കൊല്‍ക്കത്ത: വികസന സംസ്‌കാരത്തിന് പ്രശസ്തിയാര്‍ജിച്ചയിടമാണ് ബംഗാളെന്നും മമത സര്‍ക്കാരിന് കീഴിലായതോടെ എല്ലാം തകര്‍ന്നുവെന്ന ആരോപണവുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. ബി.ജെ.പി നേതൃത്വത്തില്‍ ബംഗാളില്‍ നടക്കുന്ന പരിവര്‍ത്തന്‍ റാലിക്കിടെയായിരുന്നു നദ്ദയുടെ പരാമര്‍ശം.
മമതാ ജീ ബംഗാളില്‍ നേതൃമാറ്റത്തിന് സമയമായി. പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാളില്‍ ഉടനെത്തും. ഈ സംസ്ഥാനത്ത് വികസന പ്രോജക്ടുകള്‍ നടപ്പാക്കും, എന്നായിരുന്നു നദ്ദയുടെ പരാമര്‍ശം.
അതേസമയം നദ്ദയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി മമത ബാനര്‍ജി തന്നെ രംഗത്തെത്തിയിരുന്നു. ബി.ജെ.പിയുടെ രഥയാത്രയെ ഫൈവ് സ്റ്റാര്‍ ബസ് എന്ന് വിളിച്ചാണ് മമത വിമര്‍ശനമുന്നയിച്ചത്.
പുറമെ നിന്നുള്ളവര്‍ സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്ന പരിപാടിയാണ് ബി.ജെ.പിയുടെ രഥയാത്ര. അവര്‍ ബംഗാളില്‍ ജീവിക്കുന്നവരല്ല. സംസ്ഥാനത്തെ പാവങ്ങളോടൊപ്പം നിന്ന് ഫോട്ടോയെടുക്കാനും, പബ്ലിസിറ്റി നേടാനും വേണ്ടിയെത്തിയവരാണ് അവര്‍, മമത പറഞ്ഞു.
ബി.ജെ.പി എന്ന പാര്‍ട്ടിയ്ക്ക് ധാരാളം പണമുണ്ടെന്നും അതുപയോഗിച്ച് ജനങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നും മമത കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പിയ്ക്ക് ധാരാളം പണമുണ്ട്. എന്നാല്‍ അവരുടെ സ്വന്തം പണമല്ല അത്. മറ്റുള്ളവരില്‍ നിന്ന് തട്ടിയെടുത്തതാണ്. പണം നല്‍കി നിങ്ങളെ സ്വാധീനിക്കാന്‍ ബി.ജെ.പിക്കാര്‍ വന്നാല്‍, ആ പണം സ്വീകരിക്കണം. എന്നിട്ട് ആ പണമുപയോഗിച്ച് കുറച്ച് മട്ടണ്‍ വാങ്ങി കഴിക്കൂ. അവര്‍ക്ക് വോട്ട് ചെയ്യാതിരിക്കൂ, മമത പറഞ്ഞു.
ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാന്‍ ശക്തമായ പ്രകടനമാണ് ബി.ജെ.പി ലക്ഷ്യം വെയ്ക്കുന്നത്. ഏപ്രില്‍ മാസത്തിലാണ് ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഇത്തവണ ബംഗാളില്‍ 200 സീറ്റുകളാണ് അമിത് ഷാ ലക്ഷ്യമിടുന്നത്.
ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ചില നേതാക്കള്‍ ബി.ജെ.പിയിലേക്ക് ചേക്കേറിയത് മമതയ്ക്ക് തലവേദനായിട്ടുണ്ട്. മമതാ ബാനര്‍ജിയുടെ അടുത്ത അനുയായിയായിരുന്ന സുവേന്തു അധികാരി ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത് തൃണമൂലിനു കനത്ത തിരിച്ചടിയായിരുന്നു.
എന്നാല്‍ തൃണമൂലില്‍ നിന്ന് പുറത്തുപോകേണ്ടവര്‍ക്കൊക്കെ എപ്പോള്‍ വേണമെങ്കിലും പോകാമെന്നും ഇത് തങ്ങളെ ബാധിക്കുകയില്ലെന്നുമാണ് നേതാക്കളുടെ കൊഴിഞ്ഞുപോക്കിനെക്കുറിച്ച് മമത പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക