| Wednesday, 9th February 2022, 1:38 pm

'ശ്രീ കണ്ഠന്‍ നായരാണോ'...'അല്ല വെറും കണ്ടന്‍നായര്‍'; ശ്രദ്ധ നേടി ജോയ് മാത്യുവിന്റെ മറുപടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘മിന്നല്‍ മുരളി’ക്ക് ശേഷം ടൊവിനോ തോമസ് നായകനാകുന്ന ചിത്രമാണ് ‘നാരദന്‍’. മാധ്യമലോകത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം ജനുവരി 27 ന് റിലീസ് തീരുമാനിച്ചിരുന്നുവെങ്കിലും കൊവിഡ് മൂലം മാറ്റിവെക്കുകയായിരുന്നു.

ജോയ് മാത്യുവും ഒരു പ്രധാനകഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ‘കുറുപ്പ്’ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തന്റെ ക്യാരക്റ്റര്‍ പോസ്റ്ററിന് ലഭിച്ച കമന്റിന് ജോയ് മാത്യു നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. അദ്ദേഹം പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ‘ശ്രീകണ്ഠന്‍ നായരായിട്ടാണോ’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.

എന്നാല്‍ ഇതിനു മറുപടിയായി ‘അല്ല വെറും കണ്ടന്‍ നായരായിട്ടാ’ എന്നാണ് ജോയ് മാത്യു മറുപടി നല്‍കിയത്. ഒപ്പം പൊട്ടിച്ചിരിക്കുന്ന ഇമോജിയും അദ്ദേഹം ചേര്‍ത്തിട്ടുണ്ട്.

മാര്‍ച്ച് മൂന്നിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അന്നാ ബെന്നാണ് നായിക. രണ്ട് ഗെറ്റപ്പിലാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്.

സിനിമ ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിരിക്കും. മായാനദിക്കും വൈറസിനും ശേഷം ടൊവിനോയും ആഷിഖ് അബുവും ഒന്നിക്കുന്ന ചിത്രം കൂടിയാണ് നാരദന്‍.

മിന്നല്‍ മുരളിയോടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് ഉയര്‍ന്ന ടൊവിനോയുടെ പുതിയ ചിത്രവും കേരളത്തിന് പുറത്തേക്ക് ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവെച്ച് ആശംസകള്‍ നേര്‍ന്നിരുന്നു.

ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.

May be an image of 1 person and text

സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജാഫര്‍ സാദിഖ് ആണ് ക്യാമറ, സൈജു ശ്രീധരനാണ് എഡിറ്റിംഗ്.

സംഗീത സംവിധാനം ഡി.ജെ ശേഖര്‍ മേനോനും ഒര്‍ജിനല്‍ സൗണ്ട് ട്രാക്ക് നേഹയും യാക്‌സണ്‍ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്. ആര്‍ട്ട് ഗോകുല്‍ ദാസ്. ഉണ്ണി. ആര്‍. ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.


Content Highlight: joy mathew reply to his naradan character poster became viral

We use cookies to give you the best possible experience. Learn more