| Saturday, 6th July 2019, 12:55 pm

താന്‍ സൈമണ്‍ ബ്രിട്ടോ ആയാല്‍ സഖാക്കള്‍ പോലും കാണില്ലെന്ന് സംവിധായകനു മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ജോയ് മാത്യു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: സൈമണ്‍ ബ്രിട്ടോ ആയി താന്‍ അഭിനയിച്ചാല്‍ സഖാക്കള്‍പോലും കാണില്ലെന്ന് സംവിധായകനെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചെന്ന് നടന്‍ ജോയ് മാത്യു. മഹാരാജാസ് കോളേജില്‍വെച്ച് കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കഥ പറഞ്ഞ നാന്‍ പെറ്റ മകന്‍ എന്ന സിനിമയിലാണ് സൈമണ്‍ ബ്രിട്ടോ ആയി ജോയ് മാത്യു വേഷമിട്ടത്.

സംവിധായകന്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് താന്‍ ബ്രിട്ടോ ആയി വേഷമിട്ടതെന്ന് ജോയ് മാത്യു വ്യക്തമാക്കി. ചിത്രഭൂമിക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

‘പാര്‍ട്ടിക്കെതിരെ നിരന്തരം സംസാരിക്കുന്ന എന്നെക്കൊണ്ട് പാര്‍ട്ടിക്ക് അനുകൂലമായി പറയിപ്പിക്കാനുള്ള അവസരമായിട്ടാണ് ഇതിനെ കാണുന്നതെന്നാണ് സംവിധായകന്‍ പറഞ്ഞത്. സൈമണ്‍ ബ്രിട്ടോയുടെ ജീവിതം പറയുന്ന കഥാപാത്രമായി ജോയ് മാത്യു വരുന്നു എന്നറിഞ്ഞപ്പോള്‍ത്തന്നെ പോരാളികള്‍ ഉണര്‍ന്നു. വേറെ ആരെയും കിട്ടിയില്ലേ എന്നാണ് അവരാദ്യം സംവിധായകനോടു ചോദിച്ചത്. എന്റെ ഫേസ്ബുക്ക് പേജിലും കമന്റുകളുടെ പൂരമായിരുന്നു.

സിനിമയെ സിനിമയായി കാണാന്‍ കഴിയാത്തവര്‍ക്കാണ് അസഹിഷ്ണുത ഉണ്ടാകുന്നത്. പുന്നപ്ര വയലാര്‍ സമരത്തില്‍ തൊഴിലാളികളെ തല്ലിച്ചതച്ച ക്രൂരനായ പൊലീസ് ഓഫീസര്‍ സത്യനാണ് പിന്നീട് സിനിമയില്‍ ഏറ്റവും മികച്ച തൊഴിലാളി നേതാവിന്റെ വേഷത്തില്‍ എത്തിയത്. അതെല്ലാം അന്ന് അംഗീകരിക്കാന്‍ കഴിഞ്ഞു. ഇന്നു കാര്യങ്ങള്‍ പ്രശ്‌നമാണ്.’- അദ്ദേഹം പറഞ്ഞു.

ജയറാം, വിജയ് സേതുപതി എന്നിവര്‍ ഒന്നിക്കുന്ന മാര്‍ക്കോണി മത്തായിയാണ് ജോയ് മാത്യുവിന്റെ അടുത്ത സിനിമ. സനില്‍ കളത്തിലാണ് സംവിധാനം. ടൊവിനോ തോമസ് നായകനാകുന്ന എടക്കാട് ബറ്റാലിയന്‍, എം.എ നിഷാദ് സംവിധാനം ചെയ്യുന്ന തെളിവ്, ദുബായില്‍ ചിത്രീകരിച്ച ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്നിവയാണ് പുറത്തിറങ്ങാനുള്ള മറ്റ് സിനിമകള്‍.

We use cookies to give you the best possible experience. Learn more