രാഹുലിന് ചൈനയുടെയും പാകിസ്ഥാന്റെയും ഭാഷ; കോണ്‍ഗ്രസ് അദ്ദേഹത്തെ പുറത്താക്കണം: ജെ.പി. നദ്ദ
national news
രാഹുലിന് ചൈനയുടെയും പാകിസ്ഥാന്റെയും ഭാഷ; കോണ്‍ഗ്രസ് അദ്ദേഹത്തെ പുറത്താക്കണം: ജെ.പി. നദ്ദ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th December 2022, 9:04 am

ന്യൂദല്‍ഹി: ‘ചൈന യുദ്ധത്തിന് ഒരുക്കം നടത്തുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഉറങ്ങുകയാണെ’ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ രാഷ്ട്രീയ ആയുധമാക്കി ബി.ജെ.പി.

രാഹുലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും ചൈനയുടെയും പാകിസ്ഥാന്റെയും ഭാഷയിലാണ് അദ്ദേഹം സംസാരിക്കുന്നതെന്നും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ പറഞ്ഞു.

‘രാജ്യത്തിന്റെ സായുധ സേനയുടെ മനോവീര്യം താഴ്ത്തുന്ന പ്രസ്താവനയാണ് രാഹുല്‍ നടത്തുന്നത്. സേന നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കുകളെയും ബാലാകോട്ട് വ്യോമാക്രമണത്തെയും അദ്ദേഹം ചോദ്യം ചെയ്തു.

മാപ്പര്‍ഹിക്കാത്ത കാര്യമാണ് അദ്ദേഹം പറഞ്ഞത്. ഇത് അദ്ദേഹത്തിന്റെ രാജ്യസ്‌നേഹത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്,’ ജെ.പി. നദ്ദ പറഞ്ഞു.

രാഹുല്‍ ഗാന്ധി ഇന്ത്യന്‍ സൈന്യത്തെ അപമാനിക്കുക മാത്രമല്ല, രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കുകയാണ് ചെയ്തതെന്നാണ് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു പറഞ്ഞത്.

‘രാഹുല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മാത്രമല്ല, രാജ്യത്തിന് വലിയ നാണക്കേടായി മാറിയിരിക്കുന്നു. രാജ്യത്തിന്റെ സായുധ സേനയെക്കുറിച്ച് ഞങ്ങള്‍ അഭിമാനിക്കുന്നു,’ കിരണ്‍ റിജിജു ട്വീറ്റ് ചെയ്തു.

ഭാരത് ജോഡോ യാത്ര രാജസ്ഥാനില്‍ പ്രവേശിച്ചതിന് പിന്നാലെ മാധ്യമങ്ങളോടു സംസാരിക്കുമ്പോഴായിരുന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

‘ആക്രമണത്തിനല്ല, സര്‍വസന്നാഹത്തോടെയുമുള്ള യുദ്ധത്തിനാണ് ചൈന തയ്യാറെടുക്കുന്നത്. ഭീഷണി വ്യക്തമാണ്. എന്നാല്‍ നമ്മുടെ സര്‍ക്കാര്‍ ആ ഭീഷണിയെ അവഗണിക്കുകയാണ്. നമ്മളില്‍നിന്ന് വിവരങ്ങള്‍ മറച്ചുവെക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. എന്നാല്‍ ഒരുപാടുകാലം ഇത്തരം കാര്യങ്ങള്‍ മറച്ചുവെക്കാന്‍ അവര്‍ക്ക് സാധിക്കില്ല,’ എന്നായിരുന്നു രാഹുല്‍ പറഞ്ഞത്.

തവാങ് മേഖലയില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പരാമര്‍ശം.

അതേസമയം, രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിനെതിരെ പറഞ്ഞത് രാജ്യത്തിനും സൈനികര്‍ക്കുമെതിരാക്കി ബി.ജെ.പി വിഷയത്തില്‍ ദേശീയതയുടെ നിറം നല്‍കുന്നുവെന്ന വിമര്‍ശനവും ട്വിറ്റര്‍ അട്ടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.

Content Highlight: JP Nadda says, For Rahul Gandi the language of China and Pakistan Congress should sack him