ഒരു സമുദായത്തിന് പിണറായി സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുമ്പോള്‍ ക്രിസ്ത്യാനികള്‍ അസ്വസ്ഥര്‍: ജെ.പി. നദ്ദ
Kerala News
ഒരു സമുദായത്തിന് പിണറായി സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുമ്പോള്‍ ക്രിസ്ത്യാനികള്‍ അസ്വസ്ഥര്‍: ജെ.പി. നദ്ദ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th May 2022, 9:37 pm

കോഴിക്കോട്: ഒരു സമുദായത്തിന് പിണറായി സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുന്നുവെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. ഇസ്‌ലാമിക തീവ്രവാദത്തെ കേരളം വളര്‍ത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

പിണറായി വിജയന്‍ സര്‍ക്കാര്‍ എല്ലാവരോടും തുല്യമായി പെരുമാറുന്നു എന്നാണ് ഭാവിക്കുന്നത്. എന്നാല്‍ അവര്‍ ഇസ്‌ലാമിക ഭീകരവാദികളെ സഹായിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കേരളം ഇസ്‌ലാമിക തീവ്രവാദത്തെ പുഷ്ടിപ്പെടുത്തുന്ന കേന്ദ്രമാണ്. കേരളത്തിലെ ജനസമൂഹം അസ്വസ്ഥമാണ്. മതങ്ങളുടെ ജനസംഖ്യയിലുണ്ടാകുന്ന മാറ്റങ്ങള്‍ ജനങ്ങളെ അസ്വസ്ഥരാക്കുന്നു. ക്രിസ്ത്യന്‍ സമൂഹം അതിന്റെ അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ട്. അവര്‍ നാര്‍ക്കോട്ടിക് ജിഹാദിനെപ്പറ്റി പറയുന്നു. അവരുടെ അസ്വസ്ഥത പരിഹരിക്കാന്‍ വേണ്ടിയല്ല പിണറായി വിജയന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ജെ.പി. നദ്ദ പറഞ്ഞു.

പിണറായി സര്‍ക്കാര്‍ എല്ലാ രംഗത്തും പരാജയപ്പെട്ടു കൊണ്ടിരിക്കുകയാണ്. സ്ത്രീകള്‍ക്ക് നേരെയുള്ള, കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ക്രമസമാധാനം നശിപ്പിച്ച, അഴിമതിയെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.

പാലക്കാട്ടെ ബി.ജെ.പി പ്രവര്‍ത്തകരുടെ കൊലപാതകം സംസ്ഥാന സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്താണെന്ന് നദ്ദ കുറ്റപ്പെടുത്തി.

കൂടുതല്‍ കൊലപാതകം പിണറായിയുടെ നാട്ടിലാണെന്നും നദ്ദ പറഞ്ഞു. 2016ല്‍ 55 കൊലപാതകങ്ങള്‍ നടന്നു. അതില്‍ 12ഉം മുഖ്യമന്ത്രി പിണറായി വിജയന്റെ നാടായ കണ്ണൂര്‍ ജില്ലയിലായിരുന്നു. മൂന്നു വര്‍ഷങ്ങള്‍ക്കിടെ കേരളത്തില്‍ 1019 കൊലപാതകങ്ങള്‍ നടന്നു. 2020ല്‍ 308ഉം, 2021 ല്‍ 336ഉം, 2022ല്‍ 70ഉം അടക്കം എല്ലാം രാഷ്ട്രീയ കൊലപാതകങ്ങളാണെന്നും ശ്രീനിവാസന്റെയും സഞ്ജിത്തിന്റേയും കൊലപാതകങ്ങള്‍ സ്റ്റേറ്റ് സ്പോണ്‍സേഡ് ആണെന്നും നദ്ദ പറഞ്ഞു.