| Friday, 21st October 2022, 2:02 pm

യുവതിയെ അധിക്ഷേപിച്ച ബി.ജെ.പി പ്രവർത്തകന് ജാമ്യം; പൂമാലയിട്ടും മധുരം നൽകിയും സ്വീകരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

നോയിഡ: യുവതിയെ അധി​ക്ഷേപിക്കുകയും കൈയേറ്റം ചെയ്യുകയും സംഭവത്തിൽ ബി.ജെ.പി നേതാവ് ശ്രീകാന്ത് ത്യാഗിക്ക് ജാമ്യം. അലഹാബാദ് കോടതിയാണ് ത്യാ​ഗിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ വലിയ വരവേൽപ്പാണ് ഇദ്ദേഹത്തിന് ലഭിച്ചത്.

ശ്രീകാന്ത് ഭയ്യാ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളികളോടെയായിരുന്നു ത്യാ​ഗി നോയിഡയിലെ താമസസ്ഥലത്തേക്ക് തിരിച്ചെത്തിയത്. ഇതിന് പിന്നാലെ മധുര പലഹാര വിതരണം നടന്നിരുന്നു.

തനിക്കെതിരായ കേസും വിവാദങ്ങളും തന്റെ രാഷ്ട്രീയ ഭാവിയെ തകർക്കാനുള്ള ശ്രമമായിരുന്നു എന്ന് നേരത്തെ തന്നെ ത്യാ​ഗി ആരോപിച്ചിരുന്നു.

രാഷ്ട്രീയത്തിൽ തുടരുമെന്നും ത്യാഗി വ്യക്തമാക്കി.

തന്റെ അയൽവാസിയായ സ്ത്രീയെ മർദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് ത്യാ​ഗിക്കെതിരെ പൊലീസ് നടപടിയെടുത്തത്.

ബി.ജെ.പിയുടെ പോഷക സംഘടനയായ കിസാൻ മോർച്ചയുടെ സജീവ പ്രവർത്തകൻ എന്നാണ് ത്യാഗി സമൂഹമാധ്യമങ്ങളിൽ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാൽ ആരോപണത്തിനു പിന്നാലെ ത്യാഗി ബി.ജെ.പി നേതാവല്ലെന്നും ഒരു സാധാരണ പ്രവർത്തകൻ മാത്രമാണെന്നുമുള്ള വിശദീകരണവുമായി ബി.ജെ.പി നേതൃത്വം രംഗത്തുവന്നിരുന്നു.

നോയിഡ ഹൗസിങ് സൊസൈറ്റിയിലെ സെക്ടർ-93 ബിയിലെ ഗ്രാൻഡ് ഒമാക്‌സിലാണ് ത്യാഗിയും യുവതിയും തമ്മിൽ തർക്കമുണ്ടായത്. നോയിഡയിലെ സെക്ടർ-93 ബി സെക്ടറിലെ പാർക്കിനടുത്ത് ശ്രീകാന്ത് ത്യാഗി നട്ട മരവുമായി ബന്ധപ്പെട്ടായിരുന്നു വഴക്ക്.

പൊതുസ്ഥലം കൈയേറിയാണ് ത്യാഗി മരം നട്ടതെന്നായിരുന്നു സ്ത്രീയടക്കമുള്ളവരുടെ പരാതി. 2019ൽ ത്യാഗി തന്റെ വീടിന്റെ ബാൽക്കണി വലുതാക്കിയതെന്നും അപാർട്‌മെന്റിന്റെ കോമൺ ലോൺ ഏരിയയിൽ തൈകൾ നട്ടുപിടിപ്പിച്ചിരുന്നതായും പരാതിയുയർന്നിരുന്നു. മരം സുരക്ഷാഭീഷണി ഉയർത്തുന്നതിനാൽ മുറിച്ചുമാറ്റണമെന്നായിരുന്നു ആവശ്യം.

എന്നാൽ മരത്തിൽ തൊട്ടാൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നു ഭീഷണി മുഴക്കിയ ത്യാഗി സ്ത്രീയെ കൈയേറ്റം ചെയ്യുകയായിരുന്നു. തന്നെയും ഭർത്താവിനെയും കുട്ടികളെയും വളരെ മോശം വാക്കുകൾ ഉപയോഗിച്ച് ത്യാഗി അധിക്ഷേപിച്ചുവെന്നും യുവതി പരാതിയിൽ സൂചിപ്പിച്ചിരുന്നു.

രണ്ട് വർഷം മുമ്പ് കൈയേറ്റം ആരംഭിച്ചെങ്കിലും നോയിഡ അതോറിറ്റി പ്രതിക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ഗ്രാൻഡ് ഒമാക്സ് അപ്പാർട്ട്മെന്റ് ഉടമകളുടെ അസോസിയേഷൻ വ്യക്തമാക്കുന്നത്. ത്യാഗിയുടെ പ്രവർത്തനങ്ങൾ മറ്റ് താമസക്കാർക്ക് പ്രയാസമുണ്ടാക്കുന്നുണ്ടെന്ന കാര്യം അറിയിച്ചിട്ടും ബോർഡിന്റെയും താമസക്കാരുടെയും അഭ്യർത്ഥനകൾ അവഗണിച്ചായിരുന്നു ത്യാഗിയുടെ പുതുക്കൽ പണികൾ.

അതേസമയം ത്യാഗിയുടെ അനധികൃതമായ നിർമാണങ്ങളെല്ലാം നോയിഡ അധികൃതർ ബുൾഡോസർ ഉപയോഗിച്ച് തകർത്തിരുന്നു.

Content Highlight: BJP leader who abused women got bail; heroic welcome after bail

We use cookies to give you the best possible experience. Learn more