| Saturday, 7th October 2023, 6:47 pm

ഒരു രാഷ്ട്രീയപാര്‍ട്ടിയെ മോശമാക്കി ചിത്രീകരിക്കണമെന്ന് കരുതി സിനിമയെടുത്താല്‍ ആ സിനിമ മോശമാകും: ജോയ് മാത്യു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഏതെങ്കിലുമൊരു പാര്‍ട്ടിയെയോ പ്രത്യേക രാഷ്ട്രീയത്തെയോ ആക്രമിക്കണമെന്ന് കരുതി ഒരു കഥ ഉണ്ടാക്കുമ്പോഴാണ് അതൊരു മോശം സിനിമയാകുന്നതെന്ന് നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു. ‘ചാവേര്‍’ സിനിമയുടെ ഭാഗമായി നടന്ന പ്രസ് മീറ്റിലാണ് ഇക്കാര്യം സംസാരിച്ചത്.

സിനിമകള്‍ക്ക് രാഷ്ട്രീയമാനം കൂടെകടന്നു വരുമ്പോള്‍ നെഗറ്റീവ് കമന്റ്‌സ് പെട്ടെന്ന് ബാധിക്കുമെന്ന് തോന്നിയിട്ടുണ്ടോയെന്ന ചോദ്യത്തിന്, നെഗറ്റീവ് വശങ്ങള്‍ താന്‍ ശ്രദ്ധിക്കാറില്ലെന്നും കമന്റുകള്‍ അധികം വായിക്കാറില്ലെന്നും അദ്ദേഹം മറുപടി പറഞ്ഞു.

‘നെഗറ്റീവ് ആസ്പെക്റ്റ്‌സ് ഞാന്‍ ശ്രദ്ധിക്കാറില്ല. ഒന്നാമത് കമന്റുകള്‍ ഞാന്‍ അധികം വായിക്കാറില്ല. കാരണം സുഖിപ്പിക്കുന്നതിനേക്കാള്‍ അതിനെ ആക്രമിക്കുന്ന കമന്റുകളെ ഉണ്ടാകുകയുള്ളു. അപ്പൊ പിന്നെ വായിച്ചിട്ട് നെഗറ്റീവ് അടിക്കേണ്ട കാര്യമില്ലല്ലോ.

അതുകൊണ്ട് കമന്റിന്റെ ഭാഗത്തേയ്ക്ക് ഞാന്‍ പോകാറില്ല. അത് ശ്രദ്ധിക്കാറില്ല. വളരെ മോശം കമന്റുകള്‍ വന്നാല്‍ അത് എടുത്തു നീക്കാന്‍ ഞാന്‍ അഡ്മിനെ ഏല്‍പ്പിച്ചിട്ടുണ്ട്. നമ്മള്‍ പോസിറ്റീവ് ആയ കാര്യങ്ങള്‍ മാത്രം കണ്ടാല്‍ മതി.

പോസിറ്റീവ് ആയ കാര്യങ്ങള്‍ കാണുമ്പോള്‍ മാത്രമാണ് നമുക്ക് നല്ല വര്‍ക്കുകള്‍ ഉണ്ടാക്കാന്‍ പറ്റുകയുള്ളു. എതെങ്കിലുമൊരു പാര്‍ട്ടിയെ ആക്രമിക്കണം അല്ലെങ്കില്‍ ഒരു പ്രത്യേക രാഷ്ട്രീയത്തെ ആക്രമിക്കണമെന്ന് കരുതി ഒരു കഥ ഉണ്ടാക്കുമ്പോഴാണ് അതൊരു മോശം സിനിമയാകുന്നത്,’ ജോയ് മാത്യു പറഞ്ഞു

‘ചാവേര്‍’ സിനിമയിലൂടെ താന്‍ പറയുന്നത് ഒരു പാര്‍ട്ടി രാഷ്ട്രീയത്തിന്റെ ഇടുങ്ങിയ ചിന്താഗതിക്ക് അപ്പുറം, മനുഷ്യര്‍ തമ്മിലുള്ള ബന്ധത്തിന്റെയും കൊടുക്കല്‍ വാങ്ങലുകളുടെയും സ്‌നേഹത്തിന്റെയുമൊക്കെ മാതൃകയാണെന്നും അതാണ് നമുക്ക് വേണ്ടതെന്നും ജോയ് മാത്യു കൂട്ടിചേര്‍ത്തു. അത് പറയാന്‍ വേണ്ടിയാണ് താന്‍ ഈ മാധ്യമം (സിനിമ) ഉപയോഗിച്ചതെന്നും ജോയ് മാത്യു പറയുന്നു.

Content Highlight: Joy Mathew About Movies

We use cookies to give you the best possible experience. Learn more