ഇന്നസെന്റും മുകേഷും ഗണേഷ് കുമാറും എന്ത് പറയുമെന്നാണ് നോക്കുന്നത്; തന്റെ പ്രതികരണം അതിന് ശേഷമെന്നും ജോയ് മാത്യു
Kerala News
ഇന്നസെന്റും മുകേഷും ഗണേഷ് കുമാറും എന്ത് പറയുമെന്നാണ് നോക്കുന്നത്; തന്റെ പ്രതികരണം അതിന് ശേഷമെന്നും ജോയ് മാത്യു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th June 2018, 11:30 am

കൊച്ചി: ദിലീപിനെ എ.എം.എം.എയിലേക്ക് തിരിച്ചെടുത്തതിന് പിന്നാലെ നാല് നടിമാര്‍ സംഘടന അംഗത്വം രാജിവെച്ചതിനെ കുറിച്ച് സംഘടനയുടെ മുന്‍ പ്രസിഡന്റും ഇടതുപക്ഷ എം.പിയുമായ ഇന്നസെന്റും എം.എല്‍.എമാരായ മുകേഷും ഗണേഷ് കുമാറും നിലപാട് വ്യക്തമാക്കണമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു.

വിഷയത്തില്‍ ഇവര്‍ക്ക് പറയാനുള്ളത് കേട്ട ശേഷം തന്റെ നിലപാട് പറയാമെന്നും ജോയ് മാത്യു ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.


Dont Miss ആക്രമിക്കപ്പെട്ട നടിയുടെ അവസരം നഷ്ടപ്പെടുത്തിയിട്ടില്ല; പുറത്താക്കിയത് രേഖാമൂലം അറിയിച്ചിട്ടല്ലെന്നും ദിലീപ്


എ.എം.എം.എയില്‍ നിന്നും രാജിവെച്ച് പുറത്തുപോയ നടികളെ അനുമോദിച്ചും പിന്തുണച്ചും മുതിര്‍ന്ന കമ്മ്യൂണിസ്‌റ് നേതാവായ വി.എസ് അച്യുതാനന്ദനും പാര്‍ട്ടി സഖാക്കളായ എം.എ ബേബിയും ധനകാര്യ മന്ത്രി തോമസ് ഐസക്കും കാനം രാജേന്ദ്രനും ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഇനി സംഘടനയിലുള്ള ഇടത് നേതാക്കളാണ് നിലപാട് വിശദീകരിക്കേണ്ടതെന്നും ജോയ് മാത്യു പറയുന്നു.

ഞാന്‍ കൂടി തൊഴിലെടുക്കുന്ന മേഖലയിലെ ഒരു സംഘടനയാണ് ഇത്. അതില്‍ മുതലാളിമാര്‍ മുതല്‍ ക്ലാസ് ഫോര്‍ ജീവനക്കാര്‍ വരെയുണ്ട്. നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളെപ്പോലെയൊക്കെത്തന്നെ അംഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഒരു സംഘടനയാണ് അത്.


കുഞ്ഞനന്തന് പാര്‍ട്ടിയില്‍ തുടരാമെങ്കില്‍ ദിലീപിന് അമ്മയിലുമാവാം, ആര്‍ക്കാണെതിര്‍പ്പ്?


സംഘടനക്കുള്ളിലെ പ്രശ്‌നങ്ങള്‍ സംഘടനക്കുള്ളില്‍ അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയും പരിഹരിക്കുകയും ചെയ്യലാണല്ലോ ജനാധിപത്യരീതി. രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങി പത്രപ്രവത്തക യൂണിയനില്‍ വരെ നടക്കുന്ന കാര്യങ്ങള്‍ സംഘടനക്കു പുറത്ത് ചര്‍ച്ച ചെയ്യാറില്ലല്ലോ. ഇതും അതുപോലെ കണ്ടാല്‍ മതി.

സംഘടനയില്‍ വിശ്വാസമില്ലാത്തവര്‍ക്ക് രാജിവെക്കുന്നതിനും അവകാശമുണ്ട് അങ്ങിനെ “”അമ്മ”” യിലെ നാല് അംഗങ്ങള്‍ രാജി വെച്ചതിന്റെ പശ്ചാത്തലത്തില്‍ എന്റെ പ്രതികരണം എന്തുകൊണ്ട് വന്നില്ല എന്ന് സ്വാഭാവികമായും എന്നെ അറിയുന്നവരും ചൊറിയുന്നവരും ചോദിച്ചെന്നും അതിന്റെ മറുപടിയാണ് ഇതെന്നും ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ജോയ്മാത്യുവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

ദാ ഇപ്പൊ ശരിയാക്കിത്തരാം””എന്നത് സിനിമയിലെ കുതിരവട്ടം പപ്പുവിന്റെ ഡയലോഗ് ആയിരിക്കാം. എന്നാല്‍ അത് ശരിക്കും നമ്മളെ വിശ്വസിപ്പിച്ചത് എല്ലാം ശരിയാക്കാം എന്ന് ഇടതുപക്ഷം പറഞ്ഞപ്പോഴാണ് .

