കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്കുമെതിരെ വിമര്‍ശനവുമായി ബി.ജെ.പി.
അരിക്കള്ളന്‍മാരാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തലപ്പത്തെന്നും അവരാണ് ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്നതെന്ന പുതിയ വിമര്‍ശനവുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ രംഗത്തെത്തിയിരിക്കുകയാണ്. ബര്‍ധമനില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മമതയ്‌ക്കെതിരെ നദ്ദ രൂക്ഷ വിമര്‍ശനം നടത്തിയത്.
കടുത്ത എതിര്‍പ്പുകള്‍ക്ക് ശേഷം പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി ബംഗാളില്‍ നടപ്പിലാക്കാന്‍ മമത സമ്മതം മൂളിയതിനെയും നദ്ദ പരിഹസിച്ചു. സംസ്ഥാനത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള കര്‍ഷക വിഭാഗത്തിന്റെ പിന്തുണ തങ്ങള്‍ക്ക് നഷ്ടമാകുമെന്ന് പേടിച്ചാണ് മമത കിസാന്‍ സമ്മാന്‍ നിധി നടപ്പിലാക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
‘ഒടുവില്‍ പി.എം കിസാന്‍ സമ്മാന്‍നിധി നടപ്പിലാക്കാന്‍ മമത സമ്മതിച്ചു. ബംഗാളില്‍ തങ്ങള്‍ക്ക് ഇനി ഭരണത്തുടര്‍ച്ചയുണ്ടാകില്ലെന്ന് ഭയന്നാണ് ഈ തീരുമാനം. പക്ഷെ ഇതുകൊണ്ടൊന്നും തൃണമൂലിന് യാതൊരു നേട്ടവുമുണ്ടാകില്ല. നിങ്ങള്‍ ഒരുപാട് വൈകിപ്പോയി’, നദ്ദ പറഞ്ഞു.
മമത ബാനര്‍ജി സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്നാണ് കത്വയിലെ കര്‍ഷക റാലിയില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നതെന്നും കര്‍ഷകര്‍ക്ക് നീതി ലഭിക്കണമെങ്കില്‍ ബി.ജെ.പി അധികാരത്തിലെത്തണമെന്നും അദ്ദേഹം പറഞ്ഞു.
ബംഗാള്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ തൃണമൂലിനെതിരെ ശക്തമായ പ്രചാരണവുമായി ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം തൃണമൂലില്‍ നിന്ന് പല നേതാക്കളും ബി.ജെ.പിയിലേക്ക് പോയതും വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
ബംഗാള്‍ മന്ത്രിയും തൃണമൂല്‍ നേതാവുമായ ലക്ഷമി രത്തന്‍ ശുക്ല കഴിഞ്ഞ ദിവസം രാജിവെച്ചതും വാര്‍ത്തയായിരുന്നു. ബംഗാള്‍ മന്ത്രി സഭയിലെ കായിക വകുപ്പ് സഹമന്ത്രിയാണ് ലക്ഷ്മി രത്തന്‍. മുന്‍ ക്രിക്കറ്റ് കളിക്കാരന്‍ കൂടിയാണ് അദ്ദേഹം.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ് സ്ഥാനവും ലക്ഷ്മി രാജി വെച്ചിട്ടുണ്ട്. ഹൗറ ജില്ലാ അധ്യക്ഷനായിരുന്നു അദ്ദേഹം. അതേസമയം തൃണമൂല്‍ എം.എല്‍.എ സ്ഥാനം അദ്ദേഹം രാജി വെച്ചിട്ടില്ല.
മന്ത്രിയുടെ രാജിക്ക് പിന്നിലുള്ള കാരണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ലക്ഷ്മി രത്തന്‍ രാഷ്ട്രീയരംഗത്ത് നിന്നും പിന്മാറാന്‍ പോകുകയാണെന്ന തരത്തിലുള്ള ചില റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മന്ത്രിമാരടക്കമുള്ള തൃണമൂല്‍ നേതാക്കളുടെ രാജി പാര്‍ട്ടിക്ക് തലവേദയായിട്ടുണ്ട്. നേരത്തെ രാജിവെച്ച സുവേന്തു അധികാരി ബി.ജെ.പിയില്‍ ചേര്‍ന്നത് മമതാ ബാനര്‍ജിക്ക് തിരിച്ചടിയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക