ചിന്ത ജെറോം ആയതുകൊണ്ട് അങ്ങനെ ചിന്തിച്ചു, കളിയാക്കുന്നവർ കളിയാക്കട്ടെ, അവർക്ക് സിനിമാക്കാരോടും അസൂയ ഉണ്ട്: ജോയ് മാത്യു
Entertainment
ചിന്ത ജെറോം ആയതുകൊണ്ട് അങ്ങനെ ചിന്തിച്ചു, കളിയാക്കുന്നവർ കളിയാക്കട്ടെ, അവർക്ക് സിനിമാക്കാരോടും അസൂയ ഉണ്ട്: ജോയ് മാത്യു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 18th June 2023, 7:45 pm

ഇംഗ്ലീഷ് പ്രസംഗവുമായി ബന്ധപ്പെട്ട വിഷയത്തിൽ ചിന്ത ജെറോമിനെയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദുവിനെയും കളിയാക്കുന്നതിനോട് താൻ എതിരാണെന്ന് നടൻ ജോയ് മാത്യു. കാര്യങ്ങളെക്കുറിച്ച് വ്യക്തമായി പഠിക്കാതെ ആളുകളെ കളിയാക്കുന്നത് തെറ്റാണെന്നും ആളുകൾ ഏതുഭാഷയിൽ സംസാരിച്ചാലും അത് മറ്റുള്ളവർക്ക് മനസിലായാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പറയുന്ന കാര്യങ്ങൾ കേൾക്കുന്ന ആളുകൾക്ക് മനസിലായാൽ മതി. ചിന്ത ജെറോം പറയുന്നത് ആളുകൾക്ക് മനസിലായിട്ടുണ്ട്. മന്ത്രി ബിന്ദു പറഞ്ഞതും ആളുകൾക്ക് മനസിലായിട്ടുണ്ട്. തലയിൽ വെക്കുന്നത് വീടാണോ ഹോം ആണോ എന്ന് പറയുന്നതല്ല ഇവിടുത്തെ വിഷയം. ഞാൻ എന്റെ ഭവനം എന്റെ കൂടെ കൊണ്ടുനടക്കുന്നു, അല്ലെങ്കിൽ എന്റെ തലയിൽ ചുമക്കുന്നു എന്നാണ് അതിന്റെ അർഥം. അതിന് പരിഹസിക്കേണ്ട കാര്യമില്ല. ഞാൻ തന്നെ ഇംഗ്ലീഷ് തപ്പിപിടിച്ചാണ്‌ സംസാരിക്കുന്നത്. ഇംഗ്ലീഷ് അറിയാത്തവൻ പറയണ്ട. പക്ഷെ പരിശ്രമിക്കാം.

നമ്മൾ ആരും ഇംഗ്ലീഷ് പ്രൊഫസർമാരല്ല, ബിന്ദു പ്രൊഫസർ ആണ്. എങ്കിലും തെറ്റില്ല. പഠിപ്പിക്കുന്ന ആളുകൾക്ക് സ്പോക്കൺ ഇംഗ്ലീഷിൽ പ്രാവീണ്യം വേണമെന്നില്ല. അവർ പറയാനുള്ള കാര്യം എന്തായാലും വ്യക്തമാക്കിയിട്ടുണ്ട്. സംസാരിച്ചപ്പോൾ അൽപം വിള്ളൽ സംഭവിച്ചു. അതിൽ പരിഹസിക്കേണ്ട കാര്യമില്ല. കളിയാക്കുന്നവർ കാലിയാക്കട്ടെ. ഒരു ഭാഷ അറിയില്ലെന്ന് പറയുന്നത് ഒരു പരാധീനതയല്ല. അവർ രണ്ടുപേരും ഇംഗ്ലീഷ് പഠിച്ചവരാണെന്നുള്ളതാണ് ചിലരുടെയൊക്കെ പ്രശ്നം,’ ജോയ് മാത്യു പറഞ്ഞു.

ധാരാളം സിനിമ പ്രവർത്തകരും കളിയാക്കലുകൾക്ക് ഇരയാകാറുണ്ടെന്നും കളിയാക്കുന്നവർക്ക് സിനിമാക്കാർ ആകാൻ കഴിയാത്തതിൽ അസൂയ ഉള്ളതുകൊണ്ടാണ് അവർ പരിഹസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ധാരാളം സിനിമ പ്രവർത്തകരും കളിയാക്കലുകൾക്ക് ഇരയാകാറുണ്ട്. നമ്മളൊക്കെ ഇംഗ്ലീഷ് അറിഞ്ഞിട്ടാണോ ജീവിക്കുന്നെ. ചിന്തയൊക്കെ വളരെ നന്നായി മലയാളത്തിൽ സംസാരിക്കുന്ന ആളുകൾ അല്ലേ. ആ രീതിയിൽ തന്നെ അവർ ഇംഗ്ലീഷിൽ സംസാരിച്ചുവെന്നേയുള്ളൂ. അതായത്, അവർ മലയാളത്തിൽ ചിന്തിച്ചിട്ട് പറഞ്ഞു. ചിന്ത ജെറോം ആയതുകൊണ്ട് അങ്ങനെ ചിന്തിച്ചു (ചിരിക്കുന്നു ). എന്തെങ്കിലും ഒരു കാര്യം കിട്ടുമ്പോൾ അതിന്റെ പിന്നാമ്പുറം, ചിന്തിക്കാതെ എടുത്തുചാടി കമന്റടിക്കുന്നത് ഒരു കോംപ്ലക്സ് ആണ്. അതായത് ഒരാളെക്കൊണ്ട് കഴിയാത്തത് മറ്റൊരാൾ ചെയ്യുമ്പോഴുണ്ടാകുന്ന അസൂയ, അതാണ്‌ ഇതിന്റെ പിന്നിലെ പ്രധാന കാരണം. സിനിമാക്കാരോടും ഇതുപോലെയുള്ള വിദ്വേഷം ഉണ്ട്. കാരണം അവർക്ക് സിനിമാക്കാർ ആകാൻ പറ്റാത്തതുകൊണ്ടുള്ള അസൂയ ആണ് കാണിക്കുന്നത്. ചിന്തയെയും മന്ത്രി ആർ. ബിന്ദുവിനെയും കളിയാക്കുന്നതിനോട് ഞാൻ എതിരാണ്,’ ജോയ് മാതു പറഞ്ഞു.

ഇന്ത്യ ടുഡേയുടെ സംഘടിപ്പിച്ച സൗത്ത് കോൺക്ലേവിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നടത്തിയ ഇംഗ്ലീഷ് പ്രസംഗം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. വീടിനെ തലക്കകത്ത് എടുക്കേണ്ടി വരുന്നുണ്ട് സ്ത്രീകൾക്ക് എന്നായിരുന്നു ബിന്ധു പ്രസംഗത്തിൽ പറഞ്ഞിരുന്നത്.

Content Highlights: Joy Mathew on Chintha Jerome and R. Bindu