|

തന്നെ കുറിച്ച് അപവാദം പറയുന്നവരെ ജയിലിലടക്കുന്ന മുഖ്യമന്ത്രിയായിരുന്നില്ല ഉമ്മന്‍ ചാണ്ടി: ജോയ് മാത്യു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തന്നെ കുറിച്ച് അപവാദം പറയുന്നവരെ പിടിച്ച് ജയിലിലിടുന്ന മുഖ്യമന്ത്രി ആയിരുന്നില്ല ഉമ്മന്‍ചാണ്ടി എന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. പുതുപ്പള്ളി പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ചതിന് ശേഷം ന്യൂസ് 18 ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ആദ്യസിനിമയായ ഷട്ടറിന് ഐ.എഫ്.എഫ്.കെയില്‍ വെച്ച് അവാര്‍ഡ് തന്നത് ഉമ്മന്‍ ചാണ്ടി ആയിരുന്നു എന്നും ബര്‍കത്തുള്ള കൈയാണ് അദ്ദേഹത്തിന്റേതെന്നും ജോയ് മാത്യു പറഞ്ഞു.

‘എനിക്ക് വ്യക്തിപരമായി അടുപ്പമുള്ള ആളായിരുന്നില്ല ഉമ്മന്‍ ചാണ്ടി. ഉമ്മന്‍ ചാണ്ടിയുണ്ടായിരുന്ന കാലഘട്ടത്തില്‍ ജീവിക്കാന്‍ പറ്റിയെന്നതാണ് എന്നെ സന്തുഷ്ടനാക്കുന്നത്. അദ്ദേഹത്തിന്റെ നന്മയുടെ ഒരു അംശം നമുക്കും പകര്‍ന്ന് കിട്ടും എന്നത് കൊണ്ടാണ് അദ്ദേഹത്തിന്റെ ശവകുടീരം സന്ദര്‍ശിക്കുന്നതും ബന്ധുക്കളെ സന്ദര്‍ശിക്കുന്നതുമെല്ലാം.

ഇവിടെ വരുന്നവരെല്ലാം സാധാരണക്കാരാണ്. പാര്‍ട്ടികാരൊന്നുമല്ല. പ്രത്യേകിച്ചും സ്ത്രീകളും കുട്ടികളുമാണ് വരുന്നത്. അത്ഭുതപ്പെടുത്തുന്ന ഒരു കാഴ്ചയാണിത്. മൂന്നും നാലും ദിവസമായി കേരളം കരയുകയാണ്. ഇവിടേക്ക് കടക്കാന്‍ പറ്റാത്ത അവസ്ഥയായിരിക്കും എന്ന് അറിഞ്ഞത് കൊണ്ടാണ് മരണം നടന്ന ദിവസം ഇവിടേക്ക് വരാതിരുന്നത്. തീരെ വരാതിരുന്നാല്‍ എന്നോട് തന്നെ ചെയ്യുന്ന ആത്മ വഞ്ചന ആയിരിക്കുമെന്നത് കൊണ്ടാണ് ഇപ്പോള്‍ വന്നത്.

ഇതിന് മുമ്പും നമുക്ക് മുഖ്യമന്ത്രിമാരുണ്ടായിട്ടുണ്ട്. ഇപ്പോഴുമുണ്ട്. പക്ഷെ ഉമ്മന്‍ ചാണ്ടി പ്രാവര്‍ത്തികമാക്കിയ ഒരു രീതി ആര്‍ക്കും ചിന്തിക്കാന്‍ പറ്റാത്തതാണ്. ഇപ്പോഴത്തെ അവസ്ഥയും ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്തെ അവസ്ഥയും പത്രങ്ങളില്‍ തന്നെ കാണുന്നുണ്ടല്ലോ. ആരെയും കുറ്റപ്പെടുത്തുന്നില്ല. കാരണം ഒരാളുടെ സ്വഭാവഗുണങ്ങള്‍ മറ്റൊരാള്‍ക്ക് ഉണ്ടാകണമെന്ന് പറയാന്‍ പറ്റില്ലല്ലോ. പക്ഷെ, ഒരു മനുഷ്യന് എത്രത്തോളം ക്ഷമാശീലനാകാന്‍ പറ്റുമെന്നും മറ്റുള്ളവരുടെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ പറ്റുമെന്നും എന്നുള്ള കാര്യത്തില്‍ ഇനി വരുന്ന രാഷ്ട്രീയ നേതാക്കള്‍ ഉമ്മന്‍ ചാണ്ടിയെ മാതൃകയാക്കണം.

തന്നെ പറ്റി എന്തെങ്കിലും അപവാദം പറയുന്നവരെ ജയിലിലടക്കുകയോ, ജോലിതെറിപ്പിക്കുകയോ, ഗുണ്ടകളെ വിട്ട് ഉപദ്രവിക്കുകയോ, കേസെടുക്കുകയോ ചെയ്യുന്ന ആളായിരുന്നില്ല അദ്ദേഹം. എന്റെ ആദ്യത്തെ സിനിമയായ ഷട്ടറിന് ഐ.എഫ്.എഫ്.കെയില്‍ വെച്ച് അവാര്‍ഡ് തന്നത് അദ്ദേഹമായിരുന്നു. നല്ല ബര്‍ക്കത്തുള്ള കയ്യാണ് അദ്ദേഹത്തിന്റേത്,’ ജോയ് മാത്യു പറഞ്ഞു.

content highlights; Joy Mathew talks about oomman chandy