[]”പെരുച്ചാഴി” സിനിമയിലെ ഡയലോഗുമായി ബന്ധപ്പെട്ട് സംവിധായകന്‍ ഡോ.ബിജു തുടക്കമിട്ട വിവാദം ഫേസ്ബുക്ക് ലോകത്ത് ചൂട് പിടിക്കുകയാണ്. ഇപ്പോഴിതാ ഡോ.ബിജുവിനെ വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്തെത്തിയിരിക്കുകയാണ്.
“ശരിയായ പെരുച്ചാഴി ആരാണ്?” എന്നു ചോദിച്ചുകൊണ്ടാണ് ജോയ് മാത്യു തന്റെ നിലപാട് വ്യക്തമാക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്. മോഹന്‍ലാലിനെ വ്യക്തിപരമായി പരിചയമില്ല എന്നും അദ്ദേഹം എക്കാലവും അത്ഭുതപ്പെടുത്തുന്ന ഒരു നടനാണെന്നും പറയുന്ന സംവിധായകന്‍ സിനിമയിലെ ഒരു ഡയലോഗ് മാത്രം തോണ്ടിയെടുത്ത് മോഹന്‍ലാല്‍ എന്ന നടനെ വിമര്‍ശിക്കുന്നത് മാനസിക രോഗമാണെന്ന രൂക്ഷവിമര്‍ശനമാണുയര്‍ത്തുന്നത്.
“നെല്ല്” മുതല്‍ “ബാംബൂ ബോയ്‌സ്” വരെയുളള നൂറുകണക്കിന് സിനിമകളില്‍ ആദിവാസികളെ കോമാളികളായും ആഭാസന്‍മാരുമായി ചിത്രീകരിച്ചിട്ടുണ്ട്. മോഹന്‍ലാലിനെ മാത്രം ഇത്തരത്തില്‍ ആക്രമിക്കുന്നതിന്റെ ഉദ്ദേശ്യം മനസ്സിലാക്കാനും ചികിത്സിച്ച് സൗഖ്യം നേടാനും വൈദ്യം പഠിച്ച ഒരു അപ്പോത്തിക്കിരിയെ കാണുകയാണ് വേണ്ടതെന്നും ജോയ് മാത്യു ബിജുവിനുളള മറുപടിയായി പറയുന്നു. അട്ടപ്പാടി എന്ന സ്ഥലത്ത് ആദിവാസികള്‍ മാത്രമല്ല താമസിക്കുന്നത്. 68 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കല്‍ ആദിവാസികള്‍ നടത്തുന്ന നില്‍പ്പ് സമരപ്പന്തലിലേക്ക് ഒന്ന് എത്തി നോക്കുകയെങ്കിലും ചെയ്ത് ബിജു മനോനില വീണ്ടെടുക്കട്ടേയെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഇതിന് ഫേസ്ബുക്കിലൂടെ തന്നെ ഡോ. ബിജു മറുപടിയും നല്‍കി. ദേശീയ അവാര്‍ഡ് പ്രശ്‌നത്തില്‍ ജോയ് മാത്യു തന്നെ ജാതിപ്പേര് വിളിച്ചതും മറ്റും ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ഡോ.ബിജുവിന്റെ പോസ്റ്റ്.
“ഒരു വര്‍ഷം മുന്‍പ് ഒരു പാതി രാത്രിയില്‍ എനിക്ക് അവാര്‍ഡ് കിട്ടാത്തതിനു കാരണം നീ ദേശീയ അവാര്‍ഡ് കമ്മിറ്റിയില്‍ ഉള്ളതിനാലാണ് എന്ന് പറഞ്ഞ് എന്നെ ഫോണില്‍ വിളിച്ച് ജാതിപ്പേര് വിളിച്ചു തെറി പറഞ്ഞ അതേ ജോയി മാത്യു തന്നെയല്ലേ ഈ ആള്‍ .അല്ലാ ഒരു സംശയം . ആദിവാസി ജനതെയെ എങ്ങനെ സ്‌നേഹിക്കണം എന്ന് എന്നെ ഉപദേശിക്കുന്നത് അതേ മനുഷ്യന്‍ തന്നെ അല്ലേ എന്ന് ഉറപ്പക്കിയതാ . ഏതായാലും അന്ന് ഞാന്‍ കൊടുത്ത കേസില്‍ ജാമ്യം എടുത്തു നടക്കുകയാണല്ലോ . കേസ് ഇപ്പോഴും തുടരുന്നു . താങ്കള്‍ പറഞ്ഞാലും താങ്കള്‍ക്ക് തന്നെയാണ് അതിനുള്ള അര്‍ഹത ….”
ഡോ.ബിജുവിന്റെ ഫേസ്ബുക്ക് കുറിപ്പിനെതിരെ മോഹന്‍ലാല്‍ ഫാന്‍സും ശക്തമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ആശയങ്ങളോട് ആര്‍ക്കും യോജിക്കാം വിയോജിക്കാം… പക്ഷേ…. ഭീഷണിക്കും സംസ്‌ക്കാരമില്ലായ്മക്കും മുന്‍പില്‍ കീഴടങ്ങാന്‍ ഉള്ളതല്ല നിലപാടുകള്‍” എന്നായിരുന്നു ഇവര്‍ക്ക് ബിജു നല്‍കിയ മറുപടി.
ചിത്രത്തിലെ “ലുലുമാളില്‍ കയറിയ ആദിവാസികള്‍” എന്ന ഡയലോഗിനെയും അതിലഭിനയിച്ച മോഹന്‍ലാലിനെയും വിമര്‍ശിച്ചുള്ള ഡോ.ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.