'സംഘ-സമുദായ-പാര്‍ട്ടി -മതത്തിലൊന്നും പെടാത്തവരുടെ കാര്യം കട്ടപ്പൊക തന്നെ': പി.കെ ശശിക്കെതിരെയുള്ള പരാതിയോട് സി.പി.ഐ.എം സ്വീകരിച്ച നിലപാടിനെ പരിഹസിച്ച് നടന്‍ ജോയ് മാത്യു
Kerala News
'സംഘ-സമുദായ-പാര്‍ട്ടി -മതത്തിലൊന്നും പെടാത്തവരുടെ കാര്യം കട്ടപ്പൊക തന്നെ': പി.കെ ശശിക്കെതിരെയുള്ള പരാതിയോട് സി.പി.ഐ.എം സ്വീകരിച്ച നിലപാടിനെ പരിഹസിച്ച് നടന്‍ ജോയ് മാത്യു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th September 2018, 8:44 pm

കോഴിക്കോട്: പി.കെ ശശി എം.എല്‍.എക്കെതിരെ യുവതി നല്‍കിയ പരാതിയോട് സി.പി.ഐ.എം സ്വീകരിച്ച നിലപാടിനെ പരിഹസിച്ച് നടന്‍ ജോയ് മാത്യു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പാര്‍ട്ടിയുടെ നിലപാടിനെ ജോയ് മാത്യു വിമര്‍ശിച്ചിരിക്കുന്നത്.

ബിഷപ്പിന്റെ കാര്യത്തില്‍ ഇതുതന്നെയാണ് സഭ പറയുന്നതെന്നും മറ്റു മതസ്ഥരുടെ കാര്യങ്ങള്‍ അതാത് സമുദായങ്ങളും മറ്റു പാര്‍ട്ടിക്കാരുടെ കാര്യം അവരും നോക്കിക്കോളും എന്നും ജോയ്മാത്യു പറയുന്നു. ഖജനാവിന് നഷ്ടം വരുത്താതിരിക്കാനാണ് പി.കെ ശശിയുടെ കേസ് പാര്‍ട്ടി അന്വേഷിക്കുനതെന്നും ജോയ് മാത്യു വിമര്‍ശിക്കുന്നു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ഇതുതന്നെയാണ് ഞങ്ങള്‍ ക്രിസ്ത്യാനികളും പറയുന്നത്, ഞങ്ങളുടെ ബിഷപ്പിന്റെയും വൈദികരുടെയും കന്യാസ്ത്രീകളുടെയും കാര്യം ഞങ്ങളുടെ സഭ നോക്കിക്കൊള്ളും. ഇനി മറ്റു മതസ്തരുടെ കാര്യം അവരുടെ ആള്‍ക്കാരും നോക്കിക്കൊള്ളും സമുദായങ്ങളുടെ കാര്യം അതാത് സമുദായങ്ങള്‍ നോക്കിക്കൊള്ളും പാര്‍ട്ടിക്കാരുടെ കാര്യം പാര്‍ട്ടി നോക്കിക്കൊള്ളും.

ഇതുമൂലം ഖജനാവിനുള്ള ലാഭം നോക്കൂ. പൊലീസ് ,വക്കീല്‍, ജൂഡിഷ്യറി……… ഇതിനുപുറമെ കേസുകള്‍ കെട്ടിക്കിടക്കുകയുമില്ല. ചിലപ്പോ കമ്മ്യൂണിസം ഇങ്ങിനെയൊക്കെയായിരിക്കുമോ സംഭവിക്കുക? എന്റെ സംശയം അതല്ല, മേല്‍പ്പറഞ്ഞ സംഘ-സമുദായ-പാര്‍ട്ടി -മതത്തിലൊന്നും പെടാത്തവരുടെ കാര്യം? കട്ടപ്പൊക തന്നെ അല്ലെ?