കൊല്‍ക്കത്ത: ബംഗാള്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പി കോടികള്‍ ഒഴുക്കുകയും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നതായി മുഖ്യമന്ത്രി മമതാ ബാനര്‍ജി.
ബംഗാളില്‍ സംഘര്‍ഷമുണ്ടാക്കുന്നത് ബി.ജെ.പിയുടെ തന്ത്രത്തിന്റെ ഭാഗമാണെന്നും ബി.ജെ.പിയുടെ ഈ ശ്രമം നടക്കില്ലെന്നും മമത പറഞ്ഞു. രാജ്യത്ത് ബി.ജെ.പിയ്‌ക്കെതിരെ സംസാരിക്കുന്ന ഏക വ്യക്തി മമതാ ബാനര്‍ജിയായത് കൊണ്ടാണ് ബി.ജെ.പി നീക്കങ്ങള്‍ നടത്തുന്നതെന്നും മമത പറഞ്ഞു.
നോര്‍ത്ത് 24 പര്‍ഗാനയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ബി.ജെ.പി ഇന്ന് കരിദിനം ആചരിക്കുകയാണ്. ബാസിര്‍ഹതില്‍ 12 മണിക്കൂര്‍ ബന്ദിനും ബി.ജെ.പി ഇന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ലോക്സഭ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ങ്ങള്‍ തെരഞ്ഞെടുപ്പിന് ശേഷവും ശക്തമായി തുടരുകയാണ്. കഴിഞ്ഞ ദിവസം 24 പര്‍ഗാനാസിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകരും 1 തൃണമൂല്‍ പ്രവര്‍ത്തകനുമാണ് കൊല്ലപ്പെട്ടത്. എന്നാല്‍ 5 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്ന് തൃണമൂലും 6 അനുയായികളെ കാണാനില്ലെന്ന് ബി.ജെ.പിയും പറയുന്നു.