തെ പാവപ്പെട്ടവരുടെ ശാക്തീകരണത്തിനും ഉന്നമനത്തിനുമായി പെരുമാറുമ്പോള്‍ പ്രതിപക്ഷത്തിന്റെ ചിന്ത അവരുടെ കുടുംബങ്ങളെ ശാക്തീകരിക്കുന്നതിലാണ്,’ ജെ.പി. നദ്ദ പറഞ്ഞു.

പ്രധാനമന്ത്രി എന്ന നിലയില്‍ മോദിയുടെ ഭരണം അവിസ്മരണീയമാണെന്നും 20 വര്‍ഷം നീണ്ട പാര്‍ട്ടി പ്രവര്‍ത്തനത്തിനും സേവനത്തിനും നന്ദിയുണ്ടെന്നും നദ്ദ പറഞ്ഞു.

ഹൈദരാബാദില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ തെലങ്കാന മുഖ്യമന്ത്രി എത്താതിരുന്നത് ശരിയായില്ലെന്നും നദ്ദ പറഞ്ഞു.

തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ പ്രവര്‍ത്തി അപമാനിച്ചത് ഒരു വ്യക്തിയെ മാത്രമല്ല മറിച്ച് ഒരു രാജ്യത്തെ തന്നെയാണെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി അഭിപ്രായപ്പെട്ടു.

Content Highlight: JP Nadda says that opposition is trying to empower their families while bjp tries to empower the poor

We use cookies to give you the best possible experience. Learn more