| Monday, 18th March 2024, 5:31 pm

ബി.ജെ.പിക്കാര്‍ പോലും ആശയ സംവാദത്തിന് തയ്യാറാണ്, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണ് അടഞ്ഞ പുസ്തകം: ജോയ് മാത്യു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വടകര: ബി.ജെ.പിക്കാര്‍ പോലും ആശയ സംവാദത്തിന് തയ്യാറാണെന്നും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണ് അടഞ്ഞ പുസ്തകമെന്നും നടനും സംവിധായകനുമായ ജോയ് മാത്യു. വടകരയില്‍ മാര്‍ച്ച് 16ന് ആര്‍.എം.പി സംഘടിപ്പിച്ച ടി.പി കേസ് കേരളത്തോട് പറയുന്നത് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില കാര്യങ്ങളില്‍ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ തനിക്ക് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉള്‍പ്പടെയുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

തെറ്റായ കാര്യങ്ങൾ ചൂണ്ടി കാണിക്കുമ്പോൾ അവസരങ്ങൾ നഷ്ടപ്പെടാമെന്നും ഭീക്ഷണികളും മാറ്റിനിർത്തലുകളും ഉണ്ടാവുമെന്നും ജോയ് മാത്യു പറഞ്ഞു. പക്ഷെ ജീവിതം ഒന്നേയുള്ളൂ എന്ന തിരിച്ചറിവിൽ അനീതിക്കെതിരെ സംസാരിക്കാൻ കഴിയുന്നവനാണ് യഥാർത്ഥ കലാകാരൻ എന്നാണ് താൻ വിശ്വസിക്കുന്നതെന്നും ജോയ് ചൂണ്ടിക്കാട്ടി.

മാര്‍ക്‌സിസ്റ്റ് പാർട്ടി മാത്രമാണ് ഏറ്റവും അടഞ്ഞ ഒരു പുസ്തകമെന്നും ബി.ജെ.പിക്കാർ പോലും ഒരു ആശയസംവാദത്തിന് വേറൊരാളെ വിളിക്കുന്നത് കണ്ടിട്ടുണ്ടെന്നും ജോയ് ചൂണ്ടികാണിക്കുന്നുണ്ട്.

‘തെറ്റായ കാര്യങ്ങൾ ചൂണ്ടിക്കാണിക്കുമ്പോൾ അവസരങ്ങൾ നഷ്ടപ്പെടാം. അങ്ങനെ നഷ്ടപ്പെട്ടിട്ടുണ്ട്. ഒതുക്കാം, ഒതുക്കിയിട്ടുണ്ട്. പക്ഷേ ഇത്തരം ഭീഷണികളും മാറ്റിനിർത്തലുകളും ഉണ്ടെങ്കിലും ജീവിതം ഒന്നേയുള്ളൂ എന്ന തിരിച്ചറിവിൽ അനീതിക്കെതിരെ സംസാരിക്കാൻ കഴിയുന്നവനാണ് യഥാർത്ഥ കലാകാരൻ എന്ന് ഞാൻ വിശ്വസിക്കുന്നു.

എനിക്ക് തോന്നുന്നു മാര്‍ക്‌സിസ്റ്റ് പാർട്ടി മാത്രമാണ് ഏറ്റവും അടഞ്ഞ ഒരു പുസ്തകം. ബി.ജെ.പിക്കാർ പോലും ഒരു ആശയസംവാദത്തിന് വേറൊരാളെ വിളിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. പല പാർട്ടിക്കാരും അങ്ങനെ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ തങ്ങളുടെതല്ലാത്ത വേറെ ഒരാളെയും ഇവർക്ക് കേൾക്കുകയോ ഇവർക്ക് കാണുകയോ വേണ്ട,’ ജോയ് മാത്യു പറഞ്ഞു.

Content Highlight: Joy Mathew said that only the Marxist party is the most closed book

We use cookies to give you the best possible experience. Learn more