ഞാനും അത് വിശ്വസിച്ച് അതോടൊപ്പം നിന്നു. അതാണല്ലോ അതിന്റെ ഒരു ശരി “”അമ്മ”” എന്നത് ഞാന്‍ കൂടി തൊഴിലെടുക്കുന്ന മേഖലയിലെ ഒരു സംഘടനയാണ് .

അതില്‍ മുതലാളിമാര്‍ മുതല്‍ ക്ലാസ് ഫോര്‍ ജീവനക്കാര്‍ വരെയുണ്ട്. നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളെപ്പോലെയൊക്കെത്തന്നെ അംഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഒരു സംഘടനയാണ് അത് . സംഘടനക്കുള്ളിലെ പ്രശ്‌നങ്ങള്‍ സംഘടനക്കുള്ളില്‍ അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയും പരിഹരിക്കുകയും ചെയ്യലാണല്ലോ ജനാധിപത്യരീതി. രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങി പത്രപ്രവത്തക യൂണിയനില്‍ വരെ നടക്കുന്ന കാര്യങ്ങള്‍ സംഘടനക്കു പുറത്ത് ചര്‍ച്ച ചെയ്യാറില്ലല്ലോ .ഇതും അതുപോലെ കണ്ടാല്‍ മതി .


“ദിലീപിനെപ്പറ്റി ഒരു കാലത്തും നല്ല അഭിപ്രായമില്ല; പണമുള്ളതിന്റെ അഹങ്കാരമാണ് സിനിമാക്കാര്‍ക്ക്”: ജി. സുധാകരന്‍


സംഘടനയില്‍ വിശ്വാസമില്ലാത്തവര്‍ക്ക് രാജിവെക്കുന്നതിനും അവകാശമുണ്ട് അങ്ങിനെ “”അമ്മ”” യിലെ നാല് അംഗങ്ങള്‍ രാജി വെച്ചതിന്റെ പശ്ചാത്തലത്തില്‍ എന്റെ പ്രതികരണം എന്തുകൊണ്ട് വന്നില്ല എന്ന് സ്വാഭാവികമായും എന്നെ അറിയുന്നവരും ചൊറിയുന്നവരും ചോദിച്ചു.

അതിന്റെ അടിസ്ഥാനത്തില്‍ എനിക്ക് പറയുവാനുള്ളത് ഇതാണ് . നേരത്തെ ഞാന്‍ പറഞ്ഞല്ലോ എല്ലാം ശരിയാവും എന്ന് വിശ്വസിച്ച് പോയ ഒരാളെന്ന നിലക്ക് രാജിവെച്ച് പുറത്തുപോയ നടികളെ അനുമോദിച്ചും പിന്തുണച്ചും മുതിര്‍ന്ന കമ്മ്യൂണിസ്‌റ് നേതാവ് ബഹുമാനപ്പെട്ട വി.എസ് ,പാര്‍ട്ടി സഖാക്കളായ എം.എ ബേബി ,ധനകാര്യ മന്ത്രി ശ്രീ തോമസ് ഐസക് ,ശ്രീ കാനം രാജേന്ദ്രന്‍ തുടങ്ങിയവര്‍ രാജിവെച്ച നടികള്‍ക്ക് പിന്തുണയുമായി രംഗത്ത് വന്നു.

ഇത്തരത്തില്‍ സംഘടനയുടെ പ്രസിഡന്റ് കൂടിയായിരുന്ന ഇടത് പക്ഷ എം.പി യായ സഖാവ് ഇന്നസെന്റ് , ഇടതുപക്ഷ എം.എല്‍.എ മാരായ ശ്രീ മുകേഷ് , ശ്രീ ഗണേഷ് കുമാര്‍ എന്നിവര്‍ ഇക്കാര്യത്തില്‍ എന്ത് നിലപാടെടുക്കും എന്ന് ഉറ്റു നോക്കുന്ന ഒരു ക്ലാസ് ഫോര്‍ ജീവനക്കാരനാണ് ഞാന്‍ അവര്‍ എടുക്കുന്ന നിലപാട് അറിഞ്ഞിട്ടു വേണം എനിക്കൊരു തീരുമാനമെടുക്കാന്‍ താമസിയാതെ അതുണ്ടാവും എന്ന് മാത്രം ഇപ്പോള്‍ പറയാം.