| Friday, 12th June 2020, 4:30 pm

'എന്റെ അപ്പനാണ് കൊല്ലപ്പെട്ടത്, ഫൈറ്റ് ചെയ്‌തേ പറ്റൂ, ആ സ്ത്രീയെ അനുകൂലിക്കില്ല'; ജോളിക്കെതിരെ മകന്‍ റെമോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളി തന്നെ വിളിച്ചത് മൊബൈല്‍ നമ്പറില്‍ നിന്നാണെന്നും വളരെ ലാഘവത്തോടെയാണ് അവര്‍ സംസാരിച്ചതെന്നും മകന്‍ റെമോ.

തന്റെ അപ്പനും വല്യപ്പനും വല്യമ്മയുമാണ് മരിച്ചതെന്നും ആ സ്ത്രീയെ താന്‍ അനുകൂലിക്കില്ലെന്നും റെമോ പറഞ്ഞു.

എന്താണ് അവര്‍ക്ക് പറയാനുള്ളതെന്ന് അറിയേണ്ടതിനാലാണ് ഫോണ്‍ എടുത്തത്. ആ സ്ത്രീ പ്രതിയാണ്. കേസന്വേഷണത്തില്‍ എനിക്ക് തൃപ്തിയില്ല. കേസുമായി ബന്ധപ്പെട്ട പല കാര്യത്തിലും അന്വേഷണം പൂര്‍ത്തിയായിട്ടില്ല. അപ്പനാണ് കൊല്ലപ്പെട്ടത്. എനിക്ക് ഫൈറ്റ് ചെയ്‌തേ പറ്റൂ.

ആറ് പേരെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നയാളാണ്. ജയിലിലാണ് അവരുള്ളത്. എന്നാല്‍ വളരെയധികം സമയമെടുത്താണ് സംസാരിച്ചത്. കേസില്‍ കൃത്യമായ അന്വേഷണം നടന്നിട്ടില്ലെന്നാണ് ഇപ്പോള്‍ മനസിലാക്കുന്നതെന്നും റെമോ പറഞ്ഞു.

‘അവര്‍ വിളിച്ചത് ലാന്റ് ഫോണില്‍ നിന്നല്ല. മൊബൈല്‍ ഫോണില്‍ നിന്നാണ്. ട്രൂ കോളറില്‍ മലര്‍ എന്നാണ് പേര് തെളിഞ്ഞത്. എന്നാല്‍ കോളെടുത്തപ്പോള്‍ അവരായിരുന്നു. അവരുടേത് ജയില്‍ നമ്പറില്‍ നിന്നുള്ള കോളായിരുന്നെങ്കില്‍ അത്തരത്തില്‍ കാണിക്കണമായിരുന്നു. തമിഴ്നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത നമ്പറാണ് ഇതെന്ന് സൈബര്‍ സെല്ലില്‍ അന്വേഷിച്ചപ്പോള്‍ മനസിലായി. കേസ് വന്നപ്പോള്‍ തന്നെ വ്യക്തമായ നിലപാടെടുത്തുതാണ്. എന്നെ അവര്‍ക്ക് സ്വാധീനിക്കാനാവില്ല.’, റെമോ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മെയ് മാസത്തിലാണ് അവര്‍ ഫോണ്‍ വിളിക്കാന്‍ ആരംഭിച്ചതെന്നും ഇക്കാര്യങ്ങളെല്ലാം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചെന്നും റെമോ പറയുന്നു.

‘പല പ്രതികളും ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് അവരുടെ സംസാരത്തില്‍ നിന്ന് മനസിലായി. പല ആളുകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നെ മാത്രമല്ല പലരെയും അവര്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. പലരോടും ബന്ധം നിലനിര്‍ത്തുന്നുണ്ട്,’ എന്നും റെമോ പറഞ്ഞു

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more