| Wednesday, 21st September 2022, 11:37 pm

ജപ്തി ഭീഷണിയില്‍ മനം നൊന്ത് വിദ്യാര്‍ഥി ജീവനൊടുക്കിയിട്ടും വിദ്യാര്‍ഥിയെയും പിതാവിനെയും തല്ലിച്ചതച്ചിട്ടും പ്രതികരിക്കാത്ത വിദ്യാര്‍ഥി ഐക്യം: ജോയ് മാത്യു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കാട്ടാക്കട ബസ് സ്റ്റേഷനിലെ അതിക്രമത്തിലും കൊല്ലം ശൂരനാട് വീടിനുമുന്നില്‍ ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തിലും പ്രതികരണവുമായി നടന്‍ ജോയ് മാത്യു. രണ്ട് വിഷയത്തിലും വിദ്യാര്‍ത്ഥി സംഘടനകള്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികണം.

‘ഒരു വിദ്യാര്‍ത്ഥിയെയും പിതാവിനെയും തല്ലിച്ചതച്ചിട്ടു കയ്യും കെട്ടിയിരിക്കുന്ന വിദ്യാര്‍ഥി ഐക്യം സിന്ദാബാ…
വീട് ജപ്തി ഭീഷണിയില്‍ മനം നൊന്ത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തിട്ടും പ്രതികരിക്കാന്‍ കഴിയാത്ത
വിദ്യാര്‍ഥി സംഘടനകള്‍ക്ക് സിന്ദാബാ,’ എന്നാണ് ജോയ് മാത്യു ഫേസ്ബുക്കില്‍ എഴുതിയത്.

കൊല്ലം ശൂരനാട് സൗത്ത് അജി ഭവനില്‍ അഭിരാമി ആണ് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ മരിച്ചത്. അഭിരാമിയുടെ കുടുംബം കേരള ബാങ്ക് പതാരം ബ്രാഞ്ചില്‍ നിന്ന് 10 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇത് മുടങ്ങിയതിന്റെ പേരിലാണ് ജപ്തി നോട്ടിസ് പതിച്ചത്.

കഴിഞ്ഞ ദിവസമാണ് കാട്ടാക്കട കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ കണ്‍സഷന്‍ എടുക്കുന്നതിനെ സംബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മകളുടെ മുമ്പില്‍ വെച്ച് പിതാവിനെ മര്‍ദിച്ചത്. സംഭവത്തെ തുടര്‍ന്ന് ഉത്തരവാദികളായ നാല് കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കെ.എസ്.ആര്‍.ടി.സി ആര്യനാട് യൂണിറ്റിലെ സ്റ്റേഷന്‍ മാസ്റ്റര്‍ എ. മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാര്‍ഡ് എസ്. ആര്‍. സുരേഷ് കുമാര്‍, കണ്ടക്ടര്‍ എന്‍. അനില്‍കുമാര്‍, അസിസ്റ്റന്റ് സി.പി. മിലന്‍ ഡോറിച്ച് എന്നിവരെയണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഡ് ചെയ്തത്.

CONTENT HIGHLIGHTS: Joy Mathew reacts to the issue at the Kattakkada bus station and the incident in which a student took her own life after a confiscation notice was posted in front of her house in Kollam Sooranad

We use cookies to give you the best possible experience. Learn more