[] പ്രശസ്ത സംവിധായകനും നടനുമായ ജോയ് മാത്യു ബോളിവുഡിലേക്ക്. നവാഗതനായ അജയ് വാസുദേവന്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ “രാജാധിരാജ” എന്ന ചിത്രത്തിലെ വേഷമാണ് ജോയ് മാത്യുവിനായി ബോളിവുഡിലേക്കുള്ള വാതില്‍ തുറന്നത്.
രാജാധിരാജയുടെ പ്രിവ്യു പ്രദര്‍ശനത്തിനു ശേഷമാണ് ബോളിവുഡില്‍ നിന്ന് ഓഫര്‍ വന്നതെന്ന് ജോയ് മാത്യൂ പറഞ്ഞു. പുതിയ ഹിന്ദി ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അഹമ്മദ് ഷാ എന്ന ഹിന്ദി വില്ലനെയാണ് രാജാധിരാജയില്‍ ജോയ് മാത്യൂ അവതരിപ്പിക്കുന്നത്. പതിവു നെഗറ്റീവ് വേഷങ്ങളേക്കാളും അഹമ്മദ് ഷാ തന്നെ തൃപ്തിപ്പെടുത്തിയതായി ജോയ് മാത്യു പറഞ്ഞു.
വിഖ്യാത സംവിധായകന്‍ ജോണ്‍ എബ്രഹാം ഒരുക്കിയ “അമ്മ അറിയാന്‍” എന്ന ചിത്രത്തിലെ നായകനായി വന്ന ജോയ് മാത്യു ഇപ്പോള്‍ നടനായും സംവിധായകനായും മലയാള സിനിമയില്‍ സജീവമാണ്. കപടസദാചരത്തിന്റെ കഥ പറഞ്ഞ ഷട്ടര്‍ ആണ് ജോയ് മാത്യുവിന്റെ സംവിധാനത്തിലിറങ്ങിയ സിനിമ. 2012ലെ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രേക്ഷകര്‍ മികച്ച സിനിമയായി തിരഞ്ഞെടുത്തത് ഷട്ടറായിരുന്നു.
സിനിമയ്ക്ക് പുറമേ നാടകത്തിലും പ്രശസ്തനാണ് ജോയ് മാത്യു. ഇരുപതിലേറെ നാടകങ്ങള്‍ എഴുതുകയും സംവിധാനം നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്. നാടക രചനക്ക് കേന്ദ്ര സാഹിത്യ അക്കാദമിയുടെയും കേരള സംഗീത നാടക അക്കാദമിയുടെയും അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ആമേന്‍, അന്നയും റസൂലും, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, 1983, സക്കറിയുടെ ഗര്‍ഭിണികള്‍, ശൃംഗാരവേലന്‍, വണ്‍ ബൈ ടു എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.