ബുദ്ധിമുട്ടാവുമെന്ന് കരുതി മമ്മൂക്കയോട് വരണ്ട, അനുഗ്രഹിച്ചാൽ മതിയെന്ന് പറഞ്ഞു, അദ്ദേഹം മകളെ വീഡിയോ കോൾ ചെയ്തു: ജോയ് മാത്യു
Film News
ബുദ്ധിമുട്ടാവുമെന്ന് കരുതി മമ്മൂക്കയോട് വരണ്ട, അനുഗ്രഹിച്ചാൽ മതിയെന്ന് പറഞ്ഞു, അദ്ദേഹം മകളെ വീഡിയോ കോൾ ചെയ്തു: ജോയ് മാത്യു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 20th September 2023, 1:35 pm

തന്റെ മകളുടെ വിവാഹത്തിന് മമ്മൂട്ടിയെ വിളിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ജോയ് മാത്യു. ബുദ്ധിമുട്ടി യാത്ര ചെയ്ത് വരേണ്ട എന്നാണ് താൻ മമ്മൂട്ടിയോട് പറഞ്ഞതെന്ന് ജോയ് പറഞ്ഞു. എന്നാൽ മമ്മൂട്ടി വീഡിയോ കാൾ ചെയ്ത് ആശംസ അറിയിച്ചെന്നും താരം പറഞ്ഞു. ചോദ്യം ശരിയല്ല എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജോയ് മാത്യു.

‘ ഞാൻ അവരോട് ബുദ്ധിമുട്ടി വരേണ്ട എന്ന് പറഞ്ഞതാണ്. അദ്ദേഹം കോഴിക്കോട് വരെ വന്നു പോകുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എനിക്കിത് നാട്ടുകാരെ കാണിക്കാൻ വേണ്ടീട്ടാണോ? ഞാൻ ഉള്ള സ്ഥലത്ത് ഞാൻ തന്നെയാണ് സ്റ്റാർ. മമ്മൂക്ക വന്നാൽ മമ്മൂക്കയ്ക്ക് കിട്ടേണ്ട ആദരവും പരിഗണനയുമൊക്കെ കിട്ടും.

പന്ത്രണ്ട് മണിക്കൂറൊക്കെ യാത്ര ചെയ്യേണ്ടി വരുകയാണെങ്കിൽ ഞാനൊക്കെ ശപിച്ചിട്ട് പോകും. ഇപ്പോൾ ഈ ഇന്റർവ്യൂവിന് വിളിച്ചപ്പോൾ തന്നെ ട്രാഫിക് ഒക്കെ ഉണ്ടാകും, പോകേണ്ടിയിരുന്നില്ല എന്നൊക്കെ ചിന്തിക്കും.

അപ്പോൾ കല്യാണത്തിന് വിളിക്കുമ്പോൾ , ‘ആ ജോയ് മാത്യുവിന്റെ മകളുടെ കല്യാണമല്ലേ, വേറെ പണിയൊന്നുമില്ല’ എന്നൊക്കെയാവും ആളുകൾ പറയുക.
ഞാൻ മമ്മൂക്കയോട് പറഞ്ഞു നിങ്ങൾ വരണ്ട, അനുഗ്രഹിച്ചാൽ മതിയെന്ന്. അദ്ദേഹം വീഡിയോ കോളിൽ വിളിച്ച് മോൾക്ക് ആശംസയൊക്കെ നേരിട്ട് കൊടുത്തു. സത്യത്തിൽ ഞാൻ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കുകയാണ് ചെയ്യുന്നത്.

ആ സമയത്ത് നമുക്ക് പോകാൻ കഴിയുമെങ്കിൽ മാത്രം പോകുക. ഇപ്പോൾ ഞാൻ എറണാകുളത്ത് ഷൂട്ടിലാണെങ്കിൽ കോഴിക്കോട് എന്റെ അടുത്ത സുഹൃത്തിന്റെ കല്യാണത്തിന് എനിക്ക് പോകാൻ പറ്റില്ലല്ലോ. നേരെ മറിച്ച് ഞാൻ കോഴിക്കോട് ഉണ്ടെങ്കിൽ തീർച്ചയായും പോകും.

ഇപ്പോൾ മൂവാറ്റുപുഴയിൽ എന്റെ സുഹൃത്തിന്റെ മകന്റെ കല്യാണമുണ്ട്, ഞാൻ ഒരിക്കലും കോഴിക്കോട് നിന്ന് മൂവാറ്റുപുഴേക്ക് പോകുന്ന പ്രശ്നമില്ല. നേരെ മറിച്ച് ഞാൻ സമീപ പ്രദേശത്തൊക്കെ ഉണ്ടെങ്കിൽ പോകും,’ ജോയ് മാത്യു പറഞ്ഞു.

കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു ജോയ് മാത്യുവിന്റെ മകൾ ആൻ എസ്തർ വിവാഹിതയായത്. എഡ്വിൻ ആയിരുന്നു വരൻ. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് വിവാഹത്തിൽ പങ്കെടുത്തിരുന്നത്.