| Wednesday, 26th April 2017, 9:42 am

'കാരട്ടിനോടും യെച്ചൂരിയോടും ഇതേ ഭാഷയിലാണോ മണി സംസാരിക്കുക?'; വിദ്യാഭ്യാസമല്ല സംസ്‌കാരമാണ് ഭാഷാപ്രയോഗത്തിന്റെ അളവുകോല്‍: ജോയ് മാത്യു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എം.എം മണിയുടേത് നാടന്‍ ഭാഷയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ വിലപാടിനെ വിമര്‍ശിച്ച് നടന്‍ ജോയ് മാത്യു. കേന്ദ്ര നേതാക്കളായ പ്രകാശ് കാരാട്ടിനോടും യെച്ചൂരിയോടുമൊക്കെ ഈ ഭാഷയില്‍ തയൊണോ മണി സംസാരിക്കുതെന്നും ജോയ് മാത്യു ചോദിച്ചു.


Also read മലയാള ഗാനശാഖയുടെ തകര്‍ച്ചക്ക് ‘ഗാനഗന്ധര്‍വനും’ കാരണക്കാരാന്‍: വി.ടി മുരളി 


ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോയ് മാത്യു മണിയുടേത് നാടന്‍ ശൈലിയിലുള്ള പരാമര്‍ശമായിരുന്നെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ രംഗത്തെത്തിയത്. ഗ്രാമ്യഭാഷയെണെന്ന് മുഖ്യമന്ത്രി പറഞ്ഞത് ശരിയായിരിക്കാമെന്നു പറഞ്ഞ് കൊണ്ടാണ് ജോയ് മാത്യുവിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. തൊഴിലാളി നേതാവിനു മൈതാന പ്രസംഗത്തില്‍ കയ്യടി കിട്ടാനായി മണിയുടെ രീതി ഉപയോഗിക്കാമെങ്കിലും നികുതിദായകരുടെ ചെലവില്‍ ജീവിക്കുമ്പോള്‍ വാക്കുകള്‍ക്കും വാചകങ്ങള്‍ക്കും മണികെട്ടേണ്ടതുണ്ടെന്ന് ജോയ് മാത്യൂ പറയുന്നു.

ഒരു സംശയം ബാക്കിയുണ്ടെന്ന് പറയുന്ന താരം “കേന്ദ്ര നേതാക്കളായ പ്രകാശ് കാരാട്ടിനോടും യെച്ചൂരിയോടുമൊക്കെ
ഇതേ ഗ്രാമ്യഭാഷയിലാണോ മണി ആശാന്‍ സംസാരിക്കുക? അല്ലെങ്കില്‍ കോടതിയില്‍? അതുമല്ലെങ്കില്‍ സ്വന്തം കുടുംബാംഗങ്ങളോടെന്നും ചോദിക്കുന്നു.

ഗ്രാമ്യ ഭാഷയെന്നു പറയുമ്പോള്‍ മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുടെ ശൈലിയാണ് ഓര്‍മ്മ വരുന്നതെന്നും അദ്ദേഹത്തിന്റെ വാക്കുകളില്‍ സ്‌നേഹവും കരുതലും തുളുമ്പി നിന്നിരുന്നെന്നും വമ്പത്തരവും ഗുണ്ടായിസവും ഉണ്ടായിരുന്നില്ലെന്നും താരം പറയുന്നു.

ഗ്രാമ്യ ഭാഷ സ്‌നേഹത്തിന്റേതാണ് വിജയേട്ടാ എന്നു പറയുന്ന ജോയ് മാത്യു “മണിയുടെ ഭാഷ ഗ്രമ്യ ഭാഷയാണെന്ന് പറയുമ്പോള്‍ നല്ല വൃത്തിയും വെടിപ്പുമുള്ള ഭാഷ ഉപയോഗിക്കുന്ന ഗ്രാമീണരെ മുഴുവന്‍ ആക്ഷേപിക്കലാവുമെന്നും ഗ്രമീണര്‍ മുഴുവന്‍ മണികളല്ലെന്നും പറയുന്നു. വിദ്യാഭ്യാസമല്ല മറിച്ച് സംസ്‌കാരമായിരിക്കണം ഭാഷാപ്രയോഗത്തിന്റെ അളവ്കോല്‍ എന്നു പറഞ്ഞ് കൊണ്ടാണ് ജോയ് മാത്യു പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

