രാഷ്ട്രീയ പാര്‍ട്ടികളുടെ യാത്രകള്‍ കൊലവിളികള്‍ ഉള്ളില്‍ ഒളിപ്പിച്ചുള്ള ശവഘോഷയാത്രകള്‍; കൊലപാതക രാഷ്ട്രീയത്തിനെതിരെ ജോയ് മാത്യൂ
Kerala News
രാഷ്ട്രീയ പാര്‍ട്ടികളുടെ യാത്രകള്‍ കൊലവിളികള്‍ ഉള്ളില്‍ ഒളിപ്പിച്ചുള്ള ശവഘോഷയാത്രകള്‍; കൊലപാതക രാഷ്ട്രീയത്തിനെതിരെ ജോയ് മാത്യൂ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th February 2019, 5:58 pm

കാസര്‍കോട്: രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ നടനും സംവിധായകനുമായ ജോയ് മാത്യൂ. രാഷ്ട്രീയ പാര്‍ട്ടികളുടെ യാത്രകള്‍ എല്ലാം കൊലവിളികള്‍ ഉള്ളില്‍ ഒളിപ്പിച്ച് വെച്ചുള്ള ശവഘോഷയാത്രകളാണെന്ന് ജോയ് മാത്യു തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ജോയ്മാത്യൂവിന്റെ പ്രതികരണം.

“ഇന്നു കാസര്‍കോട് രണ്ട് ചെറുപ്പക്കാരാണ് കൊലക്കത്തിക്കിരയായത്. നാളെ സര്‍വ്വകക്ഷി യോഗം ചേരും, നേതാക്കള്‍ പരസ്പരം കൈകൊടുത്തും കെട്ടിപ്പിടിച്ചും പിന്നെ ചായകുടിച്ചും പിരിയും. കൊല്ലപ്പെട്ടവരുടെ വേര്‍പാട് സൃഷ്ടിക്കുന്ന ദുഃഖം അവരുടെ സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും മാത്രം.” ജോയ് മാത്യൂ ഫേസ് ബുക്കില്‍ കുറിച്ചു.

ALSO READ: കോഴിക്കോട് ആശുപത്രികളിൽ മരുന്ന് നൽകാൻ ആവശ്യത്തിന് ഫാർമസിസ്റ്റുകളില്ല; രോഗികൾ ദുരിതത്തിൽ

ഹര്‍ത്താലിനെയും ജോയ്്മാത്യൂ തന്റെ കുറിപ്പില്‍ വിമര്‍ശിച്ചു. ഹര്‍ത്താല്‍ നടത്തിയാല്‍ മരണപ്പെട്ടവര്‍ തിരിച്ചു വരുമോ എന്നായിരുന്നു ചോദിച്ചത്.

എല്ലാ പാര്‍ട്ടിക്കാരും അവരുടെ (ആ)ഘോഷയാത്രകള്‍ തുടങ്ങുന്നത് കാസര്‍കോട്ട് നിന്നാണെന്നും ഇത്തരം ശവഘോഷയാത്രകള്‍ ഇനി ഈ ജില്ലയില്‍ നിന്നും തുടങ്ങേണ്ട എന്ന് കാസര്‍കോട്ടുള്ളവര്‍ ഒന്ന് മനസ്സ് വെച്ചാ മതിയെന്നും അങ്ങിനെ ഓരോ ജില്ലക്കാരും ഇതുപോലെ തീരുമാനിക്കുന്ന കാലം വരുമെന്ന് നമുക്ക് സ്വപ്നം കാണാനെങ്കിലും കഴിയട്ടെ എന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം,

ശവഘോഷയാത്രകൾ 
—————————————-ഘോഷയാത്രകൾ ജനങ്ങളെ പേടിപ്പിക്കാനുള്ളതാണ് .അത് ജനസമ്പർക്കമായാലും ജനമൈത്രി ആയാലും ജനസംരക്ഷണമായാലും ഇനി മറ്റുവല്ല പേരിലായാലും എല്ലാം കൊലവിളികൾ ഉള്ളിൽ ഒളിപ്പിച്ച് വെച്ചുള്ള ആഘോഷയാത്രകളാണ് .
അപരനെ പോരിന് വിളിക്കുകയാണ് ഓരോ പാർട്ടിക്കാരനും . ബലിയാകുന്നതോ സാധാരണക്കാരായ ജനങ്ങളും .
ഇന്നു കാസർകോഡ് രണ്ടു ചെറുപ്പക്കാരാണ് കൊലക്കത്തിക്കിരയായത് . നാളെ സർവ്വകക്ഷി യോഗം ചേരും ,നേതാക്കൾപരസ്പരം കൈകൊടുത്തും കെട്ടിപ്പിടിച്ചും പിന്നെ ചായകുടിച്ചും പിരിയും .കൊല്ലപ്പെട്ടവരുടെ വേർപാട് സൃഷ്ടിക്കുന്ന ദുഃഖം അവരുടെ സ്വന്തക്കാർക്കും ബന്ധുക്കൾക്കും മാത്രം .
ഒരു ഹർത്തൽ പ്രഖ്യാപിച്ചാൽ മരിച്ചവർ തിരിച്ചു വരുമോ ?
പുതിയൊരു സമരരൂപം പോലും വിഭാവനം ചെയ്യാൻ കഴിയാത്ത, ഒരു പണിയും ചെയ്തു ശീലമില്ലാത്ത ഘോഷയാത്രികരായ ഈ വാഴപ്പിണ്ടി രാഷ്ട്രീയക്കാരെ തിരസ്കരിക്കാൻ കഴിയുന്ന ഒരു തലമുറയ്ക്കെ ഇനി ഈ നാടിനെ രക്ഷിക്കാനാകൂ .
എല്ലാ പാർട്ടിക്കാരും അവരുടെ (ആ)ഘോഷയാത്രകൾ തുടങ്ങുന്നത് കാസർകോട്ട് നിന്നുമാണ് . ഇമ്മാതിരി ശവഘോഷയാത്രകൾ ഇനി ഈ ജില്ലയിൽ നിന്നും തുടങ്ങേണ്ട എന്ന് കാസര്കോട്ടുള്ളവർ ഒന്ന് മനസ്സ് വെച്ചാ മതി 
അങ്ങിനെ ഓരോ ജില്ലക്കാരും ഇതുപോലെ തീരുമാനിക്കുന്ന കാലം വരുമെന്ന് നമുക്ക് സ്വപ്നം കാണാനെങ്കിലും കഴിയട്ടെ