കോഴിക്കോട്: കോടഞ്ചേരിയിലെ ജോയ്‌സ്‌നയും ഷെജിനും തമ്മില്‍ നടന്ന വിവാഹം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ജോയ്‌സ്‌നയുടെ പിതാവ്. സംസ്ഥാന പൊലീസില്‍ വിശ്വാസമില്ലെന്നും ജോയ്‌സനയുടെ പിതാവ് ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
ജോയ്‌സ്‌നയെ കാണാതായ സംഭവത്തിലാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ജോയ്‌സ്‌നയുടെ പിതാവ് ആവശ്യപ്പെട്ടത്. സംഭവം സി.ബി.ഐ അല്ലെങ്കില്‍ എന്‍.ഐ.എ അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജോയ്‌സ്‌നയ്ക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി സമര്‍പ്പിച്ചിട്ടുണ്ടെന്നും ജോസഫ് പറഞ്ഞു. എന്നാല്‍, ജോയ്‌സ്‌നയും ഷെജിനും തമ്മില്‍ നടന്ന വിവാഹം ലവ് ജിഹാദല്ലെന്ന് ജോയ്‌സ്‌നയുടെ പിതാവ് ജോസഫ് നേരത്തെ പറഞ്ഞിരുന്നു. മകളെ കെണിയില്‍പ്പെടുത്തിയതാണ്. ഇങ്ങനെയൊരു ബന്ധമുണ്ടെങ്കില്‍ അവള്‍ക്ക് അത് തുറന്നുപറയാനുള്ള സ്വാതന്ത്ര്യം വീട്ടിലുണ്ടെന്നും ജോസഫ് പറഞ്ഞു.
ഒരിക്കലും മകള്‍ ഇക്കാര്യം തങ്ങളോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
അതേസമയം, തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഷെജിനെ വിവാഹം കഴിക്കാന്‍ വീടുവിട്ടിറങ്ങിയതെന്ന് ജോയ്‌സന നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം താമരശേരി ജില്ലാ കോടതിയിലെത്തിയാണ് ജോയ്‌സ്‌ന അറിയിച്ചത്.