കുറേയധികം ചെയ്യാനുണ്ടെങ്കിലേ ആക്ടറാവൂ എന്നൊരു ധാരണ അഭിനേതാക്കള്‍ക്കുണ്ടെന്നും എന്നാല്‍ അത് മണ്ടത്തരമാണെന്നും നടന്‍ ജോയ് മാത്യു. ആക്ടര്‍ക്ക് പെര്‍ഫോം ചെയ്യാന്‍ ഒരു സെക്കന്റ് കിട്ടിയാല്‍ മതിയെന്നും മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ജോയ് മാത്യു പറഞ്ഞു.
‘കുറെയധികം ചെയ്യാനുണ്ടെങ്കിലേ ആക്ടറാവൂ എന്നാണ് പൊതുവേയുള്ള ധാരണ. അത് മഹാമണ്ടത്തരമാണ് എന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഒരു ആക്ടറെ സംബന്ധിച്ച് ഒരു സെക്കന്റ് കിട്ടിയാല്‍ മതി. അന്നയും റസൂലും എന്ന സിനിമയില്‍ എനിക്ക് ഒരു ഡയലോഗ് പോലുമില്ല. അത് രാജീവ് രവി എന്നെ സൗഹൃദം കൊണ്ട് വിളിക്കുന്നതാണ്.
ഷൂട്ടിന് ചെന്നപ്പോള്‍ എന്നോട് പറഞ്ഞ കഥാപാത്രമൊക്കെ വെട്ടിച്ചുരുക്കി, ഡയലോഗൊന്നുമില്ല. ഒരു ഡയലോഗോ മറ്റോ ഉണ്ട്. എന്തിനാ അത്, അതിന്റെ ആവശ്യമില്ലല്ലോ, അത് ഡബ്ബ് ചെയ്യാന്‍ ഞാന്‍ വരണ്ടേ, നമുക്ക് ഡയലോഗ് ഇല്ലാതെ ഒപ്പിക്കാം എന്ന് ഞാന്‍ രാജീവിനോട് പറഞ്ഞു.
അങ്ങനെ ഡയലോഗ് ഇല്ലാതെയാണ് ആ സിനിമയില്‍ ഞാന്‍ പെര്‍ഫോം ചെയ്തത്. രണ്ട് രംഗത്തില്‍ മാത്രമേ ഞാന്‍ വരുന്നുള്ളൂ. പക്ഷേ ആ രണ്ട് സീന്‍ ശ്രദ്ധിച്ചതുകൊണ്ടാണ് ലിജോ ജോസ് പെല്ലിശ്ശേരി ആമേനിലേക്ക് എന്നെ വിളിക്കുന്നത്. നമുക്ക് കിട്ടുന്ന സ്‌പേസ് കറക്ടായി യൂസ് ചെയ്യുക. ഇപ്പോള്‍ ഷാജി കൈലാസിന്റെ മകന്റെ പടത്തില്‍ അഭിനയിക്കാന്‍ പോകുവാണ്. അതിലെനിക്ക് ഒരു ദിവസത്തെ ഷൂട്ടേ ഉള്ളൂ. ചിലപ്പോള്‍ ഒന്നോ രണ്ടോ സീനേ കാണുകയുള്ളൂ.
സുരേഷ് ഗോപിയുടെ കൂടെ ഒരു പടത്തില്‍ അഭിനയിച്ചു. അതില്‍ ഒരു സീനേ ഉള്ളൂ. ആ ഒരു സീനില്‍ ഞാന്‍ ബിഷപ്പാണ്. സാര്‍ ചെയ്താലേ ശരിയാവുകയുള്ളൂ എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യും. എന്നില്‍ അത്രയും വിശ്വാസമുള്ളതുകൊണ്ടാണ് ഏല്‍പ്പിക്കുന്നത്. അങ്ങനെ വിശ്വസിക്കുന്നത് എനിക്കും വലിയ സന്തോഷം തരുന്നുണ്ട്. പോരാത്തതിന് ഞാന്‍ ചോദിക്കുന്ന പ്രതിഫലവും അവര്‍ തരുന്നുണ്ട്. ആനന്ദലബ്ദിക്ക് ഇനി എന്ത് വേണം,’ ജോയ് മാത്യു പറഞ്ഞു.
Content Highlight: joy mathew about lijo jose pellisseri’s movie