'ഹിന്ദുത്വ വിരുദ്ധ സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്ത് പോകണം'; ജെ.പി നദ്ദ
national news
'ഹിന്ദുത്വ വിരുദ്ധ സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്ത് പോകണം'; ജെ.പി നദ്ദ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th September 2020, 8:46 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് അടുക്കവെ കൊവിഡ് 19 വിഷയം ഉയര്‍ത്തി മമത ബാനര്‍ജിയെ നേരിടാന്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കമ്മിറ്റിക്ക് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ നിര്‍ദേശം. പശ്ചിമ ബംഗാളിലെ കൊവിഡ് വിഷയം ഉയര്‍ത്തിക്കാട്ടി ത്രിണമൂല്‍ കോണ്‍ഗ്രസിനെ ആക്രമിക്കാനാണ് നദ്ദയുടെ നിര്‍ദേശം.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ദേശീയ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് വൈറസ് വ്യാപനം തടുക്കുന്നതില്‍ എങ്ങിനെ നിര്‍ണായകമായി എന്നത് തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നേതാക്കള്‍ ആവര്‍ത്തിക്കണമെന്ന് നദ്ദ ആവശ്യപ്പെട്ടു.

അതിഥി തൊഴിലാളികളുടെ മടങ്ങിവരവിന് മമത തടസം നിന്നത് ആയുധമാക്കണമെന്നും ബി.ജെ.പി ദേശീയ കമ്മിറ്റി ആവശ്യപ്പെടുന്നു.

” മറ്റ് രാഷ്ട്രങ്ങളും ലോകാരോഗ്യ സംഘടനയും ഇന്ത്യ കൊവിഡ് പ്രതിസന്ധി നേരിട്ടതിനെ അഭിനന്ദിച്ചിരുന്നു. അതിഥി തൊഴിലാളികള്‍ക്ക് തിരികെ മടങ്ങാന്‍ ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ മമത ബാനര്‍ജി അതിനെ കൊറോണ എക്‌സ്പ്രസ് എന്നു വിളിക്കുകയാണ് ഉണ്ടായത്.

എല്ലാ ബി.ജെ.പി കാര്യകര്‍ത്താക്കളും ഇതിന് പ്രത്യേക ഊന്നല്‍ നല്‍കണം” പുതുതായി രൂപീകരിച്ച ദേശീയ കമ്മിറ്റിയെ അഭിവാദ്യം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഹിന്ദുത്വം ചര്‍ച്ചകളില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ സജീവമാക്കാനും നദ്ദ ആവശ്യപ്പെട്ടു. രാമക്ഷേത്ര നിര്‍മ്മാണത്തിന് ഭൂമി പൂജ നടക്കുന്ന സമത്ത് മമത ബാനര്‍ജി മനപൂര്‍വ്വം പശ്ചിമ ബംഗാളില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയെന്നാണ് നദ്ദ ആരോപിക്കുന്നത്.

അതേമാസം തന്നെ ബക്രീദിന്റെ സമയത്ത് അവര്‍ ലോക്ക് ഡൗണ്‍ നീക്കിയെന്നും ഇത് ഹിന്ദുത്വ വിരുദ്ധ തീരുമാനമാണെന്നും നദ്ദ പറയുന്നു.

ത്രിണമൂല്‍ കോണ്‍ഗ്രസ് ഹിന്ദുത്വ വിരുദ്ധ സര്‍ക്കാരാണെന്ന് പറഞ്ഞ നദ്ദ ദുര്‍ബല വിഭാഗങ്ങളെയും മമത സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് ആരോപിച്ചു.

നേരത്തെ പശ്ചിമ ബംഗാളില്‍ ദുര്‍ഗ പൂജ നടക്കുന്ന സമയത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് വാട്‌സ് ആപ്പില്‍ വ്യാപകമായി പ്രചരണങ്ങള്‍ നടന്നിരുന്നു.

ഇത്തരത്തില്‍ വാസ്തവ വിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മമത ബാനര്‍ജി പറഞ്ഞിരുന്നു. വാര്‍ത്ത സത്യമെന്ന് തെളിയിച്ചാല്‍ 101 തവണ ഏത്തമിടുമെന്നായിരുന്നു മമതയുടെ ആദ്യ പ്രതികരണം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: JP nadda says committet to raise covid against mamata