കോഴിക്കോട്: കോഴിക്കോട് നടന്ന ബാലഗോകുലത്തിന്റെ സംസ്ഥാന വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്തത് വിവാദമായതിന് പിന്നാലെ വിഷയത്തില്‍ ന്യായീകരണവുമായി നടന്‍ ജോയ് മാത്യു.
വ്യത്യസ്ത അഭിപ്രായങ്ങള്‍ വെച്ച് പുലര്‍ത്തുന്നവരെ മാനിക്കുന്ന സംഘടനയാണ് ബാലഗോകുലമെന്നും തുറസായ മനസിനെ, എതിരഭിപ്രായങ്ങളെപ്പോലും മാനിക്കുന്ന ബാലഗോകുലത്തെ അനുമോദിക്കുന്നു എന്നുമായിരുന്നു ജോയ് മാത്യുവിന്റെ പ്രസ്താവന. താന്‍ എങ്ങനെ ഈ പരിപാടിയുടെ ഉദ്ഘാടകനായി എന്ന് ചോദിക്കുന്നവര്‍ക്കുളള മറുപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
രാമായണ മാസത്തിനൊരുങ്ങുന്ന പാര്‍ട്ടികള്‍ റംസാന്‍ മാസവും ആഘോഷിക്കണം. മതസൗഹാര്‍ദവും ബഹുസ്വരതയും വിശാലമായി കാണുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ അതിനും തയ്യാറാകണം. രാമായണം ഹിന്ദുക്കള്‍ തട്ടിക്കൊണ്ട് പോകുന്നുവെന്ന ചിന്തയില്‍, വെളിപാടില്‍ ചിലര്‍ രാമായണ മാസാചരണത്തിന് ഒരുങ്ങുകയാണെന്നും ജോയ് മാത്യു കുറ്റപ്പെടുത്തി.
രാമായണവും മഹാഭാരതവും ഏതെങ്കിലും ഒരുമാസം വായിക്കേണ്ട ഗ്രന്ഥങ്ങളല്ല. ജീവിതത്തിന്റെ സന്ദിഗ്ധ ഘട്ടങ്ങളില്‍ നമുക്ക് വഴിവിളക്കാകുന്ന ഗ്രന്ഥങ്ങളാണിവ. വീണ്ടും വീണ്ടും വായിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ഇതിഹാസ കൃതികളെ പ്രദാനം ചെയ്ത സംസ്‌കാരത്തിന് മുമ്പില്‍ നമസ്‌കരിക്കുകയാണെന്നും ജോയ് മാത്യു പറഞ്ഞു.
ഇടതുപക്ഷ നിലപാടുകളോട് അനുഭാവം പുലര്‍ത്തുന്ന ജോയ് മാത്യു ആര്‍.എസ്.എസ് പരിപാടികളില്‍ പങ്കെടുത്തത് വിവാദമായിരുന്നു. തുടര്‍ന്നാണ് വിഷയത്തില്‍ വിശദീകരണവുമായി അദ്ദേഹം എത്തിയത്.
ആര്‍.എസ്.എസിന്റെ ബാലഗോകുലത്തില്‍ ജോയ് മാത്യുവിന് എന്ത് കാര്യമെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ഉയര്‍ത്തിയ ചോദ്യം.
കാവി നിറത്തിലുള്ള വസ്ത്രം ധരിച്ച് ബാലഗോകുലത്തിന്റെ പരിപാടിയില്‍ പങ്കെടുത്തതാണ് ചിലരെ ചൊടിപ്പിച്ചത്. ജോയ് മാത്യൂ ഫാഷിസത്തെ അതിന്റെ മടയില്‍ ചെന്ന് നേരിടുകയാണെന്നും ചിലര്‍ വിമര്‍ശിച്ചിരുന്നു.
സി.പി.ഐ.എം അടക്കമുള്ള മുഖ്യധാര ഇടതുപക്ഷ പാര്‍ട്ടികളെ രൂക്ഷമായി വിമര്‍ശിക്കുമ്പോളും ഇടതുപക്ഷ, മതനിരപേക്ഷ, പുരോഗമന നിലപാടുകളോട് അനുഭാവം പുലര്‍ത്തുന്നയാള്‍ എന്ന രീതിയിലാണ് ജോയ് മാത്യുവിന്റെ സോഷ്യല്‍മീഡിയ ഇടപെടല്‍.
തന്റെ നക്‌സല്‍ ജീവിതകാലത്തെ ജോയ് മാത്യു വിമര്‍ശകരെ പ്രതിരോധിക്കാനായി ഉപയോഗിക്കാറുമുണ്ട്.