| Friday, 25th November 2016, 4:23 pm

വെടിവെച്ചു കൊല്ലാന്‍ മാത്രം മാവോയിസ്റ്റുകള്‍ ചെയ്ത കുറ്റമെന്തെന്ന് മുഖ്യമന്ത്രി പറയണം: ജോയ് മാത്യു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വെടിവെച്ചു കൊല്ലാന്‍ മാത്രം എന്തായിരുന്നു മാവോയിസ്റ്റുകള്‍ ചെയ്ത കുറ്റമെന്ന് ആഭ്യന്തരവകുപ്പ് കൂടി കയ്യാളുന്ന മുഖ്യമന്ത്രി ജനങ്ങളോട് പറയാന്‍ ബാധ്യസ്ഥനാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 


കൊച്ചി: നിലമ്പൂര്‍ വനത്തില്‍ പൊലീസുമായി നടന്ന ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തെ താന്‍ സംശയത്തോടെയാണ് കാണുന്നതെന്ന് സംവിധായകനും നടനുമായ ജോയ് മാത്യു.

വെടിവെച്ചു കൊല്ലാന്‍ മാത്രം എന്തായിരുന്നു മാവോയിസ്റ്റുകള്‍ ചെയ്ത കുറ്റമെന്ന് ആഭ്യന്തരവകുപ്പ് കൂടി കയ്യാളുന്ന മുഖ്യമന്ത്രി ജനങ്ങളോട് പറയാന്‍ ബാധ്യസ്ഥനാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഏറ്റുമുട്ടല്‍ സംശയിക്കാന്‍ ഇടത് അല്ലെങ്കില്‍ വലത് പക്ഷമാവണമെന്നില്ല, മനുഷ്യപക്ഷമായാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് ഏറ്റുമുട്ടലുകള്‍ എന്നത് അവര്‍ കെട്ടിച്ചമയ്ക്കുന്ന വ്യാജ വാര്‍ത്തകളാണെന്നതിന് ഉദാഹരണങ്ങള്‍ നിരവധിയാണ്. കമ്മ്യൂണിസ്റ്റ് നേതാവ് വര്‍ഗ്ഗീസിനെ വെടിവെച്ചു കൊന്നതാണെന്ന സത്യം രാമചന്ദ്രന്‍ പോലീസിന്റെ പിന്നീടുള്ള കുറ്റസമ്മതത്തിലൂടെ നമ്മള്‍ അറിഞ്ഞതാണ് എന്നും അദ്ദേഹം പറയുന്നു.

ക്വട്ടേഷന്‍ സംഘങ്ങള്‍ പട്ടാപ്പകല്‍ പോലും രക്തച്ചൊരിച്ചില്‍ നടത്തുകയും, രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി നടുറോഡിലിട്ട് മനുഷ്യരെ വെട്ടിക്കൊല്ലുമ്പോഴും, മതഭ്രാന്തന്‍മാര്‍ മനുഷ്യരുടെ കൈപ്പത്തി വെട്ടിമാറ്റുമ്പോഴുമെല്ലാം പൊലീസ് എവിടെയായിരുന്നു എന്ന് ജോയ് മാത്യു പോസ്റ്റില്‍ ചോദിക്കുന്നു.

ഇന്നലെയാണ് നിലമ്പൂര്‍ കരുളായി വനത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ 2 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. ഒരു സ്ത്രീയും പുരുഷനുമാണ് കൊല്ലപ്പെട്ടതെന്ന് തൃശൂര്‍ റെയ്ഞ്ച് ഐജി വ്യക്തമാക്കിയിരുന്നു. വെടിവെയ്പ്പില്‍ പരിക്കേറ്റ ഒരാള്‍ കസ്റ്റഡിയിലായെന്നും റിപ്പോര്‍ട്ടുകളുണ്ട്. പടുക്ക വനമേഖലയില്‍ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്.

കൊല്ലപ്പെട്ടത് ആന്ധ്രാ സ്വദേശി കുപ്പു എന്ന ദേവരാജ്, കാവേരിയെന്ന അജിത എന്നിവരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആന്ധ്രയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മുതിര്‍ന്ന മാവോയിസ്റ്റ് നേതാവാണ് ദേവരാജ്.

We use cookies to give you the best possible experience. Learn more