'അഭിനയം തൊഴിലാക്കിയരുടെ സംഘടനയാണ് 'അമ്മ''; താരസംഘടനക്കെതിരെ വിമര്‍ശനവുമായി ജോയ് മാത്യു
Kerala
'അഭിനയം തൊഴിലാക്കിയരുടെ സംഘടനയാണ് 'അമ്മ''; താരസംഘടനക്കെതിരെ വിമര്‍ശനവുമായി ജോയ് മാത്യു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th June 2017, 3:49 pm

 

കോഴിക്കോട്: താരസംഘടനയായ അമ്മയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ജോയ് മാത്യു. അഭിനയം തൊഴിലാക്കിയരുടെ സംഘടനയാണ് “അമ്മ”യെന്നാണ് ജോയ് മാത്യു തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് താര സംഘടന സ്വീകരിച്ച നിലപാടിനെതിരെ ചലച്ചിത്ര മേഖലയില്‍ നിന്ന് തന്നെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്.


Also read ‘അഞ്ചുപൈസയുടെ ജനാധിപത്യം ഇതിലൊന്നിലുമില്ല’: സിനിമാ സംഘടനകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആഷിഖ് അബു


“എല്ലാവര്‍ക്കും അറിയ്യേണ്ടത് സിനിമാക്കാരുടെ സംഘടനയായ അമ്മയില്‍ എന്ത് സംഭവിച്ചു എന്നാണു എന്നാല്‍ കേട്ടോളൂ അഭിനയം തൊഴിലാക്കിയരുടെ സംഘടനയാണൂ “അമ്മ”മനസ്സിലായല്ലോ.” എന്നാണ് ജോയ് മാത്യു തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.

 

ഇന്നലെ നടന്ന സംഘടനയുടെ വാര്‍ത്താസമ്മേളനവും നിലപാടുകളും സംഘടനക്കെതിരെ വ്യാപക പ്രതിഷേധത്തിന് വഴി തെളിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഘടനയിലുള്ളവരെല്ലാം “അഭിനേതാക്കളാണെന്ന”് തുറന്ന് പറഞ്ഞുള്ള ജോയ് മാത്യുവിന്റെ പോസ്റ്റ്.

നേരത്തെ സംഘടനക്കെതിരെ സംവിധായകനും നിര്‍മ്മാതാവുമായ ആഷിഖ് അബുവും രംഗത്ത് വന്നിരുന്നു. സിനിമാ സംഘടനകളിലൊന്നിലും പേരിനുപോലും ജനാധിപത്യം ഇല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഫേസ്ബുക്കിലൂടെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണവും.


Dont miss ‘മുസ്‌ലിം പെണ്‍കുട്ടികളെയെല്ലാം റേപ് ചെയ്ത് അവര്‍ക്ക് കുട്ടികളെ ഉണ്ടാക്കണം’; ബലാത്സംഗത്തിന് ആഹ്വാനം ചെയ്ത് മലയാളി


“സിനിമാസംഘടനകളുടെ നിലപാടുകളില്‍ പൊതുസമൂഹത്തിന് അതിശയം തോന്നുന്നുണ്ടോ? കാരണം മറ്റൊന്നുമല്ല, അഞ്ചുപൈസയുടെ ജനാധിപത്യം പേരിനുപോലും ഇതിലൊന്നിലുമില്ല. ഒറ്റ പുസ്തകം, അത് മതി !” എന്നായിരുന്നു ആഷിഖ് അബുവിന്റെ പോസ്റ്റ്.

കഴിഞ്ഞദിവസം ചേര്‍ന്ന അമ്മ ജനറല്‍ ബോഡീ യോഗത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവം ചര്‍ച്ച ചെയ്തിരുന്നില്ല. ചില നടിമാര്‍ ഈ വിഷയം സംഘടനയില്‍ ഉയര്‍ത്തിട്ടും അത് ചര്‍ച്ച ചെയ്യാന്‍ തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടി വിമന്‍ കലക്ടീവ് ഇന്‍ സിനിമയും രംഗത്തുവന്നിരുന്നു. ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിക്കുന്ന തരത്തില്‍ ദിലീപ്, സലിംകുമാര്‍ തുടങ്ങിയ താരങ്ങളില്‍ നിന്നും പ്രതികരണമുണ്ടായിട്ടും അമ്മ ഇതിനെതിരെ യാതൊരു നിലപാടും സ്വീകരിച്ചിരുന്നില്ല. അമ്മയുടെ നിലപാടിനെ ചോദ്യം ചെയ്ത മാധ്യമങ്ങളോട് വളരെ രൂക്ഷമായാണ് ഭാരവാഹികള്‍ പ്രതികരിച്ചത്. ഈ സാഹചര്യത്തിലാണ് ആഷിഖ് അബുവിന്റെയും ജോയ് മാത്യുവിന്റെയും വിമര്‍ശനം.