“എം.എം മണിയുടെ ഭാഷ ഗ്രാമ്യഭാഷയാണെന്ന് മുഖ്യമന്ത്രി അത് ശരിയായിരിക്കാം. അടിസ്ഥാന വര്‍ഗ്ഗത്തില്‍ നിന്നും
ഉയര്‍ന്നുവന്ന തൊഴിലാളി നേതാവാണു ജനങ്ങള്‍ മണിയാശാന്‍ എന്നു വിളിക്കുന്ന എം.എം മണി മൈതാന പ്രസംഗത്തിനു
കയ്യടികിട്ടാന്‍ ചിലപ്പോള്‍ ഭാഷയെ മണിയുടെ രീതിയില്‍ ഉപയോഗിക്കേണ്ടി വന്നേക്കാം അതൊക്കെ ഒരു
രാഷ്ട്രീയപാര്‍ട്ടിയുടെ വക്താവാകുമ്പോള്‍ എന്നാല്‍ നികുതിദായകരുടെ ചെലവില്‍ ജീവിക്കുമ്പോള്‍ വാക്കുകള്‍ക്കും വാചകങ്ങള്‍ക്കും മണികെട്ടേണ്ടതുണ്ട്.

ഒരു സംശയം ബാക്കി കേന്ദ്ര നേതാക്കളായ പ്രകാശ് കാരാട്ടിനോടും യെച്ചൂരിയോടുമൊക്കെ
ഇതേ ഗ്രാമ്യഭാഷയിലാണോ മണി ആശാന്‍ സംസാരിക്കുക? അല്ലെങ്കില്‍ കോടതിയില്‍? അതുമല്ലെങ്കില്‍ സ്വന്തം കുടുംബാംഗങ്ങളോട്?. ഗ്രാമ്യ ഭാഷയെപ്പറ്റിപറയുബോള്‍ മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരെയാണു ഓര്‍മ്മവരുന്നത് തനി വടക്കന്‍ മലബാറുകാരന്റെ ഗ്രാമ്യഭാഷയായ “ഓന്‍” “ഓളു” “യ്” “എടോ” എന്നെല്ലാം നയനാര്‍ പറയുമ്പോള്‍ ഒരാളും അത്
കുറ്റമായി കണ്ടില്ല. എതിരാളികള്‍ പോലും ആ വാക്കുകള്‍ ആസ്വദിച്ചു കാരണം ആ വാക്കുകളില്‍ ഒരു നാട്ടിന്‍പുറത്തുകാരന്റെ കരുതലും സ്‌നേഹവും തുളുമ്പിനിന്നിരുന്നു. അല്ലാതെ വമ്പത്തരമോ ഗുണ്ടായിസമോ ഉണ്ടായിരുന്നില്ല.

ഗ്രാമ്യ ഭാഷ സ്‌നേഹത്തിന്റേതാണു വിജയേട്ടാ. അതു മറക്കരുത് മണിയുടെ ഭാഷ ഗ്രമ്യ ഭാഷയാണെന്ന് പറയുമ്പോള്‍ നല്ല വൃത്തിയും വെടിപ്പുമുള്ള ഭാഷ ഉപയോഗിക്കുന്ന ഗ്രാമീണരെ മുഴുവന്‍ ആക്ഷേപിക്കലാവും. ഗ്രമീണര്‍ മുഴുവന്‍ മണികളല്ല എന്നും ഓര്‍ക്കുക വിദ്യാഭ്യാസമല്ല മറിച്ച് സംസ്‌കാരമായിരിക്കണം ഭാഷാപ്രയോഗത്തിന്റെ അളവ്കോല്‍ എന്നാണു അടിയന്റെ ഒരിത്.

We use cookies to give you the best possible experience. Learn more